Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയ്ക്കും യുഎഇക്കും തിരിച്ചടി; ഇന്ത്യയ്ക്ക് വന്‍ നേട്ടമാകും... 10 ഡോളര്‍ ചെറിയ സംഖ്യയല്ല

ദുബായ്: ക്രൂഡ് ഓയില്‍ പ്രധാന വരുമാന മാര്‍ഗമായി കാണുന്ന രാജ്യങ്ങള്‍ക്ക് തിരിച്ചടി വരുമെന്ന സൂചന നല്‍കി പുതിയ സര്‍വ്വെ റിപ്പോര്‍ട്ട്. വില വര്‍ധിക്കണമെന്നും ബജറ്റ് പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്നും ആഗ്രഹിക്കുന്ന സൗദി അറേബ്യ, യുഎഇ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍ക്ക് ആശങ്ക നല്‍കുന്നതാണിത്. അതേസമയം, വില കുറയ്ക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന ഇന്ത്യയ്ക്ക് നേട്ടവുമാകും.

ആഗോള വിപണിയില്‍ അപ്രതീക്ഷിത മാറ്റങ്ങളാണ് സംഭവിക്കുന്നത്. കുതിച്ചുയര്‍ന്ന സ്വര്‍ണവില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറയുകയാണ്. എല്ലാ നിയന്ത്രണങ്ങളും വിട്ട് ബിറ്റ്‌കോയിന്‍ വില ഒരു ലക്ഷം കടന്ന് കുതിക്കുന്നു. ക്രൂഡ് ഓയില്‍ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുകയും മറ്റു കറന്‍സികള്‍ വെല്ലുവിളി നേരിടുകയും ചെയ്യുന്നു... ഇതിനിടെയാണ് പുതിയ സര്‍വ്വെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

saudi arabia uae india oil price

അധികം വൈകാതെ ക്രൂഡ് ഓയില്‍ വില കുത്തനെ കുറയുമെന്നാണ് സര്‍വ്വെ ഫലം. നിയമ കമ്പനിയായ ഹൈനസ് ബൂണി എല്‍എല്‍സിയുടെ സര്‍വെ റിപ്പോര്‍ട്ടില്‍ ക്രൂഡ് ഓയില്‍ ബാരലിന് 60 ഡോളറില്‍ താഴെയായി കുറയുമെന്നാണ് വിവരം. ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ് ആദ്യപകുതി പിന്നിടുമ്പോള്‍ മാറ്റമുണ്ടാകുമെന്നും സര്‍വെ ഉദ്ധരിച്ചുള്ള ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കന്‍ ക്രൂഡ് ആയ ഡബ്ല്യുടിഐ ബാരലിന് 58.62 ഡോളറായി മാറുമെന്ന് സര്‍വ്വെയില്‍ ഭാഗമായ 26 ബാങ്കുകളും കരുതുന്നു. 2027ലാകും ഇത്രയും ഇടിയുകയത്രെ. നിലവില്‍ ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 68 ഡോളറിന് മുകളില്‍ വിലയുണ്ട്. അതായത്, രണ്ട് വര്‍ഷം കഴിയുമ്പോള്‍ 10 ഡോളര്‍ വില ഇടിയുമെന്ന്. ട്രംപിന്റെ ചില നടപടികള്‍ ഇതിന് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടണമെന്ന നിലപാടുള്ള വ്യക്തിയാണ് ഡൊണാള്‍ഡ് ട്രംപ്. ഷെല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികളെ അദ്ദേഹം ഇതിന് പ്രേരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. ട്രംപ് ഭരണകൂടം എണ്ണ ഉല്‍പ്പാദനം കൂട്ടാനുള്ള പ്രത്യേക പദ്ധതി ആവിഷ്‌കരിക്കാനുള്ള സാധ്യത തള്ളാനാകില്ല. ഒപെക് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണയ്ക്ക് പുറമെ ഈ എണ്ണ കൂടി ഉയര്‍ന്ന അളവില്‍ വിപണിയിലെത്തുമ്പോള്‍ സ്വാഭാവികമായും എണ്ണവില കുറയും.

ട്രംപ് ഭരണകൂടത്തിന്റെ നയം കാരണം ബ്രെന്റ് ക്രൂഡ് ബാരലിന് 60 ഡോളറില്‍ എത്തുമെന്ന് അടുത്തിടെ സിറ്റി ബാങ്ക് നിരീക്ഷകരും അഭിപ്രായപ്പെട്ടിരുന്നു. ഇറക്കുമതി നികുതി കൂട്ടാനുള്ള ട്രംപിന്റെ നീക്കവും ഇതിന് കാരണമാകും. നിലവില്‍ ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ചിരിക്കുകയാണ്. ഇനിയും ഇതേ രീതി തുടരണമോ എന്ന കാര്യത്തില്‍ സുപ്രധാന തീരുമാനം ഒപെക് നേതൃത്വം ഇന്ന് പ്രഖ്യാപിക്കും.

ട്രംപ് അധികാരം ഏറ്റെടുത്താല്‍ യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന വിലയിരുത്തലുണ്ട്. യുക്രൈന്‍ യുദ്ധം അവസാനിക്കുമെന്ന സൂചന വന്നുകഴിഞ്ഞു. പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ വര്‍ധിക്കുകയുമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങിയിരുന്ന ചൈനയില്‍ നിന്ന് ആവശ്യം കുറഞ്ഞതും എണ്ണവില കുറയാന്‍ കാരണമാകും. ഇതെല്ലാം ഇന്ത്യ പോലുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് നേട്ടമാണ്. എന്നാല്‍ ബാരലിന് 96 ഡോളര്‍ എങ്കിലും എത്തണമെന്ന് കരുതുന്ന സൗദി അറേബ്യയ്ക്കും മറ്റു ജിസിസി രാജ്യങ്ങള്‍ക്കും ആശങ്ക സമ്മാനിക്കുന്നതുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+