മൂന്നാം മൂന്നണി രൂപീകരണനീക്കങ്ങള്‍ സജീവം
ദില്ലി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മൂന്നാം മുന്നണി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. ബീഹാര്‍ മുഖ്യമന്ത്രിയും ജെഡി-യു നേതാവുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പാര്‍്ട്ടിയുടെ മുതിര്‍ന്ന നേതാക്കളാണ് മൂന്നാം മുന്നണി രൂപീകരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരിക്കുന്നത്.
എന്‍ഡിഎ വിടുക പിന്നാലെ പശ്ചിമബംഗാള്‍, ഒഡീഷ മുഖ്യമന്ത്രിമാരെ കൂടെക്കൂട്ടി മൂന്നാം മുന്നണിയ്ക്ക് രൂപം നല്‍കുക ഇക്കാര്യങ്ങളാണ് ബുധനാഴ്ച പട്‌നയില്‍ ചേര്‍ന്ന യോഗത്തില്‍ ജെഡി-യു നേതാക്കള്‍ ചര്‍ച്ച ചെയ്തത്.

നേരത്തേ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണ സമിതി അധ്യക്ഷനായി നിയോഗിച്ചതില്‍ പ്രതിഷേധിച്ച് ജെഡി-യു എന്‍ഡിഎ വിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മൂന്നാം മുന്നണി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുന്നത്. നിതീഷ് കുമാര്‍ നടത്തുന്ന സേവാ യാത്ര അവസാനിച്ചാല്‍ ഉടന്‍ എന്‍ഡിഎ വിടുന്ന കാര്യം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജെഡി-യുവിനെ അനുനയിപ്പിക്കാന്‍ ബിജെപി ഉടന്‍ ശ്രമം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
യോഗത്തിന് ശേഷം നീതീഷ് കുമാര്‍ ഇതുസംബന്ധിച്ച് ഒഡിഷ മുഖ്യനും ബിജു ജനതാദള്‍ അധ്യക്ഷനുമായ നവീന്‍ പട്‌നായികുമായി ഫോണില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. അതേസമയം തന്നെ ജനതാദള്‍ യുണൈറ്റഡ് ജനറല്‍ സെക്രട്ടറി കെസി ത്യാഗി കൊല്‍ക്കത്തയിലെത്തി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയുമായും മൂന്നാം മുന്നണി രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തിയിട്ടുണ്ട്.
ത്യാഗിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം മമത ബാനര്‍ജി തങ്ങള്‍ മൂന്നാം മുന്നണി രൂപീകരണത്തിനായി ശ്രമിക്കുകയാണെന്ന് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ നവീന്‍ പട്‌നായിക്, നിതീഷ് കുമാര്‍ എന്നിവരുമായി താന്‍ ചര്‍ച്ചകള്‍ നടത്തിയകാര്യവും മമത മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്.
കോണ്‍ഗ്രസിനും ബിജെപിയ്ക്കും എതിരെ ശക്തമായ ഒരു ബദലുണ്ടാക്കാനുള്ള ശ്രമമാണ് അണിയറയില്‍ വീണ്ടും സജീവമായിരിക്കുന്നത്. പക്ഷേ മൂന്നാം മുന്നണി രൂപീകരിക്കാനുള്ള മമതയുടെ ശ്രമം ഫലവത്താകില്ലെന്നാണ് സിപിഎം പറയുന്നത്. ഇക്കാര്യത്തില്‍ മമതകാണുന്നത് വെറും ദിവാസ്വപ്‌നമാണെന്നാണ് സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications