നിതിഷ്കുമാറിന്‍റെ തട്ടകത്തിലെത്താന്‍ മോഡി റെഡി
പാട്‌ന: ബിഹാറിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന റാലിയില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കാന്‍ സാധ്യത. ബിഹാര്‍ മുഖ്യമന്ത്രിയായ നിതിഷ് കുമാര്‍ തന്റെ രാഷ്ട്രീയ സാമ്രാജ്യമായ ബിഹാറില്‍നിന്ന് മോഡിയെ അകറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ ഇനി അത് സാധ്യമല്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
ഹങ്കര്‍ റാലി എന്ന പേരില്‍ ബിജെപി സംഘടിപ്പിക്കുന്ന റാലിയില്‍ മോഡി പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് ബിജെപി വക്താവ് രാജിവ് പ്രതാപ് പറയുന്നത്.ഒക്ടോബര്‍ 27 നാണ് റാലി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

റാലിക്കായ് മോഡിയെ ക്ഷണിക്കാന്‍ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. എന്നാല്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇപ്പോള്‍ പറയാനാകില്ലെന്നും രാജിവ് പ്രതാപ് വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാന്‍ മോഡിക്ക് അധികാരം ഉണ്ടെന്നും ഇത്തരത്തില്‍ അദ്ദേഹം ബിഹാര്‍ സന്ദര്‍ശിക്കാനെത്തിയാല്‍ സ്വാഗതം ചെയ്യുമെന്നും രാജിവ് പ്രതാപ് പറഞ്ഞു.മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും മോഡിയെ ക്ഷണിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനം ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പാട്‌നയില്‍ നടക്കുന്ന സമ്മേളനത്തില്‍ മോഡി പങ്കെടുത്താലും ഇല്ലെങ്കിലും ബിഹാറിലെ ഭരണം ഒറ്റയ്ക്ക് നേടാനാണ് ബിജെപിയുടെ ശ്രമം.












Click it and Unblock the Notifications