കണ്ണൂര്‍ കൈത്തറിക്കിത് നല്ലകാലം; കാന്‍ലൂം ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനിലും താരമാകുന്നു

  • Posted By:
Subscribe to Oneindia Malayalam

തറികളുടെയും തിറകളുടെ നാടെന്ന് പേരുകേട്ട കണ്ണൂരില്‍ കൈത്തറി ഉല്‍പ്പന്നങ്ങള്‍ അതിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഒരു കാലത്ത് ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന ഈ മേഖലയില്‍ ഇന്ന് ദൃശ്യമാവുന്നത് പുത്തനുണര്‍വാണെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. പണി നിര്‍ത്തിപ്പോയ പലരും ഏതാനും മാസങ്ങളായി മേഖലയിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണിപ്പോള്‍.

താങ്ങായി മാറിയത് സ്‌കൂള്‍ യൂനിഫോം

താങ്ങായി മാറിയത് സ്‌കൂള്‍ യൂനിഫോം

അഞ്ചാം ക്ലാസ് വരെയുള്ള പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് രണ്ട് സെറ്റ് കൈത്തറി യൂനിഫോം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമാണ് ചക്രശ്വാസം വലിക്കുകയായിരുന്ന കൈത്തറി മേഖലയ്ക്ക് അല്‍പം ജീവവായു പകര്‍ന്നു നല്‍കിയത്. ജില്ലയിലെ കൈത്തറി തൊഴിലാളികളും സഹകരണ സംഘങ്ങളും ചേര്‍ന്ന് രണ്ടു ലക്ഷത്തിലേറെ മീറ്റര്‍ ഷര്‍ട്ടിങ്ങ് തുണിയും 80,000 ത്തിലേറെ മീറ്റര്‍ സ്യൂട്ടിങ്ങ് തുണിയും നെയ്തുനല്‍കി. പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങളിലെ 823 ഉം ഹാന്‍വീവിന്റെ 250 ഉം തറികളിലായി 1100 ഓളം തൊഴിലാളികളാണ് രാപ്പകലില്ലാതെ ഇതിനായി പണിയെടുത്തത്. മാന്യമായ വിലയാണ് തുണിക്ക് സര്‍ക്കാരില്‍ നിന്ന് ലഭിച്ചതെന്ന് തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു.

കൈത്തറിക്ക് കലക്ടറുടെ കൈത്താങ്ങ്

കൈത്തറിക്ക് കലക്ടറുടെ കൈത്താങ്ങ്

പുതിയ ജില്ലാ കലക്ടറായി ചെന്നൈ സ്വദേശി മീര്‍ മുഹമ്മദലി എത്തിയതോടെയാണ് കൈത്തറിക്ക് നല്ലകാലം വന്നതെന്ന് വേണമെങ്കില്‍ പറയാം. കാരണം കലക്ടറുടെ ആദ്യ പദ്ധതികളിലൊന്ന് ജില്ലയില്‍ പ്ലാസ്റ്റിക് കാരി ബാഗുകള്‍ നിരോധിക്കുകയായിരുന്നു. ഇതുകേട്ട് നെറ്റിചുളിച്ച പലരുടെയും ചോദ്യം, പകരമെന്ത് എന്നായിരുന്നു. ഉടനെ വന്നു കലക്ടറുടെ മറുപടി- തറിയുടെ നാട്ടില്‍ എന്തിനാണ് മറ്റൊന്നാലോചിക്കുന്നത്? നമുക്ക് കൈത്തറിയെ ശക്തിപ്പെടുത്താം. കണ്ണൂരിന്റെ ബ്രാന്റായി കൈത്തറി മാറട്ടെ. ഇവിടെ സന്ദര്‍ശകരായെത്തുന്നവര്‍ നല്ല ഓര്‍മകളോടൊപ്പം കൈത്തറി സഞ്ചികളുമായി തിരികെ പോവട്ടെ.

പ്ലാസ്റ്റിക് കാരി ബാഗിന് വിട

പ്ലാസ്റ്റിക് കാരി ബാഗിന് വിട

നീണ്ട അഞ്ചു മാസത്തെ ബോധവല്‍ക്കരണത്തിനും പ്രചാരണങ്ങള്‍ക്കും ശേഷം കഴിഞ്ഞ ഏപ്രില്‍ രണ്ട് മുതല്‍ നടപ്പില്‍ വരുത്തിയ പ്ലാസ്റ്റിക് ബാഗ് നിരോധനത്തിനു മുന്നോടിയായി കൈത്തറി സഞ്ചികള്‍ നിര്‍മിക്കാന്‍ ജില്ലയിലെ വീവേഴ്‌സ് സൊസൈറ്റികള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. നിഫ്റ്റിലെ ഫാഷന്‍ ഡിസൈനേഴ്‌സ് കൂടി ചേര്‍ന്നപ്പോള്‍ എവിടെയും കൊണ്ടുനടക്കാവുന്ന ഡിസൈനര്‍ കൈത്തറി ബാഗുകള്‍ ജനങ്ങളുടെ കൈയിലെത്തി. കുടുംബശ്രീ നടത്തിയ വിപണന മേളയില്‍ ലക്ഷക്കണക്കിന് തുണി സഞ്ചികളാണ് വിറ്റഴിഞ്ഞത്.

