ആകാശ് തില്ലങ്കേരിയും ജിജോയും ഇനി വിയ്യൂരിലെ തടവുകാര്‍

കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധ കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയേയും കൂട്ടാളിയായ ജിജോ തില്ലങ്കേരിയേയും കനത്ത സുരക്ഷാക്രമീകരണങ്ങളോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മാറ്റി. കാപ്പ ചുമത്തിയ ഇരുവരെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് കൊണ്ടുപോയത്. കാപ്പതടവുകാരെ സ്വന്തം ജില്ലയിലെ ജയിലില്‍ പാര്‍പ്പിക്കരുതെന്ന ചട്ടമനുസരിച്ചാണ് ജയില്‍ മാറ്റം ഞായറാഴ്ച്ച രാവിലെ
ഒന്‍പത് മണിയോടെയാണ് ഇരുവരെയും പൊലിസ് വന്‍ സുരക്ഷ ക്രമീകരണങ്ങളോടെ വിയ്യൂരിലേക്ക് കൊണ്ടുപോയത്. ഇതിനിടെ ആകാശ് തില്ലങ്കേരിയുടെ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു മുഴക്കുന്ന് പൊലീസില്‍ തലശേരി കോടതിയില്‍ നല്‍കിയ ഹരജി മാര്‍ച്ച് എട്ടിന് പരിഗണിക്കും.
ദിവസങ്ങള്‍ക്ക് മുന്‍പ് കാപ്പ കേസില്‍ അറസ്റ്റു ചെയ്ത ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം ബ്‌ളോക്കിലാണ് അടച്ചിരുന്നത് വിവിധ ഗുണ്ടാ ക്വട്ടേഷന്‍ കേസുകളില്‍ പ്രതികളായി എത്തുന്നവരെയാണ് പത്താം ബ്‌ളോക്കില്‍ അടക്കുന്നത്. ശുഹൈബ് വധകേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരി സി.പി.എം നേതൃത്വത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ഇതേ തുടര്‍ന്ന് ആകാശിനെതിരെ തില്ലങ്കേരിയില്‍ സി.പി.എം നേത്യത്വം രാഷ്ട്രിയ വിശദീകരണ യോഗം നടത്തിയിരുന്നു. സി.പി. എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജന്‍, ജില്ലാസെക്രട്ടറി എം.വി ജയരാജനും ഡി.വൈ. എഫ്. ഐ കേന്ദ്രകമ്മിറ്റിയംഗം എം. ഷാജര്‍ എന്നിവര്‍ ആകാശ് തില്ലങ്കേരിയെ തളളിപ്പറഞ്ഞിരുന്നു.
സി. പി. എം അംഗവും ആകാശ് തില്ലങ്കേരിയുടെ പിതാവുമായി വഞ്ഞേരി രവീന്ദ്രന്റെ സാന്നിധ്യത്തിലാണ് രാഷ്ട്രീയവിശദീകരണ യോഗം നടത്തിയത്. ഇതിനു ശേഷമാണ് മട്ടന്നൂരിലെ ഡി.വൈ. എഫ്. ഐ വനിതാബ്‌ളോക്ക് കമ്മിറ്റിയംഗത്തിനെതിരെസോഷ്യല്‍ മീഡിയയിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ കമന്റിട്ടതിനും ഡി.വൈ. എഫ്. ഐ നേതാവിനെ ഭീഷണിപ്പെടുത്തിയതിനും മട്ടന്നൂര്‍, മുഴക്കുന്ന് പൊലിസ് ജാമ്യമില്ലാകുറ്റം ചുമത്തി കേസെടുത്തിരുന്നുവെങ്കിലും മട്ടന്നൂര്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിനു ശേഷമാണ് ആകാശിനെതിരെ കാപ്പ ചുമത്തി മുഴക്കുന്ന് പൊലിസ് വഞ്ഞേരിയിലെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്യുന്നത്. നിലവില്‍ പത്തോളം കേസുകളാണ് ആകാശ് തില്ലങ്കേരിയുടെയം ജിജോ തില്ലങ്കേരിയുടെയും പേരിലുളളത്.












Click it and Unblock the Notifications