ലുലു മാള്‍ കോഴിക്കോടിന്റെ വമ്പന്‍ പ്രഖ്യാപനം, ഇനി അര്‍ധരാത്രിയിലും ഷോപ്പിംഗ്; കൈയടിച്ച് ജനങ്ങള്‍
കോഴിക്കോട്: മലബാറുകാരുടെ ഏറെ നാളത്തെ സ്വപ്‌നമായിരുന്ന ലുലു മാള്‍ സെപ്തംബര്‍ ഒമ്പതിനാണ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. പത്തോളം പ്രധാന മാളുകളുള്ള നഗരമായിട്ടും ലുലു മാളിന്റെ അഭാവം കോഴിക്കോടിന് ഒരു പോരായ്മയായിരുന്നു. ഇതിന് പരിഹാരമെന്നോണമോണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി കോഴിക്കോടും ലുലു മാള്‍ തുറക്കുകയാണ് എന്ന് അറിയിച്ചത്.
പ്രഖ്യാപനത്തിന് പിന്നാലെ അതിവേഗം നിര്‍മാണം പൂര്‍ത്തിയാക്കിയ ലുലു മാളില്‍ ആദ്യ ദിനം തൊട്ട് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സെപ്തംബര്‍ എട്ടിനായിരുന്നു മാളിന്റെ ഔദ്യോഗിക ഉദ്ഘാടനം. തിങ്കളാഴ്ച രാവിലെ 11 മണി തൊട്ടാണ് മാളിലേക്ക് ആളുകള്‍ക്ക് പ്രവേശനം അനുവദിച്ചത്. അന്ന് മുതല്‍ ആളുകളുടെ വന്‍ തിരക്കാണ് മാളില്‍ അനുഭവപ്പെടുന്നത്. ഷോപ്പിംഗിനായും മാള്‍ കാണാനായും ആയിരക്കണക്കിന് പേരാണ് ദിവസവും വരുന്നത്.

പ്രവൃത്തിദിനമായിരുന്നിട്ട് കൂടി തിരക്കിന് കുറവുണ്ടായിട്ടില്ല. വൈകുന്നേരങ്ങളിലാകട്ടെ മാങ്കാവില്‍ ഇതിന്റെ പേരില്‍ വന്‍ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ഓണക്കാലം കൂടിയായതാണ് ഈ തിരക്കിന് പിന്നില്‍. ഇതോടെ പൊതുജനങ്ങള്‍ക്ക് സഹായകമാകുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ലുലു മാള്‍ അധികൃതര്‍. മാളിന്റെ പ്രവര്‍ത്തന സമയം അര്‍ധരാത്രി വരെ നീട്ടിയിരിക്കുകയാണ്.
സാധാരണഗതിയില്‍ രാവിലെ 9-10 മണി മുതല്‍ രാത്രി 11 മണി വരെയാണ് രാജ്യത്തെ എല്ലാ ലുലു മാളുകളും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇന്നലെ മുതല്‍ അര്‍ധരാത്രി 12 മണി വരെ മാള്‍ പ്രവര്‍ത്തിക്കും ലുലു മാള്‍ അധികൃതര്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 22 വരെ ഈ സമയക്രമം പാലിക്കും എന്നും ലുലു മാള്‍ അധികൃതര്‍ വ്യക്തമാക്കി.
'നിങ്ങളുടെ സ്‌നേഹം കൂടുതല്‍ സമയം അര്‍ഹിക്കുന്നു. ഞങ്ങള്‍ ഇന്ന് മുതല്‍ ഞങ്ങളുടെ സമയം രാത്രി 12 മണി വരെ നീട്ടുന്നു. കോഴിക്കോട് ലുലു മാള്‍ സന്ദര്‍ശിച്ച് രാത്രി വൈകിയുള്ള നിങ്ങളുടെ ഷോപ്പിംഗ് വിനോദം പരമാവധി പ്രയോജനപ്പെടുത്തൂ,' എന്നാണ് ഈ തീരുമാനം അറിയിച്ച് കൊണ്ട് കോഴിക്കോട് ലുലു മാള്‍ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്. കോഴിക്കോട് നഗരഹൃദയത്തില്‍ നിന്ന് മാറി മാവൂര്‍ റോഡിന് സമീപം മാങ്കാവില്‍ ആണ് ലുലു മാള്‍ സ്ഥിതി ചെയ്യുന്നത്.
മൂന്നര ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയാണ് ലുലു മാള്‍ ഒരുക്കിയിരിക്കുന്നത്. ഒന്നരലക്ഷം സ്‌ക്വയര്‍ ഫീറ്റിലാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്. ഹൈപ്പര്‍മാര്‍ക്കറ്റില്‍ മുന്‍നിര ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളും മലബാറിലെ കാര്‍ഷിക മേഖലയില്‍ നിന്നുള്ള പഴം, പച്ചക്കറി, പാല്‍ എന്നിവയും മാളില്‍ ലഭ്യമാകും.
ഇത് കൂടാതെ ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നിവയും വടക്കന്‍ കേരളത്തിലെ ഏറ്റവും മികച്ച ഇന്‍ഡോര്‍ ഗെയിമിങ്ങ് കേന്ദ്രമായ ഫണ്‍ടൂറയും കോഴിക്കോട് ലുലുവിന്റെ പ്രത്യേകതയാണ്. ഫുഡ് കോര്‍ട്ടില്‍ 500 ല്‍ അധികം പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാം. കെഎഫ്‌സി, ചിക്കിങ്ങ്, പിസ ഹട്ട്, ബാസ്‌കിന്‍ റോബിന്‍സ്, ഫ്‌ലെയിം ആന്‍ ഗോ, സ്റ്റാര്‍ബക്‌സ് തുടങ്ങിയ ലോകോത്തര ഫുഡ് ബ്രാന്‍ഡുകളുടെ വിഭവങ്ങള്‍ ലുലുവില്‍ ലഭ്യമാകും.
1800 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് പാര്‍ക്കിംഗ് ഏരിയയില്‍ ഒരുക്കിയിരിക്കുന്നത്. 800 കോടി രൂപയാണ് കോഴിക്കോട്ടെ ലുലു മാളിന്റെ നിര്‍മാണ ചെലവ്. ലോകോത്തര ഷോപ്പിംഗ് അനുഭവത്തിന് പുറമെ രണ്ടായിരം പേര്‍ക്ക് പുതിയ തൊഴിലവസരവും ലുലു ഗ്രൂപ്പ് തുറന്നിട്ടുണ്ട്. കേരളത്തിലെ ലുലുവിന്റെ നാലാമത്തെ മാളാണിത്. കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലാണ് ലുലുവിന്റെ മറ്റ് മാളുകള്‍ ഉള്ളത്.












Click it and Unblock the Notifications