അർധനഗ്നരായി രാത്രിയിൽ, ആലപ്പുഴക്കാരുടെ ഉറക്കം കെടുത്തി കുറുവ സംഘം; പിടികൂടാൻ പ്രത്യേക ടീം വരുന്നു
ആലപ്പുഴ: രണ്ടാഴ്‌ചയോളമായി ആലപ്പുഴക്കാരുടെ ഉറക്കം കെടുത്തി കുറുവ സംഘത്തിന്റെ വിളയാട്ടം തുടരുന്നു. നവംബർ മാസം തുടങ്ങിയതിന് ശേഷം ആലപ്പുഴ മണ്ണഞ്ചേരിക്കാർക്ക് മര്യാദയ്ക്ക് ഒന്ന് ഉറങ്ങാൻ പോലും കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്‌തവം. അതിന് കാരണമായതാവട്ടെ അടിക്കടി ഉണ്ടാകുന്ന മോഷണങ്ങളും സിസിടിവി ദൃശ്യങ്ങളിൽ പതിയുന്ന അർധനഗ്നരായ മോഷ്ട്ടാക്കളുടെ ദൃശ്യവുമാണ്.
കഴിഞ്ഞ പതിനാല് ദിവസങ്ങൾക്കിടയിലെ മേഖലയിൽ മാത്രം നാല് മോഷണങ്ങളാണ് നടന്നത്. ഇതോടെയാണ് പോലീസ് ഇടപെടൽ ഊർജിതമാക്കുന്നത്. അതിന്റെ ഭാഗമായി പുതിയ അന്വേഷണ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. കുറുവ സംഘത്തെ പിടികൂടുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കുന്നത്.

ഡിവൈഎസ്‌പി മധു ബാബുവിന്റെ മേല്‍നോട്ടത്തില്‍ ഏഴംഗ സ്‌പെഷ്യല്‍ സ്‌ക്വാഡിനെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. ഇതിന് പുറമേ കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടന്ന സ്ഥലങ്ങളില്‍ രാത്രിയില്‍ പോലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ഏത് വിധേനയും സംഘത്തെ പിടിക്കാനാണ് പോലീസ് ഒരുങ്ങുന്നത്.
ചൊവ്വാഴ്‌ച മാത്രം മൂന്ന് വീടുകളിലാണ് സംഘം കയറിയത്. ആദ്യം കയറിയ വീടിന് പിൻവശത്തെ ഇരുമ്പ് വാതിൽ തുറന്ന ശേഷം, അടുക്കള വാതിൽ കുത്തിത്തുറക്കുകയായിരുന്നു മോഷ്‌ടാക്കൾ. പിന്നീട് മുറിയിലെത്തി മാലയും പണമടങ്ങിയ പഴ്‌സുമായി കടന്നുകളയുകയായിരുന്നു. വേറെയും വീടുകളിൽ അതേദിവസം സംഘം എത്തിയതായാണ് വിവരം.
ആലപ്പുഴ നോർത്ത്, മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് കുറുവ സംഘം നിർബാധം തങ്ങളുടെ പ്രവർത്തനം തുടരുന്നത്. പോലീസ്, ഡോഗ് സ്‌ക്വാഡ് എന്നിവർക്കൊപ്പം ഫോറൻസിക് വിദഗ്‌ധരും സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ കൂടുതൽ കാര്യങ്ങൾ കണ്ടെത്താൻ ഇവർക്കും കഴിഞ്ഞില്ല. ഇതോടെയാണ് പുതിയ അന്വേഷണ സംഘമെത്തുന്നത്.
അർധ നഗ്നരായി രാത്രിയിൽ മുഖം മറച്ചുകൊണ്ട് മോഷണത്തിനെത്തുക എന്നതാണ് കുറുവ സംഘത്തിന്റെ ശൈലി. മോഷണശ്രമം എതിർത്താൽ അതിക്രൂരമായി ആക്രമിക്കുന്ന ഇവരുടെ രീതിയാണ് ആളുകളെ ഏറെ ഭയപ്പെടുത്തുന്ന വിഷയങ്ങളിൽ ഒന്ന്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘം മോഷണം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അർധരാത്രിയിൽ വീടിന് പുറത്ത് നിന്ന് കുട്ടികളുടെ കരച്ചിൽ കേൾപ്പിക്കുക, വീടിന് പുറത്തെ പൈപ്പ് പോലെയുള്ളവ തുറന്നിടുക തുടങ്ങിയ രീതികൾ ഇവർ അവലംബിച്ചു പോരാറുണ്ട്. അടുക്കള വാതിൽ കുത്തിത്തുറക്കുന്ന ശൈലിയിലും കുറുവ സംഘത്തിനുണ്ട്. ആഴ്‌ചകൾ പിന്നിടും ഇവരെ പിടികൂടാൻ കഴിയാത്ത ഭയത്തിലാണ് മണ്ണഞ്ചേരി നിവാസികൾ.












Click it and Unblock the Notifications