മൊത്തം കടം 15000 കോടി, എന്നിട്ടും ബിസിസിഐയുടെ കടം മാത്രം വീട്ടിയതെന്തിന്? ബൈജൂസിനോട് സുപ്രീം കോടതി
ന്യൂഡല്‍ഹി: എഡ് ടെക് ഭീമനായ ബൈജൂസിനെതിരെ സുപ്രീം കോടതി. കമ്പനി 15000 കോടി രൂപ കടത്തിലായിട്ടും ബിസിസിഐയുടെ മാത്രം കുടിശ്ശിക തീര്‍ക്കാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി ചോദിച്ചു. സ്ഥാപനത്തിനെതിരായ പാപ്പരത്വ നടപടികള്‍ അവസാനിപ്പിക്കുമ്പോള്‍ പാപ്പരത്വ അപ്പീല്‍ ട്രിബ്യൂണല്‍ എന്‍സിഎല്‍എടി വേണ്ടത്ര ശ്രദ്ധ കാണിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി.
ബിസിസിഐയുടെ 158.9 കോടി രൂപ കുടിശ്ശിക തീര്‍പ്പാക്കുന്നതിന് ആഗസ്റ്റ് രണ്ടിന് നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍ടി) ബൈജൂസിനെ അനുവദിച്ചിരുന്നു. ഇത് കമ്പനിയെ സംബന്ധിച്ച് വലിയ ആശ്വാസം പകരുന്ന നടപടിയായിരുന്നു. കമ്പനിയുടെ നിയന്ത്രണത്തിലേക്ക് തിരിച്ചെത്താനും സ്ഥാപകനായ ബൈജൂ രവീന്ദ്രനെ ഇത് അനുവദിച്ചിരുന്നു.

എന്നാല്‍ ബൈജൂസില്‍ നിക്ഷേപമുള്ള യുഎസിലെ ഗ്യാസ് ട്രസ്റ്റ് കമ്പനി എല്‍എല്‍സി സുപ്രീം കോടതിയെ സമീപിച്ചതോടെ ആഗസ്റ്റ് 14-ാം തിയ്യതി പ്രവര്‍ത്തനങ്ങള്‍ കോടതി സ്റ്റേ ചെയ്യുകയായിരുന്നു. സെറ്റില്‍മെന്റിന്റെ ഭാഗമായി ബൈജൂസില്‍ നിന്ന് ലഭിച്ച തുക പ്രത്യേകമായ ഒരു ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ ബിസിസിഐ.ാേട് സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്തു.
15000 കോടി രൂപയുടെ കടത്തിലാണ് കമ്പനി. കടത്തിന്റെ അളവ് വളരെ വലുതായിരിക്കുമ്പോള്‍ ഒരു പ്രമോട്ടര്‍ തങ്ങള്‍ക്കു മാത്രം പണം നല്‍കാന്‍ തയാറായെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ബിസിസിഐക്ക് കഴിയുമോ എന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചത്. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച്, കേസ് അപ്പീല്‍ ട്രിബ്യൂണലിലേക്ക് തിരിച്ചയച്ചേക്കുമെന്ന് സൂചനയും നല്‍കി.
ബിസിസിഐ സെറ്റില്‍മെന്റ് തുക ക്ലെയിം ചെയ്യുകയും ബിസിസിഐക്ക് നല്‍കിയ സെറ്റില്‍മെന്റ് പണം കളങ്കിതമെന്ന് വിളിക്കുകയും ചെയ്തതിന് ശേഷം ബൈജുവിനെതിരായ പാപ്പരത്ത നടപടികള്‍ എന്‍സിഎല്‍എടി നിര്‍ത്തേണ്ടതില്ലെന്ന് ഗ്ലാസ് ട്രസ്റ്റ് എല്‍എല്‍സിക്ക് വേണ്ടി വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ പറഞ്ഞു.
എന്നാല്‍ ബൈജു രവീന്ദ്രന്റെ സഹോദരന്‍ റിജു രവീന്ദ്രന്‍ തന്റെ സ്വകാര്യ സ്വത്തുക്കളില്‍ നിന്നാണ് പണം നല്‍കിയതെന്നും എന്‍സിഎല്‍എടി പാപ്പരത്ത കേസ് അവസാനിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും ബൈജുവിനെ പ്രതിനിധീകരിച്ച് അഭിഭാഷകരായ അഭിഷേക് സിംഗ്വിയും എന്‍കെ കൗളും പറഞ്ഞു. ബിസിസിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഇതേ നിലപാടാണ് സ്വീകരിച്ചത്.
2019 ലാണ് ബിസിസിഐയും ബൈജൂസും കരാറില്‍ ഏര്‍പ്പെടുന്നത്. 2022 വരെ കൃത്യമായി പേയ്മെന്റുകള്‍ അടച്ചെങ്കിലും പിന്നീട് ബൈജൂസ് സ്‌പോണ്‍സര്‍ഷിപ്പ് ഫീയായ 158.9 കോടിയില്‍ വീഴ്ച വരുത്തി. ഈ കടം അടുത്തിടെ വീട്ടിയതിനെയാണ് സുപ്രീം കോടതി ചോദ്യം ചെയ്തത്.












Click it and Unblock the Notifications