പറവൂരില്‍ ദേശീയപാത തകർന്നു: യാത്ര ദുസഹമായി, അഞ്ച് കിലോമീറ്റര്‍ താണ്ടാന്‍ വേണ്ടത് മണിക്കൂറുകള്‍!
പറവൂർ: ദേശീയ പാത 66 ലെ പറവൂർ - മൂത്തകുന്നം റോഡ് കുണ്ടും കുഴിയുമായി. ഗതാഗതക്കുരുക്കും അപകടങ്ങളും ഇവിടെ പതിവാണ്. വീതി കുറഞ്ഞു ഇടുങ്ങിയ സ്വതേ ദുർബ്ബലമായ ഈറോഡ് ഗട്ടറുകൾ നിറഞ്ഞതോടെ വാഹന ഗതാഗതവും കാൽ തടയാത്രയുമൊക്കെ ദുരിതപൂർണ്ണമായി. പതിനായിരക്കണക്കിന് വാഹനങ്ങൾ പ്രതിദിനം കടന്നു പോകുന്ന ഈ അഞ്ചു കിലോമീറ്റർ ദൂരം കടക്കാൻ വാഹനങ്ങൾ മണിക്കൂറുകൾ എടുക്കുന്ന അവസ്ഥയാണിപ്പോഴുള്ളത്.
കൂറ്റൻ കണ്ടെയ്നർ ലോറികളും ടാങ്കർ ലോറികളും മീൻ വണ്ടികളുമടക്കമുള്ള വാഹനങ്ങൾക്കു പുറമെയാണ് ദീർഘദൂര ബസ്സുകൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് യാത്ര ബസ്സുകളും കാറുകളും ഈ വഴിയെ ആശ്രയിയ്ക്കുന്നത്.ഇതിനൊക്കെ പുറമെയാണ് പതിനായിരകണക്കിന് ടൂവീലറുകൾ.റോഡിൽ രൂപം കൊണ്ടിട്ടുള്ള കുഴികൾ പലപ്പോഴും വാഹനങ്ങളെ അപകടത്തിൽപ്പെടുത്തുന്നു.

മൂത്തകുന്നം പഴയ പാലത്തിന്റെ അപ്രോച്ച് റോഡു മുതൽ തുടങ്ങുന്ന കുഴികൾ ലേബർ ജംങ്ഷൻ, അണ്ടിപ്പിള്ളിക്കാവു, മുനമ്പം കവല മുതൽ ചിറ്റാറ്റുകര വരെ വൻ കുഴികളാണ് റോഡിൽ ഉണ്ടായിട്ടുള്ളത്.റോഡിലെ കുഴികളടക്കുന്നതിന് മഴ തടസ്സമാണെന്ന പറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മഴയ്ക്കു കുറവുണ്ടായിരുന്നു. ദേശിയ പാത വിഭാഗം ഉദ്യോഗസ്ഥരും മന്ത്രിമാരുൾപ്പെടെയുള്ള നേതാക്കളും ഈ വഴിയെ നിത്യേന കടന്നു പോകുന്നുണ്ടെങ്കിലും റോഡ് നന്നാക്കുന്നതിനു് ഒരു വിധത്തിലുള്ള നടപടികളും ആരും കൈക്കൊള്ളുന്നില്ല












Click it and Unblock the Notifications