മുങ്ങിക്കപ്പല്‍ അപകടം;ഇരുട്ടില്‍ തപ്പുന്ന നേവി
മുംബൈ: ഇന്ത്യന്‍ നാവിക സേനയുടെ മുങ്ങിക്കപ്പല്‍ സിന്ധു രക്ഷകില്‍ കുടുങ്ങിയ സൈനികര്‍ ആരും തന്നെ രക്ഷപ്പെട്ടിരിക്കാന്‍ ഇടയില്ലെന്ന് നാവിക സേന വ്യക്തമാക്കി. സ്‌ഫോടനത്തെത്തുടര്‍ന്ന് തീപിടിച്ച മുങ്ങിയ മുങ്ങിക്കപ്പലില്‍ നിന്ന് ഇതുവരെ അഞ്ച് മൃതദേഹങ്ങള്‍ മാത്രമാണ് പുറത്തെടുക്കാനായത്. നാവിക സേനയുടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവരെ താളം കണ്ടെത്താനായിട്ടില്ല.
2013 ആഗസ്റ്റ് 13 ചൊവ്വാഴ്ചയാണ് മുങ്ങിക്കപ്പലില്‍ സ്‌ഫോടനമുണ്ടായത്. അപകടം നടന്നിട്ട് ഇത്ര ദിവസമായിട്ടും കാര്യമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനായിട്ടില്ലെന്നത് ഇന്ത്യന്‍ നാവിക സേനക്ക് വലിയ നാണക്കേടാണ്. ഇനി രക്ഷാപ്രവര്‍ത്തനത്തിന് റഷ്യയുടെ സഹായം തേടാനൊരുങ്ങുകയാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
മൂന്ന് ഓഫീസര്‍മാര്‍ അടക്കം 18 ജീവനക്കാര്‍ ആയിരുന്നു മുങ്ങിക്കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാല് പേര്‍ മലയാളികളാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് സേനാ വൃത്തങ്ങള്‍ അറിയിച്ചു.

അപകടത്തെ തുടര്‍ന്ന് മുങ്ങക്കപ്പലിന്റെ ഉള്ളില്‍ പൂര്‍ണമായും വെള്ളം കയറിയ അവസ്ഥയില്‍ ആണെന്ന് നാവിക സേന അറിയിച്ചു. സ്‌ഫോടനത്തിന്റെ ചൂടുമൂലം ഉള്ളിലെ വെള്ളം മുഴുവന്‍ തിളച്ച അവസ്ഥയില്‍ ആയിരുന്നുവെന്നും, ചൂടും ചെളിയുമാണ് രക്ഷാ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചതെന്നും നാവിക സേനാ അധികൃതര്‍ അറിയിച്ചു.
സ്‌ഫോടനത്തില്‍ മുങ്ങിക്കപ്പലിനുള്‍വശത്ത ഉരുക്ക് കൊണ്ട് നിര്‍മിച്ച ഭാഗങ്ങള്‍ പോലും ഉരുകിപ്പോയതായാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ മൃതദേഹങ്ങള്‍ ഏത് രൂപത്തിലാണ് ലഭിക്കുകയെന്നും വലിയ നിശ്ചയമില്ല. ഈ സാഹചര്യത്തിലാണ് ഡിഎന്‍എ പരിശോധന നടത്തി മൃതദേഹങ്ങള്‍ തിരിച്ചറിയുമെന്ന് നാവിക സേന അറിയിച്ചത്. മുങ്ങിക്കപ്പലില്‍ ഉണ്ടായിരുന്ന നാവികരുടെ കുടുംബങ്ങളെ അധികൃതര്‍ വിവരം അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications