മുസ്ലീം സ്ത്രീകള്‍ക്കായി ശരിയത് കോടതി വരുന്നു
ഭോപ്പാല്‍:ഖാസിമാരും, മുഫ്തിമാരും മൗലവിമാരുമൊക്കെ ഉണ്ടാക്കുന്ന തീര്‍പ്പുകളില്‍ അസംതൃപ്തരായ മുസ്ലീം വനിതകള്‍ രാജ്യത്ത് ശരിയത് കോടതി സ്ഥാപിക്കാനൊരുങ്ങുന്നു. ഭാരതീയ മുസ്ലീം മഹിള ആന്ദോളന്‍(ബിഎംഎംഎ) ആണ് മുസ്ലീം സ്ത്രീകള്‍ക്ക് മാത്രമായി ഖുര്‍ ആനിന്റെ വഴിയില്‍ കോടതി സ്ഥാപിക്കുന്നത്.

ആദ്യഘട്ടമായി തമിഴ്‌നാട്ടിലെ ഡിന്‍ഡിഗല്‍, മുംബൈ, പൂന, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ കോടതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 2013 ജൂലായ് 6 നായിരുന്നു ഇത്. ആറുമാസം കൊണ്ട് മധ്യപ്രദേശ്, ബംഗാള്‍, ഒറീസ്സ, ഉത്തര്‍പ്രദേശ്, ബീഹാര്‍, കര്‍ണാടക, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലും ഇത്തരം കോടതികള്‍ സ്ഥാപിക്കുമെന്ന് ബിഎംഎംഎ ഭാരവാഹികള്‍ പറയുന്നു.
മുസ്ലീം സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകള്‍ മാത്രമേ കോടതി പരിഗണിക്കു. പ്രധാനമായും തലാക്ക്(വിവാഹ മോചനം) സംബന്ധിച്ച പ്രശ്‌നങ്ങളില്‍ പെട്ടെന്ന് തീര്‍പ്പുകല്‍പിക്കുക എന്നതാണ് ലക്ഷ്യമെന്ന് സംഘടന പറയുന്നു.
മുസ്ലീം സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന ഒരു മതേതര സംഘടന എന്നാണ് ബിഎംഎംഎ സ്വയം വിശേഷിപ്പിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഖുര്‍ ആന്‍ സ്ത്രീകള്‍ക്ക നല്‍കുന്ന അവകാശങ്ങളെ കുറിച്ച് 20 വനിതകളെ ബോധവത്കരിക്കും. പിന്നീട് ഇവര്‍ വഴിയാകും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
ഇപ്പോള്‍ തന്നെ രാജ്യത്തിന്റെ പലഭാഗത്ത് നിന്ന് നിരവധി പരാതികളാണ് തങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നതെന്ന് ബിഎംഎംഎ മധ്യപ്രദേശ് കമ്മിറ്റിയുടെ കണ്‍വീനര്‍ സഫിയ അക്തര്‍ പറയുന്നു. ഇതില്‍ അധികവും വിവാഹ മോചനം സംബന്ധിച്ചവയാണ്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് പലപ്പോഴും ജീവനാംശം പോലും കിട്ടുന്നില്ലെന്ന് സഫിയ പറയുന്നു. ഒരു ഫോണ്‍ വിളിയിലൂടെയോ, എസ്എംഎസിലൂടെയോ ഭാര്യയെ മൊഴിചൊല്ലുന്ന കേസുകള്‍ നിരവധിയാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും, വിവാഹ മോചനത്തിന് ഖുര്‍ ആന്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ പൂര്‍ണമായും പാലിക്കപ്പെടണമെന്നും സഫിയ അക്തര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് മാത്രമുള്ള ശരിയത് കോടതി ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.












Click it and Unblock the Notifications