ആലപ്പുഴയില്‍ ചില സഖാക്കള്‍ തെറ്റ് ചെയ്തു, നടപടിയും സ്വീകരിച്ചു; മറ്റ് വാർത്തകള്‍ വ്യാജം: സിപിഎം
ആലപ്പുഴ: ആലപ്പുഴയിലെ സംഭവങ്ങളില്‍ മാധ്യമങ്ങള്‍ക്കെതിരെ വിമർശനവുമായി സി പി എം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സിപിഐ(എം) ന് എതിരെ ദൃശ്യ അച്ചടി മാധ്യമങ്ങളില്‍ വന്നി കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്നാണ് പാർട്ടി വ്യക്തമാക്കുന്നത്. നിലനില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥയില്‍ ജീവിക്കുന്ന പലരും തെറ്റായ സമീപനങ്ങളും പ്രവണതകളും സ്വീകരിക്കുന്നതായി ഉണ്ടാകും. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ ഇത്തരം തെറ്റായ പ്രവണതകള്‍ക്ക് അടിപ്പെടാന്‍ പാടില്ലെന്നും സി പി എം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു.
എന്നാല്‍ ജില്ലയില്‍ ഏതാനും ചില സഖാക്കള്‍ തെറ്റായ സമൂഹം അങ്ങീകരിക്കാത്ത ചില തെറ്റുകളില്‍ അകപ്പെട്ടതായി ബോധ്യപ്പെടുകയും അതിന്‍റെ അടിസ്ഥാനത്തില്‍ ചില സംഘടനാ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇതേപോലുള്ള തെറ്റായ പ്രവണതകള്‍ ചെയ്യുന്നവര്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിലനില്‍ക്കാന്‍ കഴിയുകയുമില്ല. ഈ പ്രശ്നങ്ങളില്‍ കൈകൊണ്ട എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ ഭിന്നത ഉണ്ട് എന്ന രൂപത്തില്‍ ചില സഖാക്കളുടെ പേരെടുത്ത് പറഞ്ഞ് വാര്‍ത്തകള്‍ കൊടുക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. ഇല്ലാത്ത കാര്യങ്ങള്‍ വാര്‍ത്തയായി കൊടുത്ത് പാര്‍ട്ടിയെയും സഖാക്കളെയും മോശപ്പെടുത്തുവാനുള്ള മാധ്യമ നുണ പ്രചരണം തുടരുകയാണെന്നും പാർട്ടി ആരോപിക്കുന്നു.
കുട്ടനാട് ഏരിയായില്‍ പാര്‍ട്ടി സഖാക്കള്‍ തമ്മില്‍ ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഈ തര്‍ക്കമുണ്ടായിരുന്നതില്‍ ചിലര്‍ കുറെ അധികം സഖാക്കളുടെ പേര് എഴുതി തുടര്‍ച്ചയായി മാധ്യമങ്ങള്‍ക്ക് നല്‍കുകയുണ്ടായി. അവര്‍ നല്‍കിയ വാര്‍ത്തകള്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച് പാര്‍ട്ടിയെ മോശപ്പെടുത്തുവാനുള്ള പ്രവണതയാണ് മാധ്യമങ്ങളില്‍ ചിലര്‍ സ്വീകരിച്ചത്.

ആയിരക്കണക്കിന് പാര്‍ട്ടി അംഗങ്ങളും ലക്ഷക്കണക്കിന് അനുഭാവികളുമായിട്ടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചില തര്‍ക്കങ്ങളും പ്രശ്നങ്ങളും ഉയര്‍ന്ന് വരിക സ്വഭാവികമാണ്. ആ പ്രശ്നങ്ങള്‍ ഓരോന്നും ചര്‍ച്ച ചെയ്ത് പരിഹരിച്ച് പാര്‍ട്ടിയെ ഏകീകരിക്കുകയും പാര്‍ട്ടിയും ബഹുജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ സുദൃഢമാക്കുകയും ചെയ്യും.
കുട്ടനാട്ടിലെ ഈ തര്‍ക്ക പ്രശ്നങ്ങള്‍ എല്ലാം ഏറെ കുറെ പരിഹരിച്ച് വരികയാണ്. ഈ തര്‍ക്കത്തിന്‍റെ പേരില്‍ ഒരു സഖാവ് പോലും മാധ്യമങ്ങള്‍ ആഗ്രഹിക്കുന്നപോലെ പാര്‍ട്ടിക്ക് നഷ്ടപ്പെടില്ല. ആയതിനാല്‍ പാര്‍ട്ടിയെ മോശപ്പെടുത്തുവാന്‍ വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന കള്ള നുണ പ്രചാരവേലകളെ മുന്‍കാലങ്ങളിലെ പോലെ തന്നെ ജില്ലയിലെ പാര്‍ട്ടി സഖാക്കളും ബഹുജനങ്ങളും തള്ളികളയുക തന്നെ ചെയ്യുമെന്നും സി പി എം പ്രസ്താവനയില്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications