500 ഗ്രാം സ്വര്‍ണം സ്ത്രീക്ക് സൂക്ഷിക്കാം; 10 ലക്ഷം പരിധിയാക്കി ഇ-വേ ബില്ല്, വ്യക്തതതേടി ജ്വല്ലറി വ്യാപാരികള്‍
കൊച്ചി: സ്വര്‍ണ വ്യാപാര രംഗത്ത് ഇ-വേ ബില്‍ നടപ്പാക്കി സംസ്ഥാനത്തെ ജിഎസ്ടി വിഭാഗം. സ്വര്‍ണം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് വ്യാപാര ആവശ്യങ്ങള്‍ക്കായി കൊണ്ടുപോകുന്നതിനാണ് ഇ-വേ ബില്‍ നടപ്പാക്കിയിരിക്കുന്നത്. ജനുവരി ഒന്ന് മുതല്‍ ജിഎസ്ടി വകുപ്പിന്റെ പുതിയ തീരുമാനം നിലവില്‍ വരും. ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങി. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം കൊണ്ടുപോകുന്നതിനാണ് ബില്ല് നിര്‍ന്ധമാകുക.
അതേസമയം, ജിഎസ്ടി വകുപ്പിന്റെ പുതിയ തീരുമാനം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. വിവാഹിതരായ സ്ത്രീകള്‍ക്ക് 500 ഗ്രാം വരെ സൂക്ഷിക്കാന്‍ നിയമ പ്രകാരം അനുമതിയുണ്ട്. അതായത്, 35 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണം സൂക്ഷിക്കാം. അങ്ങനെ നോക്കുമ്പോള്‍ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണത്തിന് ഇ-വേ ബില്ല് കരുതണം എന്ന് പറയുന്നത് പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് വ്യാപാരികളുടെ പക്ഷം.

എവിടെ നിന്ന് കൊണ്ടുവരുന്നു, എവിടേക്ക് കൊണ്ടുപോകുന്നു, കൊണ്ടുപോകുന്ന വ്യക്തിയുടെ വിവരങ്ങള്‍, എത്ര അളവിലുള്ള സ്വര്‍ണം കൊണ്ടുപോകുന്നു എന്നെല്ലാം വ്യക്തമാക്കുന്നതാണ് ഇ-വേ ബില്ല്. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണമാണ് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നത് എങ്കില്‍ ഇ-വേ ബില്ല് കരുതണം എന്നാണ് പുതിയ നിര്‍ദേശം. ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട് എന്നാണ് വിമര്‍ശനം.
സ്വര്‍ണം ആഭരണമാക്കി കടകളില്‍ വില്‍പ്പന നടത്തുന്നതിന് മുമ്പ് പല കടമ്പകളും കടക്കേണ്ടതുണ്ട്. ആഭരണം നിര്‍മിക്കുന്ന സ്ഥലത്ത് നിന്ന് ഡൈ വര്‍ക്കിനും കളര്‍ ചെയ്യുന്നതിനും മറ്റൊരിടത്തേക്ക് കൊണ്ടുപോകണം. ഹാള്‍മാര്‍ക്കിങ് ചെയ്യുന്നതിനും വേറെ സ്ഥലത്തേക്ക് കൊണ്ടുപോകണം. മൊത്ത വില്‍പ്പനക്കാര്‍ വിവിധ ജ്വല്ലറികളിലേക്ക് സെലക്ഷന് വേണ്ടി സ്വര്‍ണം കൊണ്ടുപോകാറുണ്ട്.
ഈ ഘട്ടത്തിലെല്ലാം എങ്ങനെയാണ് രേഖകള്‍ സൂക്ഷിക്കേണ്ടതെന്നും ഇ-വേ ബില്ല് നിര്‍ബന്ധമാക്കിയുള്ള നിര്‍ദേശത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും വ്യാപാരികള്‍ പറഞ്ഞു. ഇ-വേ ബില്ലിന്റെ പരിധി 10 ലക്ഷത്തില്‍ നിന്ന് 500 ഗ്രാമിന് മുകളിലേക്ക് എന്ന് ഉയര്‍ത്തണം എന്നാണ് സ്വര്‍ണ വ്യാപാരികളുടെ സംഘടനയായ എകെജിഎസ്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും ട്രഷറര്‍ അഡ്വ. അബ്ദുല്‍ നാസറും ആവശ്യപ്പെടുന്നത്.
വിശദമായ സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്നതിനെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ ആലോചിക്കുമെന്നും അവര്‍ അറിയിച്ചു. അതേസമയം, സ്വര്‍ണം കൈവശം വയ്ക്കുന്ന സ്വകാര്യ വ്യക്തികള്‍ക്ക് രേഖ കാണിച്ച് വ്യാപാര ആവശ്യത്തിനല്ലെന്ന് ബോധ്യപ്പെടുത്താമെന്നും ഇ-വേ ബില്ലുമായി ബന്ധപ്പെട്ട നിര്‍ദേശത്തില്‍ വ്യക്തത കുറവില്ലെന്നുമാണ് ജിഎസ്ടി വൃത്തങ്ങള്‍ നല്‍കുന്ന മറുപടി.
ജിഎസ്ടി വകുപ്പിന്റെ പുതിയ തീരുമാനം സ്വര്‍ണവിലയില്‍ മാറ്റം വരുത്തില്ല. അതുകൊണ്ടുതന്നെ ഉപഭോക്താവിനെ ഇത് ബാധിക്കില്ല. അതേസമയം, ഉദ്യോഗസ്ഥര്‍ നിയമം ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട് എന്നതാണ് വ്യാപാരികളുടെ ആശങ്ക. ജിഎസ്ടി വകുപ്പ് ഇളവ് പ്രഖ്യാപിക്കുകയോ വ്യക്തത വരുത്തുകയോ ചെയ്തില്ലെങ്കില്‍ സമര മാര്‍ഗം സ്വീകരിക്കുമെന്നും വ്യാപാരികള്‍ അറിയിച്ചു.












Click it and Unblock the Notifications