ബസ് ടെർമിനലിന്റെ ഉദ്ഘാടനം കഴിഞ്ഞത് 6 മാസം മുമ്പ്; ടെർമിനൽ ചോർന്നൊലിക്കുന്നു
കളമശേരി: ആറു മാസം മുമ്പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത കളമശേരി നഗരസഭയുടെ ബസ് സ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്സ് നിർമ്മാണത്തിലെ അപാകത മൂലം ചോർന്നൊലിക്കുന്നു. ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുമാസമായെങ്കിലും ബസുകൾ ഇതിൽ കയറിത്തുടങ്ങിയത് ഒരാഴ്ച മുമ്പാണ്.
ബസ് സ്റ്റാന്റിനകത്ത് വാടകയ്ക്ക് കൊടുക്കാൻ നിർമ്മിച്ച അഞ്ച് കടമുറികൾ ഇതേ വരെ വാടകയ്ക്ക് കൊടുത്തിട്ടുമില്ല. മുൻവശത്തെ കടമുറിയുടെ അകത്ത് മുഴുവൻ ചോർച്ചമൂലം വെള്ളം കെട്ടിക്കിടക്കുകയാണ്. ബസ് ടെർമിനലിന്റെ ജിഐ ഷീറ്റ് മേൽക്കൂര നിരവധി യിടങ്ങളിൽ ചോരുന്നുണ്ട്. ഇതു മൂലം ബസ് സ്റ്റാന്റിൽ മഴക്കാലത്ത് യാത്രക്കാർക്ക് കുട ചൂടി നിൽക്കേണ്ട അവസ്ഥയാണ്.

മേൽക്കൂരയുുടെ ഉയര കൂടുതലും വശങ്ങൾ തുറന്നു കിടക്കുന്നതുമായതിനാൽ ബസ് സ്റ്റാന്റിൽ മഴക്കാലത്ത് കാറ്റടി മൂലം നിൽക്കാൻ പറ്റില്ല. ബസ് സ്റ്റാന്റിന്റെ പുറക് വശത്ത് വാടകക്ക് കൊടുക്കാനുള്ള നാലു മുറികളുണ്ട്. ഈ മുറികളിലേക്കും മഴക്കാലത്ത് കാറ്റടിച്ചാൽ മഴവെള്ളം കയറുന്ന നിലയിലാണ്. കാക്കനാട്ടെ സിറ്റ്കൊ അസോസിയേറ്റ്സാണ് നിർമ്മാണ കരാറുകാർ. നഗരസഭ സെക്രട്ടറി ഇൻ ചാർജ് എ.ശ്രീകുമാരനും കെ.ടി.മഞ്ജു ബാല മുൻസിപ്പൽ എൻജിനിയും ആയിരുന്നപ്പോഴായിരുന്നു നിർമ്മാണം. മന്ത്രി കെ ടി ജലീൽ 2017 ഡിസംബർ 24 നാണ് ഉദ്ഘാടനം ചെയ്തത്.
മൂന്നരക്കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ബസ് സ്റ്റാന്റിലേക്ക് ബസുകൾ എത്തി തുടങ്ങിയത് ഒരാഴ്ച മുമ്പാണ്.ഈ വഴിയുള്ള ബസുകൾ സ്റ്റാന്റ് ഒഴിവാക്കിയായിരുന്നു സർവീസ് നടത്തിയിരുന്നത്. കോടികൾ മുടക്കി പണിത ബസ് സ്റ്റാന്റിലേക്ക് ബസ് എത്താത്തതിനെ തുടർന്ന് യാത്രക്കാരിൽ നിന്നും നിരവധി പരാതി ഉയർന്നിനിരുന്നു.
ഇതേ തുടർന്ന് നഗരസഭ ചെയർപേഴ്സൺ ജെസി പീറ്ററിന്റെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും കൂടി ബസ് സ്റ്റാന്റിനടുത്ത് കാത്തു നിന്ന് ബസുകളെ സ്റ്റാന്റിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. അങ്ങിനെ ബസ് സ്റ്റാന്റ് കളിലേക്ക് ബസുകൾ എത്തിക്കുന്നതിന് മുന്നോടിയായി റോഡിനും ബസ് സ്റ്റാന്റിനും ഇടയ്ക്കുള്ള കാനയ്ക്ക് മുകളിലുണ്ടായിരുന്ന സ്ലാബുകൾ മാറ്റി പുതിയവ സ്ഥാപിച്ചു. ബസ് സ്റ്റാന്റ് നിർമ്മിമിച്ചപ്പോൾ സ്ഥാപിച്ച സ്ലാബുകൾ മോശമാണെന്ന് പറഞ്ഞാണ് മാറ്റിയിരുന്നത്.
ഇങ്ങനെ മാറ്റിയതിൽ നാലു സ്ലാബുകളാണ് ബസ്സുകൾ കയറിയതോടെ പൊട്ടിത്തകർന്നത്. ആവശ്യത്തിന് സിമൻറ് ചേർക്കാത്തതിനാലാണ് സ്ലാബുകൾ പൊളിഞ്ഞു വീണത്. സ്ലാബ് വാർക്കാൻ ഉപയോഗിച്ചിരുന്ന കമ്പികളും കുറഞ്ഞ അളവിലായിരുന്നു എന്ന് സമീപവാസികൾ പറഞ്ഞു.












Click it and Unblock the Notifications