ചിറക്കൽ പുഴാതി സോമേശ്വര ക്ഷേത്രത്തിലെ അഖില ഭാരത ശ്രീമദ് മഹാഭാഗവതം സത്രത്തില്‍ ഭക്തജനപ്രവാഹം
ചിറക്കല്‍: ചിറക്കൽ പുഴാതി സോമേശ്വര ക്ഷേത്രത്തിലെ അഖില ഭാരത ശ്രീമദ് മഹാഭാഗവതം സത്രത്തില്‍ രണ്ടാം ദിവസവും വൻ ഭക്തജനപ്രവാഹം. ശ്രീമദ് ഭാഗവതം ശാസ്ത്ര ഗ്രന്ഥമാണെന്നും മനശുദ്ധീകരണത്തിന് സാധിക്കുന്ന ഗ്രന്ഥം കൂടിയാണിതെന്നും തൃശ്ശൂര്‍ നടുവില്‍ ബ്രഹ്‌മസ്വം മഠം മൂപ്പില്‍ സ്വാമിയാര്‍ സ്വാമിയെന്ന് അറിയപ്പെടുന്ന അച്യുത ഭാരതി സ്വാമികള്‍ പറഞ്ഞു. ചിറക്കല്‍ പുഴാതി സോമേശ്വരക്ഷേത്രത്തിലെ ദ്വാരകാപുരിയില്‍ അഖില ഭാരത ശ്രീമദ് മഹാഭാഗവതം സത്രത്തില്‍ രണ്ടാം ദിവസമായ തിങ്കളാഴ്‌ച രാവിലെ ഭാഗവത മാഹാത്മ്യം മനന സത്ര സഭയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നന്മയ്ക്ക് വേണ്ടിയുള്ള മാര്‍ഗങ്ങളാണ് ശാസ്ത്രം. ആചരിക്കപ്പെടുന്നതാണ് ശാസ്ത്രം. ഭാഗവതശാസ്ത്രം ഉദ്‌ബോധിപ്പിക്കുന്നത് ധര്‍മ്മമാണ്. സത്യം പരം ധീമഹി എന്നാണ് ഭാഗവതം പഠിപ്പിക്കുന്നത്. ആധ്യാത്മിക ദുഃഖമില്ലാതാക്കാന്‍ ഭാഗവത ശ്രവണം മതി. എല്ലാ ഗ്രന്ഥങ്ങളുടെയും സാരമാണ് ഭാഗവതം. ഋഷിമാരുടെ വാക്ക് കേള്‍ക്കാന്‍ സുകൃതം ചെയ്യണം. ബ്രഹ്‌മ സൂത്രങ്ങളുടെയും ഗായത്രി മന്ത്രങ്ങളുടെയും വേദാര്‍ത്ഥങ്ങളുടെയും പുരാണങ്ങളുടെയും സാരമാണ്, വ്യാഖ്യാനമാണ് ഭാഗവതം. അത് ഭക്തി പ്രധാനവുമാണെന്നും സ്വാമികള്‍ പറഞ്ഞു.

അറിവാണ് സത്യം. ബോധ്യമായ അറിവിനെയാണ് പരമ തത്ത്വത്തെയാണ് ധ്യാനിക്കുന്നത്.സര്‍വ ശാസ്ത്രങ്ങളുടെയും സാരമാണ് ഭാഗവതം.12 ദിവസങ്ങളിലായി സത്രത്തിലൂടെ ഭാഗവതം പൂര്‍ണമായും മനസ്സിലാക്കാമെന്നും സ്വാമികള്‍ വ്യക്തമാക്കി.
പന്ത്രണ്ട് സ്‌കന്ദങ്ങളും 335 അധ്യായങ്ങളും 18 ആയിരം ഗ്രന്ഥവും അടങ്ങുന്നതാണ് ശ്രീമദ് ഭാഗവതം. ഒരു ഗ്രന്ഥമെന്നാല്‍ 32 അക്ഷരമെന്നും സ്വാമി വിശദീകരിച്ചു. ഭാഗവത മാഹാത്മ്യവും ഒന്നാം അധ്യായത്തെക്കുറിച്ചുമാണ് മൂപ്പില്‍ സ്വാമിയാര്‍ പ്രഭാഷണം നടത്തിയത്. ഗുരുവായൂര്‍ മണിസ്വാമി, ഉണ്ണിക്കൃഷ്ണന്‍ മാസ്റ്റര്‍ മാള, പുരുഷോത്തമന്‍ കൊളത്തൂര്‍ എന്നിവര്‍ ഭാഗവതം പാരായണം ചെയ്തു.
അമ്പലപ്പുഴ സുകുമാരന്‍ നായര്‍, കാടാമ്പുഴ മുരളി, തിരുവനന്തപുരം ചിന്മയ മിഷന്‍ ആചാര്യന്‍ സ്വാമി അഭയാനന്ദ, പുത്തൂര്‍ കരിമ്പിന്‍ പുഴ ആശ്രമം സ്വാമി ആത്മാനന്ദ, അഭിലാഷ് കീഴൂട്ട്, ഗുരുവായൂര്‍ വസുമതി നായര്‍, കന്യാകുമാരി വിമല്‍ വിജയ്, മരങ്ങാട്ടില്ലം മുരളീകൃഷ്ണന്‍ നമ്പൂതിരി പ്രഭാഷണം നടത്തി. ഓരോ മണിക്കൂര്‍ വീതം വിവിധ പണ്ഡിതന്മാര്‍ യജ്ഞവേദിയില്‍ ഭാഗവതത്തെക്കുറിച്ച് പ്രഭാഷണം നടത്തുന്നുണ്ട്.
ആലച്ചേരി ഹരികൃഷ്ണന്‍ നമ്പൂതിരി സാംസ്‌കാരികസഭയില്‍ പ്രഭാഷകനായിരുന്നു. രാത്രിയോടെ കുവലയം കഥകളി കേന്ദ്രത്തിന്റെ കുചേലവൃത്തം കഥകളിയുമുണ്ടായി. ഭാഗവതം മഹാസത്രവേദിയായ പുഴാതി സോമേശ്വരക്ഷേത്രത്തിലേക്ക് വന്‍ ഭക്തജനപ്രവാഹമാണ് രണ്ടാം ദിവസമുണ്ടായത്. സത്രത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും മൂന്നുനേരവും ഭക്ഷണം ഒരുക്കിയിട്ടുണ്ട്. ഒരേസമയം രണ്ടായിരം പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള വിപുലമായ ഊട്ടുപുരയാണുള്ളത് ഇവിടെയുള്ളത്. മൂന്നാംദിനമായ ചൊവ്വാഴ്‌ച രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും.












Click it and Unblock the Notifications