അരൂരുകാര്‍ അനുഭവിക്കണം, ഒരു പണിയും എടുക്കാത്ത ഷാനിമോളെയാണ് ജയിപ്പിച്ചത്; വീണ്ടും ജി സുധാകരന്റെ വിമര്‍ശനം
ആലപ്പുഴ: ഷാനിമോള്‍ ഉസ്മാനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍ രംഗത്ത്. കഴിഞ്ഞ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച അരൂരിലെ ജനങ്ങള്‍ അനുഭവിക്കണമെന്ന് ജി സുധാകരന്‍ പറഞ്ഞു. മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ചെറുപ്പക്കാരനെ തോല്‍പ്പിച്ച് ഒരു പണിയും എടുക്കാത്ത ഷാനിമോള്‍ ഉസ്മാനെയാണ് വോട്ടര്‍മാര്‍ ജയിപ്പിച്ചതെന്ന് സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ ഇപ്പോള്‍ കരഞ്ഞിട്ട് കാര്യമില്ല. വോട്ട് ചെയ്യുമ്പോള്‍ സൂക്ഷിക്കണം. പെരുമ്പളം പാലം നിര്‍മ്മാണത്തില്‍ വികസന വിരുദ്ധ നിലപാടാണ് ഷാനിമോള്‍ സ്വീകരിച്ചതെന്നും സുധാരകരന്‍ പറഞ്ഞു. ചേര്‍ത്തലയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെയും ഷാനിമോള്‍ ഉസ്മാനെതിരെ ജി സുധാകരന്‍ രംഗത്തെത്തിയിരുന്നു.
ഇതിന് മുമ്പ് തിരഞ്ഞെടുപ്പ് കാലത്തായിരുന്നു അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം സുധാകരന്റെ ഭാഗത്ത് നിന്നുണ്ടായത്. തൈക്കാട്ടുശേരിയില്‍ നടന്ന കുടുംബ യോഗത്തിനിടെയായിരുന്നു ജി സുധാകരന്റെ വിവാദ പരാമര്‍ശം. അരൂരില്‍ ജയിക്കേണ്ടത് പൂതനമാരല്ലെന്നും കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ പൊഴിച്ചുമാണ് യുഡിഎഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും സുധാകരന്‍ വിമര്‍ശിച്ചത്.
അരൂരില്‍ ഒരു വികസനവും ഇല്ലെന്ന് പറയുന്ന ഷാനിമോള്‍ ഉസ്മാന്‍ എങ്ങനെയാണ് വികസനം കൊണ്ടുവരിക. അരൂരിന് ആവശ്യം ഒരു ഇടത് എംഎല്‍എ ആണെന്നും ജി സുധാകരന്‍ കുടുംബയോഗത്തില്‍ പറഞ്ഞിരുന്നു. പ്രസ്താവനയെ തുടര്‍ന്ന് മന്ത്രിക്കെതിരെ യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു.
അതേസമയം പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി ജി സുധാകരന്‍ രംഗത്ത് എത്തിയിരുന്നു. ഷാനിമോള്‍ സഹോദരിയെ പോലെയാണെന്നും ഷാനിമോളെക്കുറിച്ച് അനാവശ്യമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. മാധ്യമങ്ങള്‍ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.












Click it and Unblock the Notifications