കുട്ടിയെ ആൾപെരുമാറ്റമില്ലാത്ത പുരയിടത്തിലേക്ക് കൊണ്ടുപോയി, വേറെ കാർ വിളിച്ചു; ആരോപണവുമായി കുടുംബം
സൈക്കിള്‍ യാത്രക്കിടെ അപകടത്തിൽപ്പെട്ട് ഏഴാംക്ലസുകാരന് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡിൽ കലവൂര്‍ മുണ്ടുപറമ്പില്‍ ഷൈന്‍ - ദിവ്യ ദമ്പതികളുടെ ഏകമകനായ അനൂപാണ് അപകടത്തിൽ മരണപ്പെട്ടിരുന്നത്. അപകടത്തിനു ശേഷം വൈദ്യസഹായമെത്തിക്കാൻ വൈകിയതിനാലെന്നാണ് മരണം സംഭവിച്ചതെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു.
തക്കസമയത്ത് ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ നഷ്ടമാകില്ലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. കാറിടിച്ചശേഷം ഉടനടി ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം ഡ്രൈവർ കുട്ടിയെ കൊണ്ട് പോയത് ആൾപെരുമാറ്റമില്ലാത്ത പുരയിടത്തിലേക്കായിരുന്നു. ശേഷം മറ്റൊരു കാര്‍ വിളിച്ചാണ് ആശുപത്രിയില്‍ എത്തിച്ചത് - ബന്ധുക്കള്‍ ആരോപിച്ചു.

ഇതിനാൽ കുട്ടിക്ക് വൈദ്യ സഹായം ലഭിക്കുന്നതിൽ കാലതാമസം നേരിട്ടു. ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടിക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അപകടത്തിൽപ്പെട്ട കാറിന്റെ നമ്പര്‍ പ്ലേറ്റ് നാട്ടുകാര്‍ക്ക് അപകടസ്ഥലത്തുനിന്ന് ലഭിച്ചിരുന്നു. ഇത് പോലീസിന് കൈമാറിയിട്ടുണ്ട്. കൂടാതെ രക്തക്കറയുമായി ഒരു കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാട്ടുകാര്‍ കണ്ടിരുന്നുവെന്നും ആരോപണം ഉണ്ട്.
അവധി ദിനമായതിനാൽ അമ്മ വീട്ടിലായിരുന്ന അനൂപ് അവിടെനിന്ന് സൈക്കിളില്‍ കുങ്ഫൂ ക്ലാസിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടാകുന്നത്. കലവൂര്‍ - വളവനാട് എഎസ് കനാല്‍ റോഡിവെച്ചാണ് കുട്ടിയെ കാറിടിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ആദ്യം കലവൂര്‍ ബ്ലോക്ക് ജംങ്ഷന് കിഴക്കുള്ള അമ്മയുടെ വീട്ടിലാണ് എത്തിച്ചത്. ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കാര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും മണ്ണഞ്ചേരി എസ്എച്ച്ഒ ജെ നിസാമുദ്ദീന്‍ പ്രതികരിച്ചു.












Click it and Unblock the Notifications