കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിന്റെ വീട് ആക്രമിച്ചതായി പരാതി; ഒരാള്‍ അറസ്റ്റില്‍
കായംകുളം: കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിന്റെ വീട് ആക്രമിച്ചതായി പരാതി. വീട്ടിലേക്ക് അതിക്രമിച്ചു കടന്നയാള്‍ മൂന്ന് ജനല്‍ ജില്ലുകള്‍ തകര്‍ത്തുവെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്. വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു സംഭവം. അക്രമവുമായി ബന്ധപ്പെട്ട് ബാനർജി സലീം എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ സിപിഎംകാരനാണെന്നും സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
പൊലീസ് കസ്റ്റഡിയില്‍ എടുത്ത വ്യക്തിയുടെ ഫേസ്ബുക്കില്‍ അരിത ബാബുവിന്‍റെ വീട്ടില്‍ എത്തുന്നതും ചുറ്റിനും നടക്കുന്നതുമായ തത്സമയ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ വീടിന്‍റെ ചില്ല് തകര്‍ക്കുന്നതായ ദൃശ്യങ്ങള്‍ ഒന്നും ഇതില്‍ ഇല്ല. അതേസമയം സംഭവവുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. വിഷയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം സംഭവത്തില്‍ പ്രതികരിച്ച രമേശ് ചെന്നിത്തല ഉള്‍പ്പടേയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തി. കായംകുളം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അരിത ബാബുവിന്റെ വീട് ആക്രമിച്ച സി.പി.എം നടപടി ജനാധിപത്യ കേരളത്തിനാകെ അപമാനകരമാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. തിരഞ്ഞെടുപ്പിൽ പരാജയമുറപ്പാകുമ്പോൾ എതിരാളികളെ കായികമായി നേരിടുന്ന സ്ഥിരം ശൈലി സി.പി.എം ഇവിടെയും ആവർത്തിച്ചിരിക്കുന്നു.അരിതയുടെ വീട് ആക്രമിച്ച സി.പി.എം പ്രവർത്തകരെ മാതൃകാപരമായി ശിക്ഷിക്കുവാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications