മിര്‍ ഹസര്‍ ഖാന്‍ പാക് ഇടക്കാലപ്രധാനമന്ത്രി
ഇസ്ലാമാബാദ്: മുന്‍ ജഡ്ജി മിര്‍ ഹസര്‍ ഖാന്‍ ഖോസോ പാകിസ്താനിലെ ഇടക്കാല പ്രധാനമന്ത്രിയായി അധികാരമേല്‍ക്കും. രണ്ടു ദിവസം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സമവായത്തിലെത്താത്തതിനെ തുടര്‍ന്ന് ഭൂരിപക്ഷ പരിഗണന നല്‍കിയാണ് പാകിസ്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.
84കാരനായ മിര്‍ ഹസര്‍ ഖാനെ കൂടാതെ മുന്‍ സ്റ്റേറ്റ് ബാങ്ക് ഗവര്‍ണര്‍ ഡോ ഇഷ്‌റത്ത് ഹുസൈന്റെ പേരും ഭരണകക്ഷിയായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി മുന്നോട്ടുവെച്ചിരുന്നു. പാകിസ്താന്‍ മുസ്ലീം ലീഗ് മുന്‍ ജഡ്ജി നാസിര്‍ അസ്ലം സഹീദിന്റെയും സിന്ധ് നേതാവ് റസുല്‍ ബക്ഷ് പലെജോയുടെയും പേരാണ് നിര്‍ദ്ദേശിച്ചത്.

രണ്ടു കക്ഷികളും ധാരണയിലെത്തുന്നതില്‍ പരാജയപ്പെട്ടതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. മെയ് 11ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തിന്റെ ഭരണം ഇടക്കാലസര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതുണ്ട്.
അഞ്ചംഗം തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഒരംഗമൊഴികെ ബാക്കിയെല്ലാവരും മിര്‍ ഹസര്‍ ഖാന്റെ പേര് അംഗീകരിച്ചതായി ചീഫ് ഇലക്ഷന്‍ കമ്മീഷന്‍ റിട്ടയേര്‍ഡ് ജസ്റ്റീസ് ഫക്രുദ്ദീന്‍ ജി ഇബ്രാഹീം അറിയിച്ചു. നിയമനത്തിന് രാഷ്ട്രപതി ആസിഫ് അലി സര്‍ദാരിയുടെ ഔദ്യോഗിക അനുമതി ലഭിച്ചുകഴിഞ്ഞാല്‍ ഖോസോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. നിയുക്ത ഭരണാധികാരിയെ പ്രധാനമന്ത്രി രാജ പര്‍വേസ് അഷറഫ് അഭിനന്ദിച്ചു.












Click it and Unblock the Notifications