ലുലു ഗ്രൂപ്പിനെ ഓടിക്കുമോ? കച്ച കെട്ടി ഇറങ്ങി ജഗനും കൂട്ടരും: ഒന്നും നടക്കില്ല, എല്ലാ പിന്തുണയുമെന്ന് സർക്കാർ
ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ച ടി ഡി പി സർക്കാർ നയത്തിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഒരു പ്രതിപക്ഷ കക്ഷിയായ വൈ എസ് ആർ കോൺഗ്രസ് പാർട്ടി. വിശാഖപട്ടണം ജില്ലയിലെ പ്രാദേശിക പ്രശ്നങ്ങളും രാഷ്ട്രീയ സംഭവവികാസങ്ങളും ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത പാർട്ടിയുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. വൈ എസ് ആർ സി പി ജില്ലാ പ്രസിഡന്റ് കെ.കെ. രാജു അധ്യക്ഷനായിരുന്ന യോഗത്തിൽ മുതിർന്ന നേതാവും എം എൽ സിയുമായ ബൊട്ട്ച സത്യനാരായണ, മുൻ മന്ത്രി ഗുഡിവാഡ അമർനാഥ്, മറ്റ് പാർട്ടി നേതാക്കളും പങ്കെടുത്തു.
ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ച തീരുമാനത്തിനൊപ്പം തന്നെ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിന്റെ (വിഎസ്പി) സ്വകാര്യവൽക്കരണത്തിനെതിരെയും പാർട്ടി പ്രതിഷേധം സംഘടിപ്പിക്കും. യോഗത്തിൽ, വിഎസ്പി സ്വകാര്യവൽക്കരണത്തെക്കുറിച്ചുള്ള "രാഷ്ട്രീയ നാടകത്തെ" ശക്തമായി അപലപിച്ച സത്യനാരായണ, സ്റ്റീല്‍ പ്ലാന്റ് നോർത്ത് ആന്ധ്രയിലെ ജനങ്ങൾക്ക് മാത്രമല്ല, മുഴുവൻ ആന്ധ്രാപ്രദേശിനും വൈകാരികമായ പ്രാധാന്യമുള്ളതാണെന്നും ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പിന് മുമ്പ് സ്റ്റീല്‍ പ്ലാന്റിനെ സ്വകാര്യവൽക്കരണത്തിൽ നിന്ന് സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടും എൻഡിഎ സർക്കാർ ഈ വിഷയത്തിൽ അനാസ്ഥ കാണിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. വൈ എസ് ആർ സി പി ഉടൻ തന്നെ സ്വകാര്യവൽക്കരണത്തിനെതിരെയുള്ള പ്രവർത്തന പദ്ധതി രൂപീകരിക്കുമെന്നും, ഇതിന്റെ ഭാഗമായി പാർട്ടി നേതാക്കളെയും ട്രേഡ് യൂണിയൻ പ്രതിനിധികളെയും ക്ഷണിച്ച് റൗണ്ട് ടേബിൾ മീറ്റിംഗ് സംഘടിപ്പിക്കുമെന്നും സത്യനാരായണ പറഞ്ഞു.
ലുലു ഗ്രൂപ്പിന് ഭൂമി നല്‍കിയതില്‍ വലിയ അഴിമതിയാണ് നടന്നിരിക്കുന്നുവെന്നും യോഗം വിലയിരുത്തി. ബീച്ച് റോഡിലെ സുപ്രധാനമായഭൂമി നാമമാത്രമായ നിരക്കിൽ കൈമാറിയതിനെ അപലപിച്ച നേതാക്കൾ, ഈ വിഷയത്തിൽ വൻ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഭൂമി സർക്കാർ ഉടമസ്ഥതയില്‍ തന്നെ നിലനിർത്തി ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന മറ്റ് പദ്ധതികള്‍ക്കായി ഉപയോഗപ്പെടുത്തണമെന്നും യോഗം നിർദേശിച്ചു.
വിശാഖപട്ടണത്ത് മാത്രമല്ല വിജയവാഡയിലും ലുലുവിന് ഭൂമി അനുവദിക്കുന്നതില്‍ സർക്കാർ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന വിമർശനവും വൈ എസ് ആർ സി പി നേതാക്കള്‍ ഉയർത്തുന്നു. എ പി എസ് ആർ ടി സി (ആന്ധ്ര പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ) ഭൂമി ലുലു ഗ്രൂപ്പിന് അനുവദിച്ച സർക്കാർ തീരുമാനത്തിനിതെരി വിവിധ രാഷ്ട്രീയ കക്ഷികളും തൊഴിലാളി യൂണിയനുകളും ഇതിനോടകം തന്നെ പ്രതിഷേധവുമായി രംഗത്തുണ്ട്.
എന്നാല്‍ ലുലുവിന് പൂർണ്ണ പിന്തുണയാണ് ആന്ധ്രപ്രദേശ് സർക്കാർ നല്‍കുന്നത്. 2017 ല്‍ തന്നെ ആന്ധ്രയില്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിട്ട ലുലുവിന് അന്നത്തെ ചന്ദ്രബാബു നായിഡു സർക്കാർ വിശാഖപട്ടണത്ത് ഭൂമി അനുവദിച്ചിരുന്നു. എന്നാല്‍ തുടർന്ന് അധികാരത്തില്‍ വന്ന ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സർക്കാർ ഇത് റദ്ദാക്കുകയായിരുന്നു. വീണ്ടും വർഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വർഷം മുഖ്യമന്ത്രി കസേരയിലേക്ക് തിരിച്ച് എത്തിയ ചന്ദ്രബാബു നായിഡു ലുലുവിനെ സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാന്‍ തീവ്രശ്രമം നടത്തുകയായിരുന്നു.
കോടിക്കണക്കി രൂപയുടെ നിക്ഷേപവും ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലിയും വാഗ്ദാനം ചെയ്യുന്ന പദ്ധതികളാണ് ലുലു ആന്ധ്രക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. വിജയവാഡ, വിശാഖപട്ടണം എന്നിവയ്ക്ക് പുറമെ തിരുപ്പതിയിലും ലുലുവിന് മാള്‍ നിർമ്മിക്കാന്‍ പദ്ധതിയുണ്ട്. വിജയവാഡയില്‍ 4.15 ഏക്കറും വിശാഖപട്ടണത്ത് 13.7 ഏക്കറും ലുലുവിന് പാട്ടത്തിന് നല്‍കാന്‍ സർക്കാർ തീരുമാനിക്കുകയും അത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. എന്നാല്‍ പിന്നാലെ പ്രതിഷേധവും ഉയരുകയായിരുന്നു.












Click it and Unblock the Notifications