മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിച്ചെന്ന് സിന്‍ഹ

ദില്ലി: നരേന്ദ്ര മോഡിയെക്കുറിച്ചുള്ള തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് സിനിമ താരവും ബിജെപി എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ. മോഡിയേക്കാള്‍ ജനപ്രിയന്‍ അമിതാഭ് ബച്ചനാണെന്നും പ്രധാനമന്ത്രിയാകാന്‍ ജെഡി(യു) നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ എന്ത്‌കൊണ്ടും യോഗ്യനാണ് എന്നുമൊക്കെയായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞിരുന്നത്.
സംഭവം വിവാദമായതോടെ ബിജെപി നേതാക്കളായ രാജീവ് പ്രതാപ് റൂഡിയും യശ്വന്ത് സിന്‍ഹയും ഷാനവാസ് ഹുസ്സൈനും ചേര്‍ന്ന് ശത്രുഘ്‌നന്‍ സിന്‍ഹയുമായി ചര്‍ച്ചക്കെത്തി. അദ്വാനിയുടെ വീട്ടില്‍ വച്ച് നടന്ന് പാര്‍ട്ടിയുടെ പാര്‍ലമെന്ററി എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷമായിരുന്നു കൂടിക്കാഴ്ച.
ഇനിമുതല്‍ മോഡിക്കെതിരെ പ്രസ്താവനകള്‍ നടത്തില്ലെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ ഉറപ്പ് കൊടുത്തതായാണ് വിവരം. ഞാന്‍ ബിജെപി പ്രവര്‍ത്തകനാണ്. പാര്‍ട്ടിക്ക് വേണ്ടി ഇനിയും പ്രവര്‍ത്തിക്കും. മാധ്യമങ്ങള്‍ തന്റെ പ്രസ്താവന വളച്ചൊടിച്ചതാണ് എന്നൊക്കെ പിന്നീട് സിഎന്‍എന്‍-ഐബിഎന്‍ ചാനലിലോട് ശത്രുഘ്‌നന്‍ സിന്‍ഹ പറയുകയും ചെയ്തു.
നരേന്ദ്ര മോഡിയാണ് ഇന്ത്യയിലെ ഏറ്റവും ജനസമ്മതനായ നേതാവ് എന്ന് ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് പറഞ്ഞതിനെ പരിഹസിച്ചായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹ ആദ്യം രംഗത്ത് വന്നത്. ജനസമ്മതി മാത്രം മാനദണ്ഡമാക്കരുതെന്നായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹ മറുപടി പറഞ്ഞത്. ഇനി ജനസമ്മതിയാണ് മാനദണ്ഡമെങ്കില്‍ അമിതാഭ് ബച്ചനെയാണ് പ്രധാനമന്ത്രിയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അദ്വാനിയാകണം ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും സിന്‍ഹ പറഞ്ഞിരുന്നു. അദ്വാനിയുടെ അനുഗ്രഹമില്ലാതെ നരേന്ദ്ര മോഡിക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞിരുന്നു.












Click it and Unblock the Notifications