പ്രതീക്ഷ വേണ്ട; പലിശ നിരക്കുകള്‍ കുറയില്ല: റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്തി ആർബിഐ
മുംബൈ: റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ). 6.5 ശതമാനമായി റിപ്പോ നിരക്ക് തുടരും. മുംബൈയില്‍ ചേർന്ന പണനയ സമിതി യോഗത്തിന് ശേഷം ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് തീരുമാനം പ്രഖ്യാപിച്ചത്. 2023 ഫെബ്രുവരിയിലാണ് അവസാനമായി റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയത്. തുടർച്ചയായി പത്താം തവണയും ഈ നിരക്ക് തന്നെ തുടരുകയാണ്.
റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുന്ന സാഹചര്യത്തില്‍ വാഹന, ഭവന, വ്യക്തികത വായ്പകളുടെ പലിശ നിരക്കില്‍ മാറ്റമുണ്ടാകില്ല. ആറംഗ പണനയ സമിതിയിലെ ആറുപേരും റിപ്പോ നിരക്ക് നിലവിലേത് തന്നെ തുടരണമെന്ന നിലപാട് സ്വീകരിച്ചപ്പോള്‍ മറ്റ് രണ്ടുപേർ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പണപ്പെരുപ്പം, അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍, ആഭ്യന്തര വളർച്ചാ മുരടിപ്പ് എന്നിവയെല്ലാം പരിഗണിച്ചാണ് എന്നിവയെല്ലാം പരിഗണിച്ചാണ് നിരക്ക് തുടരാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.

2022 മെയ് മുതൽ തുടർച്ചയായി ആറ് തവണ ഉയർത്തിയാണ് 6.5 എന്ന നിരക്കിലേക്ക് ആർ ബി ഐ എത്തിയിരുന്നത്. കോവിഡ് കാലത്തെ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഈ വർധനവ്. തുടർന്നുണ്ടായ ഓരോ യോഗത്തിലും നിരക്കില്‍ ഇളവ് വരുത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും പതിനൊന്ന് തവണയും യാതൊരു മാറ്റവുമുണ്ടായില്ല. രണ്ട് മാസത്തിലൊരിക്കൽ ചേരുന്ന പണനയ രൂപീകരണ സമിതി ഈ സാമ്പത്തിക വർഷത്തെ വളർച്ചാ ലക്ഷ്യം ജൂലൈ-സെപ്റ്റംബർ പാദത്തിലെ 7.3 ശതമാനത്തിൽ നിന്ന് 6.6 ശതമാനമായി താഴ്ത്തിയെന്നതും ശ്രദ്ധേയാണ്.
വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് എടുക്കുന്ന വായ്പകള്‍ക്ക് നല്‍കേണ്ട പലിശ നിരക്കാണ് റിപ്പോ. ഈ നിരക്കിലെ വ്യത്യാസത്തിന് അനുസരിച്ചാണ് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ നല്‍കുന്ന വായ്പകളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത്. റിപ്പോ നിരക്ക് കുറഞ്ഞാല്‍ സ്വാഭാവികമായും ബാങ്കുകളും പലിശ നിരക്ക് കുറയ്ക്കാന്‍ നിർബന്ധിതരാകും.
അതേസമയം രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പാദന (ജി ഡി പി) വളർച്ചാ നിരക്ക് വലിയ തോതില്‍ ഇടിഞ്ഞിരുന്നു. നടപ്പ് സാമ്പത്തിക വർഷമായ 2024-25 ലെ രണ്ടാംപാദമായ ജുലൈ-സെപ്റ്റംബറലെ വളർച്ചാ നിരക്ക് 5.4 ശതമാനമായിട്ടാണ് കൂപ്പുകുത്തിയത്. കഴിഞ്ഞ 21 മാസങ്ങള്‍ക്ക് ഇടയിലെ ഏറ്റവും മോശം വളർച്ചയാണിത്. 2023-24 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തില്‍ വളർച്ച് 8.1 ശതമാനമായിരുന്നു എന്നതാണ് ശ്രദ്ധേയം.












Click it and Unblock the Notifications