അറിയാമോ ഈ 'മോദി' കുടുംബത്തെ; പിതാവിന് 23,450 കോടിയുടെ ബിസിനസ് സാമ്രാജ്യം; മക്കളും ഒട്ടും പിന്നിലല്ല
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന ക്രിക്കറ്റ് മാമാങ്കം തുടക്കം മുതൽ കാണുന്നവർക്ക് എല്ലാം അറിയുന്ന പേരാണ് ലളിത് മോദിയുടേത്. എന്നാൽ പിന്നീട് തട്ടിപ്പ് കേസിൽപ്പെട്ട ലളിത് മോദിയുടെ മുഖവും നിങ്ങളിൽ പലരും പെട്ടെന്നൊന്നും മറക്കാൻ ഇടയില്ല. അതൊക്കെ പഴയകഥ, ഇന്നിപ്പോൾ എല്ലാം മാറി മറിഞ്ഞു. പലർക്കും സ്വപ്‌നം കാണാൻ കഴിയാത്ത അത്രയും ഉയരത്തിലാണ് ലളിത് മോദി എന്ന ബിസിനസ് അതികായന്റെ സ്ഥാനം.
അദ്ദേഹത്തിന്റെ കുടുംബവും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. ബിസിനസിൽ ലളിത് മോദിയുടെ പാരമ്പര്യം കാത്തു സൂക്ഷിച്ചുകൊണ്ട് മക്കളായ രുചിറും ആലിയയും ബിസിനസിലേക്ക് കാലെടുത്ത് വച്ചിട്ട് അധിക നാളായിട്ടില്ല. എങ്കിലും പിതാവിന്റെ വിജയ കഥകളിൽ നിന്ന് പ്രചോദനം ഏറ്റെടുത്ത ഇരുവരും ഇപ്പോൾ അറിയപ്പെടുന്ന സംരഭകരാണ്.

ഒരുകാലത്ത് വിവാദ നായകനായിരുന്നു ലളിത് മോദി എന്ന വ്യക്തിയെങ്കിൽ ഇന്ന് അതൊക്കെ ആളുകൾ മറന്നു കഴിഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും മികച്ച സംരംഭകരിൽ ഒരാളായി അദ്ദേഹം ഇപ്പോൾ മാറി കഴിഞ്ഞുവെന്നതാണ് പ്രധാന കാര്യം. ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം ലളിത് മോദിയുടെ ആസ്‌തി ഏകദേശം 4555 കോടിയോളം രൂപയാണ്.
എന്നാൽ അദ്ദേഹം നേതൃത്വം നൽകുന്ന ബിസിനസ് സാമ്രാജ്യമായ മോദി എന്റർപ്രൈസസിന്റെ വിപണി മൂല്യം ഇതിന്റെ നാലിരട്ടിയോളമാണ്. ഏതാണ്ട് 2.8 ബില്യൺ യുഎസ് ഡോളറാണ് ഇതിന്റെ മൂല്യം, അതായത് 23,450 കോടി രൂപ. കാലങ്ങളായി തന്റെ ബിസിനസ് മികവും പരിചയവും കൊണ്ട് ലളിത് മോദി ഉണ്ടാക്കിയെടുത്ത സാമ്രാജ്യമാണിത്.
എന്നാൽ മക്കളായ ആലിയയും രുചിറും സംരഭകത്വത്തിന്റെ കാര്യത്തിൽ ഒട്ടും പുറകിലല്ല. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റീരിയർ ഡിസൈൻ കമ്പനിയായ എഎംആർഎം ഇന്റർനാഷണൽ കൺസൾട്ടന്റ്‌സ് ലിമിറ്റഡിന്റെ സ്ഥാപകയും സിഇഒയുമാണ് ലളിത് മോദിയുടെ മകൾ ആലിയ എന്നത് നമ്മളിൽ പലർക്കും അറിയാത്ത കാര്യമാണ്.
ഈ കമ്പനിയുടെ ഇന്നത്തെ മൂല്യം 1 മില്യൺ ഡോളർ അല്ലെങ്കിൽ 8.3 കോടി രൂപയോളം വരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സഹോദരൻ രുചിർ മോദി ആവട്ടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വൻകിട സംരംഭകരിൽ ഒരാൾ കൂടിയാണ്. ഗോഡ്‌ഫ്രെ ഫിലിപ്‌സ് ഇന്ത്യ ലിമിറ്റഡ്, മോദി എന്റർപ്രൈസസ്, കെകെ മോദി ഗ്രൂപ്പ്, മോദികെയർ എന്നിങ്ങനെ ഒട്ടേറെ കമ്പനികളുടെ ഡയറക്‌ടറാണ് രുചിർ മോദി.
അതേസമയം, ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സ്ഥാപകനും ആദ്യ ചെയർമാനും ലീഗ് കമ്മീഷണറുമായ അദ്ദേഹം 2010 വരെ മൂന്ന് വർഷത്തോളം ടൂർണമെന്റ് നടത്തുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു. പിന്നീടാണ് മോശം പെരുമാറ്റം, അച്ചടക്കമില്ലാമ, സാമ്പത്തിക ക്രമക്കേട് എന്നിവ ചൂണ്ടിക്കാട്ടി ലളിത് മോദിയെ ബിസിസിഐയിൽ നിന്ന് സസ്പെൻഡ് ചെയ്‌തത്.
ഈ ആരോപണങ്ങളിൽ ലളിത് മോദി കുറ്റക്കാരനാണെന്ന് ഒരു കമ്മിറ്റി കണ്ടെത്തിയതിനെത്തുടർന്ന് 2013ൽ അദ്ദേഹത്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിക്കുന്നതിന് തൊട്ടുമുൻപ് അദ്ദേഹം രാജ്യം വിടുകയായിരുന്നു.












Click it and Unblock the Notifications