ഓണം പൊളിപൊളിക്കുമെന്നുറപ്പ്... സ്വര്‍ണത്തില്‍ മാത്രം 7000 കോടി! ഓണക്കോടിയിലും കോടികള്‍ പൊടിയും
ഓണക്കാലം മലയാളികളുടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും നാളുകളാണ്. എല്ലാ ആഘോഷങ്ങളുടേയും ആരംഭം വ്യാപാര മേഖലകളിലാണ്. പുത്തന്‍ വസ്ത്രങ്ങളും ആഭരണങ്ങളും സമ്മാനങ്ങളും ഒരുക്കി എല്ലാ വ്യാപാര മേഖലകളും ഓണത്തിനായി ഒരുങ്ങി കഴിഞ്ഞു. കഴിഞ്ഞ മാസം അവസാനം തന്നെ പല കടകളിലും ഓണം ഓഫര്‍ എത്തി തുടങ്ങിയിട്ടുണ്ട്. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളില്‍ ആണ് പലപ്പോഴും ഓണത്തിന് ഗംഭീര ഓഫറുകള്‍ വരുന്നത്.
അതോടൊപ്പം വസ്ത്രം, വാഹനം തുടങ്ങിയ വിപണികളിലും ഓണത്തിന് ഇരട്ടിയിലേറെ വ്യാപാരമാണ് ഇക്കുറിയും പ്രതീക്ഷിക്കുന്നത്. വില റോക്കറ്റ് പോലെ കുതിക്കുകയാണെങ്കിലും സ്വര്‍ണ വിപണിയും ഓണക്കാലത്തിന്റെ പ്രതീക്ഷയിലാണ്. ഓണത്തിന്റെ പത്ത് ദിവസങ്ങളിലായി ഏകദേശം 7000 കോടി രൂപയുടെ വ്യാപാരം സ്വര്‍ണ വിപണിയില്‍ പ്രതീക്ഷിക്കുന്നുണ്ട് എന്നാണ് ജ്വല്ലറി ഉടമകള്‍ പറയുന്നത്.

2023 ല്‍ ഓണത്തിന്റെ പത്ത് ദിനങ്ങളില്‍ 5000 കോടി രൂപയുടെ സ്വര്‍ണ വില്‍പനയാണ് നടന്നത്. 2022 നെ അപേക്ഷിച്ച് 20-25 ശതമാനം അധികമായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് റെക്കോഡ് ഉയരത്തിലാണ് സ്വര്‍ണവില. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53360 രൂപയാണ് വില. വരും ദിവസങ്ങളിലും സ്വര്‍ണ വില ഉയരാന്‍ തന്നെയാണ് സാധ്യത എന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം.
എന്നാല്‍ ഓണക്കാലം വിവാഹ സീസണ്‍ കൂടി ആയതിനാല്‍ വില കൂടിയാലും സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറയില്ല. ശരാശരി 20-25 പവന്‍ വരെയാണ് വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നത്. ഇതിനോടൊപ്പം ഓണ സമ്മാനമായി കമ്മല്‍, മോതിരം, വള, മൂക്കുത്തി തുടങ്ങിയവ വാങ്ങുന്നവരുമുണ്ട്. ഇവരെ ആകര്‍ഷിക്കാനായി നിരവധി ഓഫറുകളാണ് സ്വര്‍ണ വിപണിയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
പ്രതിവര്‍ഷം ശരാശരി ഒരുലക്ഷം കോടി രൂപയുടെ സ്വര്‍ണാഭരണ വില്‍പനയാണ് സംസ്ഥാനത്ത് നടക്കുന്നത്. 2021-22ല്‍ സ്വര്‍ണാഭരണങ്ങളുടെ വിറ്റുവരവ് 1.05 ലക്ഷം കോടി രൂപയായിരുന്നു. ഒരുദിവസം ശരാശരി 250 കോടി രൂപയുടെ സ്വര്‍ണ ആഭരണങ്ങളാണ് കേരളത്തില്‍ വിറ്റഴിയുന്നത്.
വസ്ത്ര വിപണിയുടെ പൊന്നോണക്കാലം
ഏത് സാധാരണക്കാരും കോടി വാങ്ങും എന്നതാണ് ഓണക്കാലത്തിന്റെ പ്രത്യേകത. അതിനാല്‍ തന്നെ ഇക്കാലത്ത് ഏറ്റവും കൂടുതല്‍ വ്യാപാരം നടക്കുന്നത് വസ്ത്രവിപണിയിലാണ്. കുടുംബത്തിലെ എല്ലാവര്‍ക്കുമായി ഓണക്കോടി വാങ്ങണം എന്നതിനാല്‍ തന്നെ ഒരു നാലംഗ കുടുംബം ഏറ്റവും കുറഞ്ഞത് 3000-5000 രൂപയില്‍ പര്‍ച്ചേസ് നടത്തും. മുകളില്‍ പറഞ്ഞ വിവാഹ സീസണ്‍ വസ്ത്രവിപണിയിലും പ്രതിഫലിക്കും.
ഒരു വര്‍ഷം 25000 കോടി രൂപയുടെ വില്‍പനയാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇതിന്റെ പകുതിയും ഓണക്കാലത്താണ് എന്നതാണ് മറ്റൊരു പ്രത്യേകത. ആ ഓണത്തിന് 8,000 മുതല്‍ 10,000 കോടി രൂപയുടെ വരെ വില്‍പനയാണ് പ്രതീക്ഷിക്കുന്നത്.
ഇലക്ട്രോണിക്‌സ് മേഖലയും കളറാകും
ഓണക്കാലത്ത് ഓഫറുകളുടെ പെരുമഴ തീര്‍ക്കുന്ന മറ്റൊന്ന് ഇലക്ട്രോണിക്‌സ് മേഖലയാണ്. ടിവി, മൊബൈല്‍, എസി, വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങള്‍ക്ക് 50 ശതമാനം വരെ ഓഫറും എക്‌സ്‌ചേഞ്ച് സൗകര്യവും ഓണക്കാലത്തെ സ്ഥിരം കാഴ്ചകളിലൊന്നാണ്. കഴിഞ്ഞവര്‍ഷത്തെ ഓണക്കാലത്ത് ഇലക്ട്രോണിക്‌സ് മേഖലയിലാകെ 4500 കോടിയുടെ വില്‍പനയാണ് നടന്നതെങ്കില്‍ ഇത്തവണ 5500-6000 കോടി രൂപയുടെ വില്‍പനയാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications