ആലപ്പുഴ കളർകോട് അപകടം; പരിക്കേറ്റ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു, മരണം ആറായി
ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു വിദ്യാർത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശിയായ ആല്‍വിന്‍ ജോര്‍ജ് (20) ആണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന ആൽവിൻ. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആൽവിൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
അപകടത്തിൽ തലച്ചോറിനും ആന്തരികാവയങ്ങൾക്കും പരിക്കേറ്റ ആൽവിനെ ആദ്യം വണ്ടാനം മെഡിക്കൽ കോളേജിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയിരുന്നു. അപകടം നടക്കുമ്പോൾ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുന്ന വ്യക്തിയാണ് ആൽവിൻ.

വാഹനം ഓടിച്ചിരുന്ന ഗൗരി ശങ്കറും മുഹ്‌സിൻ എന്ന വിദ്യാർത്ഥിയും ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. വാഹനത്തിൽ ഇവർക്കൊപ്പം ഉണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയായ ഷെയ്ൻ മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി. അപകടത്തിൽ പരിക്കേറ്റില്ലെങ്കിലും ഷെയ്നിന് ദുരന്തത്തിന്റെ വ്യാപ്‌തിയിൽ കടുത്ത മനസികാഘാതം നേരിട്ടിരുന്നു.
ഗൗരി ശങ്കറിനും മുഹ്‌സിനും പുറമേ മറ്റ് രണ്ട് വിദ്യാർഥികൾ കൂടി ചികിത്സയിൽ കഴിയുന്നുണ്ട്. ചേര്‍ത്തല സ്വദേശി കൃഷ്‌ണദേവ്, കൊല്ലം പോരുവഴി ആനന്ദ് മനു എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. അപകടം നടന്ന വാഹനത്തിൽ ആകെ 11 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ അഞ്ച് പേർ സംഭവ ദിവസം തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു.
തിങ്കളാഴ്‌ച രാത്രിയാണ് അപകടം നടന്നത്. കോട്ടയം പൂഞ്ഞാര്‍ ചേന്നാട് സ്വദേശി ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം സ്വദേശി ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ബി ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്‌ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
അതേസമയം, വാഹനം ഓടിച്ച വിദ്യാർത്ഥിയുടെ വീഴ്‌ചയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ കേസിൽ മെഡിക്കൽ വിദ്യാർത്ഥിയെ കൂടി പ്രതിചേർക്കും എന്നാണ് വിവരം. എന്നാൽ നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥിയുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ കണക്കിലെടുത്ത് പിന്നീടാവും തുടർനടപടികൾ സ്വീകരിക്കുക.
അതിനിടെ വിദ്യാർത്ഥികൾക്ക് വാഹനം നൽകിയത് നിയമവിരുദ്ധമായാണെന്നാണ് എംവിഡിയുടെ കണ്ടെത്തൽ. വാഹനം നൽകിയത് റെന്റിനെന്നും വാഹന ഉടമയ്‌ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മോട്ടോർ വാഹനവകുപ്പും പോലീസും വ്യക്തമാക്കിയിട്ടുണ്ട്. അനധികൃതമായാണ് ഇയാൾ വാഹനം കൈമാറിയതെന്നാണ് കണ്ടെത്തൽ.












Click it and Unblock the Notifications