പാതയോര കൊടിതോരണ വിഷയം: കോടതിയില്‍ പറയാന്‍ ധൈര്യം കാണിക്കുന്നില്ല, അതൃപ്തിയറിയിച്ച് ഹൈക്കോടതി
കൊച്ചി: പാതയോരത്തെ കൊടിതോരണങ്ങള്‍ നീക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍വകക്ഷി യോഗം വിളിച്ചതില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാര്‍ എല്ലാ പാര്‍ട്ടികളുടെയും യോഗം ചേര്‍ന്ന് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കാമെന്ന നിലപാടിലെത്തിയിരുന്നു. ഇത് ഹൈക്കോടതിയെ അറിയിക്കാനും തീരുമാനിച്ചിരുന്നു. ഇതിലാണ് ഹൈക്കോടതി വിമര്‍ശനം അറിയിച്ചത്. കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി വേണമെന്ന് പറയുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യം കോടതിയില്‍ ആവശ്യപ്പെടാന്‍ ധൈര്യം കാണിറില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു.

കൊടിതോരണങ്ങള്‍ വെക്കരുത് കോടതി ഉത്തരവുണ്ട്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുമതി വേണമെന്നുണ്ട്. എന്നാല്‍ ഇത് കോടതിയില്‍ പറയാന്‍ അവര്‍ക്ക് ധൈര്യമില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ സമീപനം ഇങ്ങനെയാണെങ്കില്‍ പുതിയ കേരളം എന്ന് ഇതിനെ പറയരുത്. ഉത്തരവ് ലംഘിച്ചാല്‍ എങ്ങനെ മുന്നോട്ട് പോകുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. സര്‍വകക്ഷി യോഗി വിളിച്ചത് കോടതി ഉത്തരവ് മറികടക്കാനാണെന്നും ജസ്റ്റിസ് കുറ്റപ്പെടുത്തി. നേരത്തെ സിപിഎം സമ്മേളനത്തിനിടെ കൊച്ചി നഗരത്തില്‍ അനധികൃതമായി കൊടിമരങ്ങള്‍ നാട്ടിയത് കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്.
സര്‍വകക്ഷി യോഗത്തില്‍ എല്ലാ പാര്‍ട്ടികളും സര്‍ക്കാരിനെ തീരുമാനത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഇതോടെയാണ് ഹൈക്കോടതിയെ തീരുമാനമറിയിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ അതിശക്തമായ നിലപാടാണ് ഹൈക്കോടതി സ്വീകരിച്ച് വരുന്നത്. കൊടിതോരണങ്ങളും ബോര്‍ഡുകളും സ്ഥാപിക്കുന്നതിനെതിരെ ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സാമുദായിക-സാംസ്‌കാരിക സംഘടനകള്‍ക്കും പ്രചാരണത്തിന് അവസരം നിഷേധിക്കരുതെന്ന് യോഗം ആവശ്യപ്പെട്ടിരുന്നു. യോഗത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു.
സ്വകാര്യ മതിലുകള്‍, കോമ്പൗണ്ടുകള്‍, എന്നിവിടങ്ങളില്‍ ഉടമസ്ഥരുടെ അനുമതിയോടെ ഗതാഗതം ബാധിക്കാതെ കൊടിതോരണങ്ങള്‍ കെട്ടാം, സമ്മേളനങ്ങള്‍ ഉത്സവങ്ങള്‍ എന്നിവയോട് അനുബന്ധിച്ച് പാതയോരങ്ങളില്‍ മാര്‍ഗ തടസ്സമുണ്ടാക്കാതെ താല്‍ക്കാലികമായി അലങ്കാര പ്രചാരണങ്ങള്‍, എത്ര ദിവസം മുമ്പ് കെട്ടാമെന്നും, എപ്പോള്‍ നീക്കാമെന്നുമുള്ള മുന്‍കൂര്‍ അനുമതി തുടങ്ങിയവയാണ് മുഖ്യമന്ത്രി മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍. പൊതു ഇടങ്ങളില്‍ ഗതാഗതത്തിനും കാല്‍നടയ്ക്കും തടസ്സമുണ്ടാകുന്ന രീതിയില്‍ കൊടിതോരണങ്ങളും പരസ്യങ്ങളും പ്രദര്‍ശിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്. അഡ്വക്കേറ്റ് ജനറലിനോട് ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു സര്‍ക്കാര്‍.












Click it and Unblock the Notifications