യുവതിയെ സിംഗപ്പൂരിലേക്ക് മാറ്റിയത് വിവാദമാകുന്നു
ദില്ലി: കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് മാറ്റിയത് സര്‍ക്കാറിന്റെ രാഷ്ട്രീയനീക്കമെന്ന് വ്യക്തമാകുന്നു. രാജ്യത്തെ പ്രമുഖ ഡോക്ടര്‍മാരാരും തന്നെ സിംഗപ്പൂരിലേക്കുള്ള യാത്രയെ അംഗീകരിച്ചിരുന്നില്ലെന്ന് രാജ്യത്തെ പ്രധാന പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സഫ്ദര്‍ജങ് ആശുപത്രിയിലോ ദില്ലിയിലെ മറ്റേതെങ്കിലും മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലോ പെണ്‍കുട്ടി ചികിത്സയിലിരിക്കുന്നത് അത്യന്തം 'അപകടമാണെന്ന' നിലപാടാണ് സര്‍ക്കാറിനുള്ളത്. നിര്‍ഭാഗ്യവശാല്‍ പെണ്‍കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ദില്ലിയില്‍ പ്രക്ഷോഭത്തിന്റെ കൊടുങ്കാറ്റ് തന്നെയുണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളും സര്‍ക്കാറിന്റെ തീരുമാനത്തിന് ആക്കം കൂട്ടി. സര്‍ക്കാറിന്റെ പ്രലോഭനത്തിനു മുന്നില്‍ പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങള്‍ വഴങ്ങിയെന്നു വേണം കരുതാന്‍.

നിലവിലുള്ള ശാരീരിക അവസ്ഥയില്‍ പെണ്‍കുട്ടിയെ എങ്ങോട്ടെങ്കിലും മാറ്റുന്നത് അങ്ങേയറ്റം അപകടകരമാണെന്ന റിപ്പോര്‍ട്ടാണ് ഡോക്ടര്‍മാരുടെ പാനല്‍ നല്‍കിയത്. ഹൃദയസ്തംഭനത്തിനോ ബ്ലഡ് പ്രഷര്‍ അപകടകരമായ വിധം താഴാനോ സാധ്യതയുണ്ടെന്ന് എഐഐഎംഎസിലെ ഡോ എംസി മിശ്രയെ പോലുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു. എയര്‍ ആംബുലന്‍സില്‍ കുട്ടിയ്‌ക്കൊപ്പമുണ്ടായിരുന്നവര്‍ രക്തസമ്മര്‍ദ്ദം ക്രമാതീതമായി താഴ്ന്നിരുന്നുവെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുമുണ്ട്.
സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ആദ്യത്തെ ജോലിയും ഈ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കലായിരുന്നു. ഇപ്പോള്‍ ഐസിയുവിലുള്ള കുട്ടി അത്യന്തം ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി സിഇഒ ഡോ കെല്‍വിന്‍ ലോ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
രക്തത്തിലും ശരീരത്തിലും അണുബാധയും കടുത്ത പനിയുമുള്ള അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയെ എന്തിനാണ് സിംഗപ്പൂരിലേക്ക് മാറ്റിയതെന്ന് മനസ്സിലാകുന്നില്ല. സഫ്ദര്‍ജങില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ചികിത്സയില്‍ എന്തെങ്കിലും കുറവുണ്ടായിട്ടല്ല ഈ മാറ്റം. പിന്നെ എന്തിനാണ്?-ശ്രീ ഗംഗാറാം ആശുപത്രിയിലെ സമിറാന്‍ നന്തി ചോദിക്കുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രിമാരെ വരെ ഇവിടെ ചികിത്സിയ്ക്കുന്നുണ്ട്. സിംഗപ്പൂരിലേക്ക് കൊണ്ടു പോയതുകൊണ്ട് ഇന്ത്യയിലില്ലാത്ത എന്ത് അധിക സേവനമാണ് ലഭിക്കുന്നതെന്ന് അറിയില്ല. എല്ലാവരും ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരുന്ന കാലമാണ്. ലോകത്ത് ലഭ്യമായ ഒട്ടുമിക്ക സേവനങ്ങളും ഇവിടെയുണ്ട്-എഐഐഎംസിലെ ഒരു സീനിയര്‍ ഡോക്ടര്‍ അറിയിച്ചു.
അവയവ മാറ്റ ശസ്ത്രക്രിയയാണ് ലക്ഷ്യമെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്തരമൊരു ചോദ്യം പോലും ഉയരുന്നില്ല. കുട്ടിയുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു ഡോക്ടര്‍മാരുടെയും സര്‍ക്കാറിന്റെയും പ്രഥമ കടമ. സിംഗപ്പൂരില്‍ വെച്ച് കുട്ടിയ്‌ക്കെന്തെങ്കിലും സംഭവിച്ചാല്‍ ജനങ്ങള്‍ സര്‍ക്കാറിനെതിരേ കാര്യമായി തിരിയില്ലെന്ന രാഷ്ട്രീയബുദ്ധിയാണ് ഇതിനു പിന്നിലെന്നു വേണം കരുതാന്‍.












Click it and Unblock the Notifications