പറവൂരിലെ തീരദേശ മേഖലയില്‍ ശുദ്ധജലം കിട്ടാനില്ല. ഒപ്പം പൈപ്പ് പൊട്ടലും; ജല അതോറിറ്റിക്ക് വിമര്‍ശനം
കൊച്ചി: പറവൂര്‍ മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കി പലയിടത്തും കുടിവെള്ള പൈപ്പുകളും പൊട്ടിയിരിക്കുകയാണ്. വീട്ടാവശ്യത്തിന് അടക്കമുള്ള കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയിലാണ് നാട്ടുകാര്‍. ജല അതോറിറ്റിയെയാണ് ഇവര്‍ കുറ്റപ്പെടുത്തുന്നത്.
കൃത്യമായ ജലവിതരണം നടത്തുന്നതിനും, പൈപ്പുകള്‍ പൊട്ടുന്നത് കാര്യക്ഷമമായി പരിശോധിക്ക് പരിഹാരം കാണുന്നതിലും ജല അതോറിറ്റി വന്‍ പരാജയമാണെന്ന് പറവൂരുകാര്‍ പറയുന്നു. പ്രധാന പാതയിലെ ശുദ്ധ ജല വിതരണം കുഴല്‍ പൊട്ടിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. പലയിടത്തും കുടിവെള്ള വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.

പറവൂരിലെ തീരദേശ പഞ്ചായത്തുകളില്‍ അടക്കം കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഒരാഴ്ച്ചയായി ഇവിടെ കുടിവെള്ളം ലഭിച്ചിട്ടില്ല. ജനപ്രതിനിധികള്‍ അടക്കം ഈ അനാസ്ഥക്കെതിരെ രംഗത്തുണ്ട്. എന്നാല്‍ ജല അതോറിറ്റി ഇതൊന്നും കാര്യമായി പരിഗണിക്കുന്നേയില്ല.
നേരത്തെ ജനപ്രതിനിധികള്‍ ജല അതോറിറ്റി ഓഫീസിലെതതി കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. എന്നാല്‍ ജല അതോറിറ്റിക്ക് കുടിവെള്ള പ്രശ്‌നത്തിന് പരിഹാര മാര്‍ഗം ഇതുവരെ കണ്ടെത്താനായിട്ടില്ല. ചൊവ്വരയില്‍ നിന്നും കുടിവെള്ളം പമ്പ് ചെയ്യുന്ന 500 എംഎം വ്യാസമുള്ള വലിയ കാസ്റ്റ് അയേണ്‍ പൈപ്പാണ് ആലുവ-പറവൂര്‍ റോഡിലെ മറിയപ്പടിക്കും സമീപം പൊട്ടിയത്.
വ്യാഴാഴ്ച്ച പുലര്‍ച്ചെയോടെയാണ് പൈപ്പ് പൊട്ടിയത്. ഇതിന് പിന്നാലെ വലിയ പ്രശ്‌നങ്ങളാണ് ഉണ്ടായത്. പൈപ്പ് പൊട്ടിയതോടെ റോഡ് തകര്‍ന്നു. തുടര്‍ന്ന് തൊട്ടടുത്തായുള്ള വീട്ടിലേക്ക് വെള്ളം കുത്തിയൊഴുകാന്‍ തുടങ്ങി. വെള്ളമില്ലാതെ കഷ്ടപ്പെടുന്ന നാട്ടുകാര്‍ക്ക് പുതിയൊരു തലവേദന കൂടിയാണ് ഇതിലൂടെ നേരിടേണ്ടി വന്നത്. ജലം കുത്തിയൊഴുകുന്നത് നിര്‍ത്താനായി യുസി കോളേജ് ഭാഗത്ത് വാല്‍വ് ഒടുവില്‍ പൂട്ടേണ്ടി വന്നു.
പറവൂരിലെ ടാങ്കിലേക്ക് കുടിവെള്ളം പമ്പു ചെയ്യുന്ന പ്രധാന ശുദ്ധജല വിതരണ കുഴലാണിത്. പൈപ്പ് പൊട്ടിയതോടെ നാട്ടുകാര്‍ ദുരിതത്തിലാവുകയായിരുന്നു. പറവൂര്‍ മേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ള വിതരണം തടസ്സപ്പെട്ടു. കരുമാലൂരിലെ ചില ഭാഗങ്ങളും കുടിവെള്ളം കിട്ടാതെ വലഞ്ഞു.
നേരത്തെ ചൊവ്വരയിലെ പമ്പിങ് നിര്‍ത്തി വെച്ച് പണി നടത്തിയതായി അറിയിപ്പുണ്ടായിരുന്നു. ഇതോടെ കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെട്ടുവെന്നാണ് കരുതിയത്. പക്ഷേ കാര്യങ്ങള്‍ പഴയ സ്ഥിതിയില്‍ തന്നെയായിരുന്നു. പറവൂരില്‍ ആകെ കിട്ടുന്നത് കുറഞ്ഞ അളവില്‍ വെള്ളമാണ്. ഇത് തീരദേശ മേഖലകളിലേക്ക് എത്തുന്നില്ല. തീരദേശമേഖലയില്‍ ആണെങ്കില്‍ ശുദ്ധജലത്തിന് മറ്റ് മാര്‍ഗങ്ങള്‍ ഒന്നുമില്ല.
അതേസമയം തറനിരപ്പില്‍ നിന്ന് ഏകദേശം ആറടിയോളം താഴ്ച്ചയിലാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. വലിയ കുഴിയാണ് ഉണ്ടായിരിക്കുന്നത്. ഇവ പുന:സ്ഥാപിക്കാന്‍ സമയം എടുക്കും. ജലവിതരണം ഇനിയും തടസ്സപ്പെടാനാണ് സാധ്യത. പറവൂരുകാരുടെ ദുരിതം ഉടന്‍ അവസാനിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്.












Click it and Unblock the Notifications