തെലുങ്കാന കോണ്‍ഗ്രസിന് നഷ്ടക്കച്ചവടമോ
ദില്ലി: തെലുങ്കാന സംസ്ഥാന രൂപീകരണം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പാര്‍ട്ടിക്കകത്ത് തന്നെ തലുങ്കാന സംസ്ഥാനം രൂപീകരിക്കണം എന്ന ആവശ്യക്കാര്‍ നിരവധിയാണ്. എന്നാല്‍ പുതിയ സംസ്ഥാനം വന്നാല്‍ അടുത്ത തിരഞ്ഞെടുപ്പിനെ അതെങ്ങനെ ബാധിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ അന്തിമ തീരുമാനത്തിനുള്ള കത്തിരിപ്പിലാണ് ഇരു വിഭാഗക്കാരും.

അടുത്ത പാര്‍ലമെന്റ് സമ്മളനത്തിന് മുമ്പായി പ്രവര്‍ത്തക സമിതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കും എന്ന് തന്നെയാണ് കരുതപ്പെടുന്നത്.
അന്ധ്രയില്‍ നിന്ന് തെലുങ്കാനയെ അടര്‍ത്തിയെടുത്താന്‍ അത് കോണ്‍ഗ്രസിന്റെ വന്‍ വീഴ്ചക്ക് വഴിവെക്കുമെന്നാണ് തെലുങ്കാന വിരുദ്ധരുടെ അഭിപ്രായം. തെലുങ്കാന രാഷ്ട്ര സമിതിക്ക് മാത്രമായിരിക്കും സംസ്ഥാന രൂപീകരണം കൊണ്ട് ഗുണമുണ്ടാവുകയുളളു എന്നും ഇവര്‍ വിലയിരുത്തുന്നു. എന്നാല്‍ സംസ്ഥാന രൂപീകരണം വൈകുന്തോറും പ്രദേശത്ത് കോണ്‍ഗ്രസ്സിനുള്ള സ്വാധീനം നഷ്ടമാകുമെന്നാണ് മറുപക്ഷത്തിന്റെ വാദം. പ്രദേശത്ത് കോണ്‍ഗ്രസ്സിന്റെ പിടി അയയുമ്പോള്‍ രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗ്മോഹന്‍ റെഡ്ഡി നയിക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്വാധീനമുറപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും പാര്‍ട്ടിയില്‍ ആരോപണമുണ്ട്.
ആന്ധ്രയുടെ തീരദേശ മേഖലയില്‍ 123 അസംബ്ലി മണ്ഡലങ്ങളും 17 ലോക്‌സഭാ മണ്ഡലങ്ങളും ആണ് ഉള്ളത്. അതുപോലെ രയലസീമ മേഖലയില്‍ 52 അസംബ്ലി മണ്ഡലങ്ങളും 8 പാര്‍ലമെന്റ് മണ്ഡലങ്ങളും ഉണ്ട്. പുതിയ സംസ്ഥാനം വേണ്ട എന്ന് കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ ഈ രണ്ട് പ്രദേശങ്ങളും പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ പ്രതീക്ഷ. 117 അസംബ്ലി മണ്ഡലങ്ങളും 17 പാര്‍ലമെന്റ് മണ്ഡലങ്ങളും ഉള്ള തെലുങ്കാനയെ തൃപ്തിപ്പെടുത്തുന്നതിനേക്കാള്‍ നല്ലത് മറ്റ് രണ്ട് പ്രദേശങ്ങളെ കൂടെ നിര്‍ത്തുന്നതാണെന്നും ഇവര്‍ കരുതുന്നു.
പ്രത്യേക സംസ്ഥാനം രൂപവത്കരിക്കുന്നത് പ്രദേശത്ത് മാവോയിസം വളരാന്‍ കാരണമായേക്കുമെന്ന് ആന്ധ്ര മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ഇതിനകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തിന്റെ പ്രകൃതി വിഭവങ്ങളുടെ വിഭജനം വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കുന്നു.
ഇക്കാരണങ്ങള്‍കൊണ്ടൊക്കെത്തന്നെ കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വം ആശയക്കുഴപ്പത്തിന്റെ പടുകുഴിയില്‍ ആണ്. തെലുങ്കാന വിഷയം കോണ്‍ഗ്രസ്സില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ വര്‍ഷങ്ങള്‍ പലതായി. പലഘട്ടങ്ങളില്‍ തീരുമാനം ഉടനെന്ന് പ്രഖ്യാപിച്ച പാര്‍ട്ടിക്ക് ഇതുവരെ ഒന്നും ചെയ്യാനായിട്ടില്ലെന്നതാണ് സത്യം.












Click it and Unblock the Notifications