ഇന്ത്യയേക്കാള്‍ 10 ഇരട്ടിയിലേറെ സ്വർണ്ണം അമേരിക്കയുടെ കയ്യില്‍: യുഎഇ ആദ്യ പത്തില്‍ പോലുമില്ല
അടുത്തിടെയായി രാജ്യത്തെ സ്വർണ്ണ ശേഖരം വർധിച്ച് വരികയാണ് റിസ്സർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ). നിലവില്‍ 853.63 ടണ്‍ കരുതല്‍ സ്വർണ ശേഖരമാണ് ആർ ബി ഐയുടെ കൈവശമുള്ളത്. ഇതോടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വർണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ എത്താനും ഇന്ത്യക്ക് സാധിച്ചു. എന്നാല്‍ ഇന്ത്യയുടേതിനേക്കാള്‍ സ്വർണ ശേഖരമുള്ള നിരവധി സെന്‍ട്രല്‍ ബാങ്കുകള്‍ ഈ ലോകത്തുണ്ട്. ആ ബാങ്കുകള്‍ ഏതെല്ലാം രാജ്യത്തേതെന്നാണ് ഇവിടെ പരിശോധിക്കുന്നത്.
ഇന്ത്യയേക്കാൾ ഏകദേശം 10 മടങ്ങ് കരുതല്‍ സ്വർണ്ണ ശേഖരമുള്ള അമേരിക്കയാണ് പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തില്‍ പുറത്തുവിട്ട വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം അമേരിക്കയില്‍ 8133.46 ടൺ സ്വർണ്ണ ശേഖരമാണുള്ളത്. രണ്ടാം പാദത്തിലും ഇതേ അളവില്‍ തന്നെയായിരുന്നു അമേരിക്കയുടെ സ്വർണ്ണ ശേഖരം.

അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കരുതല്‍ സ്വർണ്ണ ശേഖരമുള്ളത് ചൈനീസ് സെന്‍ട്രല്‍ ബാങ്കിലായിരിക്കുമെന്നാണ് പലരും കരുതുക. എന്നാല്‍ ആ ചിന്ത തികച്ചും തെറ്റാണ്. 3351.53 ടൺ സ്വർണ്ണ ശേഖരവുമായ ജർമ്മനിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. വേൾഡ് ഗോൾഡ് കൗൺസിൽ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്വർണ്ണ ശേഖരവും മറ്റൊരു യൂറോപ്യന്‍ രാജ്യത്താണ്. 2024 ലെ മൂന്നാം പാദത്തില്‍ 2451.84 ടൺ സ്വർണ്ണ ശേഖരമാണ് ഇറ്റലിക്കുള്ളത്.
പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ഫ്രാന്‍സിന്റെ കൈവശമുള്ളത് 2436.94 ടൺ സ്വർണ്ണ ശേഖരമാണ്. പട്ടികയിലെ ആദ്യ ഏഷ്യന്‍ രാജ്യം അഞ്ചാം സ്ഥാനത്തുള്ള ചൈനയാണ്. മൂന്നാം പാദത്തിൻ്റെ അവസാനത്തിൽ ചൈനയുടെ സ്വർണ്ണ ശേഖരം 2264.32 ടൺ ആണ്. രണ്ടാം പാദത്തിൽ ചൈനയുടെ സ്വർണ ശേഖം 2262.45 ടണ്‍ ആയിരുന്നു.
1039.94 ടണ്‍ സ്വർണ ശേഖരവുമായി സ്വിറ്റ്‌സർലൻഡ് ആറാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 853.63 ടണ്‍ സ്വർണവുമായി ഇന്ത്യയാണ് ഏഴാമത്. നേരത്തെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 9-ാമത് ആയിരുന്നു. സ്വർണ്ണ ശേഖരത്തിൽ ഏറ്റവും വലിയ വർദ്ധനവുണ്ടായ മികച്ച 5 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നുവെന്നതാണ് ശ്രദ്ധേയം. ജപ്പാന്‍ - 845.97 ടൺ , നെതർലന്‍ഡ്സ് - 612.45 ടണ്‍, ടർക്കി - 595.37 ടണ്‍ എന്നിങ്ങനെയാണ് ആദ്യ പത്തിലുള്ള മറ്റ് രാജ്യങ്ങളുടെ കരുതല്‍ സ്വർണ ശേഖരത്തിന്റെ അളവുകള്‍.
അതേസമയം, കഴിഞ്ഞ ഒക്ടോബറില്‍ 27 ടണ്‍ സ്വർണ്ണമാണ് ആർ ബി ഐ വാങ്ങിയത്. ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടിൽ (ഐ എം എഫ്) നിന്നുള്ള പ്രതിമാസ രേഖകളെ അടിസ്ഥാനമാക്കിയാണ് ഡബ്ല്യു ജി സി റിപ്പോർട്ട് തയ്യാറായാക്കിയത്. ഒക്ടോബറിലെ 27 ടണ്‍ സ്വർണ്ണം കൂടിയായതോടെ ജനുവരി മുതൽ ഒക്ടോബർ വരെ ആർ ബി ഐ വാങ്ങിയ മൊത്തം സ്വർണത്തിന്റെ അളവ് 77 ടണ്ണായി ഉയർന്നു. 2023 ലെ ഇതേ കാലയളവിനെ അപേക്ഷച്ച് അഞ്ചിരട്ടിയിലേറെയാണ് ഇത്തവണത്തെ വർധനവ്. 2023-ൽ 16 ടണ്‍ സ്വർണം മാത്രമായിരുന്നു ഇന്ത്യ വാങ്ങിയത്.












Click it and Unblock the Notifications