എറണാകുളം-പിറവം- പാലാ ചെയിൻ സർവീസ് അട്ടിമറിക്കുന്നു: ചരടുവലിക്ക് പിന്നില്‍ ജീവനക്കാരന്‍!!
പിറവം: സ്വകാര്യ ബസ് ഉടമകളുടെ ഇടപെടലിൽ എറണാകുളം പിറവം പാലാ ചെയിൻ സർവീസ് അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം. പിറവം ഡിപ്പോയിലെ ജീവനക്കാരനും സ്വകാര്യ ബസ് ഉടമയുമായ ആളാണ് സർവ്വീസ് മുടക്കത്തിന് ചരടുവലിക്കുന്നതെന്ന് ഒരു പറ്റം ജീവനക്കാരും, യാത്രക്കാരും പറയുന്നു. കൺട്രോളിംങ് ഇൻസ്പെക്ടറും ഇതിനു കൂട്ടുനിൽക്കുന്നതായും പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ സോണൽ ഓഫീസിൽ നിന്ന് നിർദേശം ചെയ്തിരുന്ന സർവീസ് അട്ടിമറിക്കപ്പെട്ടിരിക്കുന്നതായും പരാതി ഉയരുന്നു. കൂത്താട്ടുകുളത്തു നിന്നു രാവിലെ പുറപ്പെടുന്ന ആദ്യ സ്വകാര്യ ബസ് കെ.എസ്.ആർ.ടി.സി ജീവനക്കാരന്റേതാണെന്നാണ് ആക്ഷേപം .എല്ലാ തവണയും ചെയിൻ സർവീസ് പൂർണമായും നടത്താൻ ആവശ്യം ഉന്നയിക്കുമ്പോൾ മറുപടി തരുന്നത് പമ്പ സീസൺ കഴിയട്ടെ സ്കൂൾ സിസൺ കഴിയട്ടെ എന്നെല്ലാമാണ് .ഇപ്പോൾ പാലാ കൂത്താട്ടുകുളം വഴി പിറവം എറണാകുളം റൂട്ടിൽ ഓടുന്ന പല ബസുകളും സർവീസ് നിർത്തിയിരിക്കുകയാണ്. ജനങ്ങൾ യാത്ര ക്ലേശം നേരിടുന്ന സാഹചര്യത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യമുയരുന്നു.20 മിനിറ്റ് ഇടവേളയിൽ ബസ് അനുവദിച്ച് ഷെഡ്യൂൾ എഴുതി അയച്ചു എന്ന് പിറവം ഡിപ്പോയിൽ നിന്നും പറയാൻ തുടങ്ങിയിട്ട് നാളുകളേറെയായെന്ന് യാത്രക്കാർ പറയുന്നു. പിറവം, എറണാകുളം, പാല, കൂത്താട്ടുകുളം, പൊൻകുന്നം തുടങ്ങിയ ഡിപ്പോകളിൽ നിന്നും സമയം പാലിക്കാതെ ഓടുന്ന ബസുകളാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. പോകുമ്പോൾ എല്ലാ ബസും ഒന്നിച്ച്, അല്ലെങ്കിൽ മണിക്കൂറുകൾ നീണ്ട കാത്തുനിൽപ്പ് എന്നതാണ് അവസ്ഥ.

കൂത്താട്ടുകുളം ഡിപ്പോയിൽ നിന്ന് പുതുതായി എറണാകുളം റൂട്ടിൽ സർവീസ് തുടങ്ങിയാൽ മുന്നിലും പിന്നിലും പിറവത്ത് നിന്ന് ബസ്സിട്ട് സർവീസ് നഷ്ടത്തിലാക്കി നിർത്തിക്കും. അല്ലെങ്കിൽ സമയ പ്രശ്നം ഉന്നയിച്ച് മുടക്കുകയോ ആണ് പതിവ്. കെ എസ് ആർ ടി സിയുടെ രക്ഷപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളെ ചില ഉദ്യോഗസ്ഥർ തന്നെയാണ് തുരങ്കം വെയ്ക്കുന്നത് . കൂത്താട്ടുകുളം ഡിപ്പോക്ക് അനുവദിച്ച ബസുകൾ വിട്ടുകൊടുക്കാത്ത സാഹചര്യവുമുണ്ട്.












Click it and Unblock the Notifications