'ഒളിച്ചോടിയതല്ല... ദുബായിയില്‍ എത്തിയത് അച്ഛന്റെ ചികിത്സയ്ക്ക്'; തിരിച്ചുവരുമെന്ന് ബൈജൂസ്
ദുബായ്: ഇന്ത്യ വിട്ട് ദുബായിയില്‍ അഭയം തേടി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ മറുപടിയുമായി എഡ്‌ടെക് ഭീമനായ ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍. ദുബായിയില്‍ എത്തിയത് പിതാവിന്റെ ചികിത്സാര്‍ത്ഥമാണ് എന്നും ഇന്ത്യയിലേക്കുള്ള മടങ്ങി വരവ് വൈകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാല് വര്‍ഷത്തിന് ശേഷമുള്ള തന്റെ ആദ്യത്തെ വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബൈജു രവീന്ദ്രന്‍.
ബൈജൂസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അത് വിജയത്തിലെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഒരു കാലത്ത് എഡ്ടെക് വ്യവസായത്തിലെ മുന്‍നിരക്കാരായിരുന്ന ബൈജൂസിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കടബാധ്യതകള്‍ നേരിടുകയാണ് കമ്പനി.

'അവര്‍ എന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറാണെങ്കില്‍ ഞാന്‍ ഒരു രൂപ പോലും എടുക്കുന്നതിന് മുമ്പ് അവര്‍ക്ക് പണം തിരികെ നല്‍കാന്‍ തയ്യാറാണ്. ഞങ്ങള്‍ 140 മില്യണ്‍ ഡോളര്‍ നല്‍കി, ഒട്ടുമിക്ക വായ്പാ ദാതാക്കള്‍ക്കും പണം തിരികെ നല്‍കാമായിരുന്നു, '' ബൈജു രവീന്ദ്രന്‍ പറഞ്ഞു. കമ്പനി ഒരു വെല്ലുവിളി നിറഞ്ഞ അവസ്ഥയിലാണെന്ന് ബൈജു രവീന്ദ്രന്‍ സമ്മതിച്ചു.
തങ്ങളുടെ കടബാധ്യത കൂടുതലാണ് എന്നും വിശ്വാസം വീണ്ടെടുക്കാന്‍ നിര്‍ണായക നടപടി സ്വീകരിക്കേണ്ടതുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. 'നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നത് ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണ്. പ്രവര്‍ത്തന പിഴവുകള്‍ ഞങ്ങളെ ഈ ഘട്ടത്തിലേക്ക് നയിച്ചു. മുന്നോട്ട് പോകുമ്പോള്‍ ആ വിശ്വാസം പുനര്‍നിര്‍മ്മിക്കേണ്ടത് നിര്‍ണായകമാണ്,' അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും ബൈജൂസ് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. 'ഞങ്ങള്‍ക്ക് മറ്റേതൊരു പ്ലാറ്റ്ഫോമിനെക്കാളും കൂടുതല്‍ ഉപയോക്താക്കളുണ്ട്, അത് വലിയ ഉത്തരവാദിത്തമാണ്. അതിനാല്‍ ഞങ്ങള്‍ ഓടിപ്പോകാനും പോകുന്നില്ല,' അദ്ദേഹം പറഞ്ഞു. 2022 ല്‍ 22 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടായിരുന്ന കമ്പനിയായിരുന്നു ബൈജൂസ്.
എന്നാല്‍ നിലവില്‍ വര്‍ധിച്ച് വരുന്ന കടങ്ങളും നിയമപരമായ തര്‍ക്കങ്ങളും കാരണം വലിയ പ്രതിസന്ധിയാണ് കമ്പനി നേരിടുന്നത്. നിലവില്‍ 1 ബില്യണ്‍ ഡോളറിലധികം തിരിച്ചടയ്ക്കാത്ത വായ്പകളില്‍ കടക്കാരുമായി സാമ്പത്തിക പോരാട്ടത്തിലാണ് കമ്പനി. ഇതുവഴി ഇന്ത്യയിലും അമേരിക്കയിലും പാപ്പരത്ത നടപടികളും ബൈജൂസ് നേരിടുന്നുണ്ട്. 2024 ല്‍ സ്പോണ്‍സര്‍ഷിപ്പ് ഇടപാടുമായി ബന്ധപ്പെട്ട 158.9 കോടി രൂപ നല്‍കുന്നതില്‍ കമ്പനി വീഴ്ച വരുത്തിയെന്ന് ബിസിസിഐ ആരോപിച്ചതിനെത്തുടര്‍ന്നാണ് ബൈജൂസിനെതിരായ പാപ്പരത്ത നടപടികള്‍ ആരംഭിച്ചത്.












Click it and Unblock the Notifications