കാന്‍ലൂം (CannLoom) പുതിയ ബ്ലാന്റ് നെയിം

കാന്‍ലൂം (CannLoom) പുതിയ ബ്ലാന്റ് നെയിം

പുതിയകാലത്തെ ഓണ്‍ലൈന്‍ വ്യാപാര സാധ്യതകള്‍ ഉപയോഗപ്പെടുത്തി കൈത്തറിക്ക് വന്ന ഈ അനുകൂല സാഹചര്യത്തെ ഉപയോഗപ്പെടുത്തുന്നതിനായി കലക്ടറുടെ അടുത്ത ആലോചന. അതിന് ഒരു ബ്രാന്റ് നെയിം വേണം. അങ്ങനെയാണ് കാന്‍ ലൂം (CannLoom) ബ്രാന്റ് പിറക്കുന്നത്. കൂത്തുപറമ്പ് വിവേഴ്‌സ് സൊസൈറ്റി പുറത്തിറക്കുന്ന ഡിസൈനര്‍ കൈത്തറി ഷര്‍ട്ട് ധരിച്ചാണ് ജില്ലാ കലക്ടര്‍ പലപ്പോഴും പൊതുവേദികളില്‍ പങ്കെടുക്കാറ്. സുന്ദരനായ കലക്ടറെ കാന്‍ലൂമിന്റെ പ്രൊഡക്ട് അംബാസഡറാക്കിയാലോ എന്ന ആലോചനയിലാണ് കണ്ണൂരിലെ കൈത്തറി പ്രേമികളിപ്പോള്‍.

ഓണ്‍ലൈന്‍ വ്യാപാരം പൊടിപൊടിക്കുന്നു

ഓണ്‍ലൈന്‍ വ്യാപാരം പൊടിപൊടിക്കുന്നു

ജില്ലാ കലക്ടര്‍ തന്നെ മുന്‍കൈയെടുത്ത് കൈത്തറിയെ ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് എത്തിച്ചത്തോടെ വന്‍ സാധ്യതകളാണ് ഈ മേഖലയെ തേടിയെത്തിയിരിക്കുന്നത്. കാന്‍ലൂം (CannLoom) എന്ന ബ്രാന്റ് നാമത്തില്‍ ജില്ലയിലെ 14 കൈത്തറി സൊസൈറ്റികളാണ് ഇലക്ട്രോണിക് വ്യാപാര സ്ഥാപനമായ ആമസോണില്‍ തങ്ങളുടെ 400ലേറെ കൈത്തറി ഉല്‍പ്പന്നങ്ങള്‍ വില്‍പനയ്ക്കായി വച്ചിരിക്കുന്നത്.

ഷര്‍ട്ടുകള്‍, മുണ്ടുകള്‍, സാരികള്‍, ചെറുകിടക്കകള്‍, കിടക്കവിരികള്‍, തലയണ ഉറകള്‍, വാനിറ്റി ബാഗുകള്‍ തുടങ്ങി ചവിട്ടികള്‍ വരെയുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ഓര്‍ഡറുകളാണ് ഇതിനകം ലഭിച്ചത്. www.amazon.in/handloom എന്ന വെബ്അഡ്രസില്‍ ഇവ ലഭിക്കും. LOOMS OF KANNUR എന്ന പ്രത്യേക വിഭാഗം തന്നെ വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.

ജില്ലയിലെ കൂടുതല്‍ സൊസൈറ്റികള്‍ ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക് വരണമെന്നാണ് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ അഭ്യര്‍ഥന. പുതിയ തലമുറയുടെ അഭിരുചിക്ക് അനുയോജ്യമായ കൂടുതല്‍ ഡിസൈനുകള്‍ വരണം. ലഭിക്കുന്ന ഓര്‍ഡറുകള്‍ക്ക് കൃത്യമായും സമയബന്ധിതമായും സാധനങ്ങള്‍ എത്തിച്ചുനല്‍കുകയെന്നതാണ് ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് പ്രധാനമെന്നാണ് അദ്ദേഹം കൈത്തറി മേഖലയിലുള്ളവര്‍ക്ക് നല്‍കുന്ന ഉപദേശം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ ഇപ്പോള്‍ കൈത്തറിയോട് കാണിക്കുന്ന താല്‍പര്യം മുതലാക്കാന്‍ ഓണ്‍ലൈന്‍ വ്യാപാരം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറയുന്നു.

English summary
These are better days for Kannur hand loom
Please Wait while comments are loading...