6 മാസം ഹൃദയമില്ലാതെ ജീവിച്ചയാള്‍ മരിച്ചു
പ്രാഗ്: ഹൃദയമില്ലാതെ ആറു മാസത്തിലധികം ജീവിച്ച യുവാവ് ഒടുവില്‍ മരണത്തിന് കീഴടങ്ങി. ചെക് റിപ്പബ്ലിക്ക് ജാക്കൂബ് ഹാലിക്(37) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ജാക്കൂബിന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് യന്ത്ര പമ്പുകള്‍ വച്ചു പിടിപ്പിച്ചിരുന്നു. എന്നാല്‍ കൃതൃമ ഹൃദയത്തിന്റെ തകരാറ് മൂലമല്ല ജാക്കൂബ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കരള്‍ രോഗമാണ് യുവാവിന്റെ ജീവന്‍ കവര്‍ന്നെടുത്തതെന്നാണ് ഇവര്‍ പറയുന്നത്.
അര്‍ബുദ ബാധയെ തുടര്‍ന്നാണ് ജാക്കൂബിന്റെ ഹൃദയം നീക്കം ചെയ്തത്. അപ്പോള്‍ തന്നെ അവയവമാറ്റ ശസ്ത്രക്രിയ നടത്താന്‍ ആലോചിച്ചിരുന്നെങ്കിലും അവയവ മാറ്റത്തിനുള്ള മരുന്നുകളോട് ജാക്കൂബിന്റെ ശരീരം പ്രതികരിച്ചില്ല. ഇതെ തുടര്‍ന്നാണ് ശസ്ത്രക്രിയ നീട്ടി വച്ചത്. പകരം യന്ത്ര പമ്പുകള്‍ വച്ചുപിടിപ്പിയ്ക്കുകയും ചെയ്തു.
പമ്പിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ബാറ്ററികളും നെഞ്ചില്‍ പേറിയാണ് ജാക്കൂബ് ആറുമാസം ജീവിച്ചത്. എന്നാല്‍ ഇയാള്‍ പൂര്‍ണ്ണ ആരോഗ്യവാനായാണ് കാണപ്പെട്ടിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ജാക്കൂബിന് നടക്കുന്നതിനൊന്നും പ്രയാസമുണ്ടായിരുന്നില്ല. ഇടയ്ക്ക് ഇയാള്‍ ആശുപത്രിയിലെ ജിമ്മും ഉപയോഗിച്ചിരുന്നു.
കരളിന്റെ പ്രവര്‍ത്തനവും തകരാറിലായതോടെ ജാക്കൂബിന് കരള്‍മാറ്റ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ ആലോചിച്ചിരുന്നു. ഇതിനായി പറ്റിയ ദാതാവിനെ അന്വേഷിച്ചു വരുന്നതിനിടയിലാണ് ജാക്കൂബ് മരണത്തിന് കീഴടങ്ങിയത്.












Click it and Unblock the Notifications