നിര്‍ത്തിയിട്ട കാര്‍ കത്തി നശിച്ചു; ഫയര്‍ഫോഴ്‌സെത്തി തീയണച്ചപ്പോള്‍ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം, ഞെട്ടല്‍!!
ആലപ്പുഴ: പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കത്തി യുവാവ് മരിച്ച നിലയില്‍. ആലപ്പുഴ ജില്ലയിലെ എടത്വ തായങ്കരി ബോട്ട് ജെട്ടിയ്ക്ക് സമീപമാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാര്‍ കത്തുന്നത് കണ്ട് പ്രദേശവാസികള്‍ വിളിച്ച് പറഞ്ഞത് അനുസരിച്ച് ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചപ്പോഴാണ് കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. എടത്വ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
എടത്വ സ്വദേശി ജെയിംസ് കുട്ടിയുടേതാണ് കാര്‍ എന്ന് വ്യക്തമായിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് കാര്‍ കത്തുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സെത്തി തീ അണച്ചത്. പൂര്‍ണമായി കത്തി നശിച്ച കാറിനുള്ളിലെ മൃതദേഹവും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമേ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍ സാധിക്കൂ എന്ന് പൊലീസ് പറഞ്ഞു.

Image Credit: Manorama News@ YouTube
കാറിന് എങ്ങനെ തീ പിടിച്ചു എന്ന കാര്യത്തിലും വ്യക്തതയില്ല. സംഭവം നടന്ന സ്ഥലത്ത് കാറുകള്‍ പാര്‍ക്ക് ചെയ്യുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കാര്‍ കത്തുന്നത് പ്രദേശവാസിയായ ശ്രീരാജ് കണ്ടത്. തീ ആളിപ്പടരുന്നതു കണ്ട് മറുകരയുള്ള സുഹൃത്തിനെ വിളിച്ച് വിവരം പറയുകയായിരുന്നു. കാര്‍ കത്തുന്ന സമയത്ത് വലിയ പൊട്ടിത്തെറി നടക്കുന്നുണ്ടായിരുന്നു എന്നാണ് ശ്രീരാജ് മീഡിയ വണ്ണിനോട് പറഞ്ഞത്.
'പൊലീസിനേയും ഫയര്‍ ഫോഴ്‌സിനേയും ബന്ധപ്പെട്ട് നാലരയോടെ തീയണച്ചു. ആളപായമുള്ളതായി ആ സമയത്ത് സൂചന ലഭിച്ചിരുന്നില്ല. അത്ര വലിയ തീ ആയതിനാല്‍ അടുത്തേക്ക് പോകാന്‍ പറ്റാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്,' ശ്രീരാജ് പറഞ്ഞു. അതേസമയം കാറിനുള്ളില്‍ നിന്ന് ലഭിച്ച മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.












Click it and Unblock the Notifications