ആലുവയില്‍ ദുരഭിമാന കൊല: ഇതര മതസ്ഥനെ പ്രണയിച്ചതിന് പിതാവ് വിഷം കുടിപ്പിച്ച പെണ്‍കുട്ടി മരിച്ചു
കൊച്ചി: ആലുവയില്‍ ഇതര മതസ്ഥനെ പ്രണയിച്ചതിന് പതിനാലുകാരിയെ പിതാവ് വിഷം നല്‍കി കൊന്നു. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കേയാണ് മരിച്ചത്. പെണ്‍കുട്ടിയെ കമ്പി വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച ശേഷമാണ് അച്ഛന്‍ കളനാശിനി കുട്ടിയുടെ വായിലേക്ക് ബലമായി ഒഴിച്ച് നല്‍കിയത്. അതേസമയം സംഭവത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരാഴ്ച്ചയോളം പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ടാണ് മരണത്തിന് കീഴടങ്ങിയത്. അതേസമയം പിതാവ് മകളെ വിഷം കുടിപ്പിച്ചെന്ന് അമ്മ മൊഴി നല്‍കിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ നാളെ തുടങ്ങും. കഴിഞ്ഞ മാസം 29നാണ് പെണ്‍കുട്ടിയെ പിതാവ് വിഷം കുടിപ്പിച്ചത്. പതിനാലുകാരിയായ മകള്‍ക്ക് അന്യമതസ്ഥനായ യുവാവുമായി പ്രണയം ഉണ്ടെന്ന് മനസ്സിലാക്കിയ പിതാവ് ഇരുമ്പ് വടികൊണ്ട് മകളെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്നാണ് വിഷം ഒഴിച്ച് കൊടുത്തത്.

മകളുടെ കൈയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ പിതാവ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ താന്‍ പ്രണയത്തിലാണെന്ന് പിതാവിനോട് പറയുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ വീട്ടിലെത്തി പിതാവ് ബഹളം വെച്ചു. തിരികെ വന്ന ഇയാള്‍ മകളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അതിന് ശേഷം കളനാശി കുടിപ്പിക്കുകയായിരുന്നു.പെണ്‍കുട്ടിയുടെ ഫോണ്‍ നേരത്തെ പിതാവ് പിടിച്ചുവെച്ചിരുന്നു. ഫോണ്‍ ഉപയോഗിക്കുന്നതിന് അടക്കം മകളെ വിലക്കിയിരുന്നു.
എന്നാല്‍ മറ്റൊരു ഫോണ്‍ ഉപയോഗിച്ച് പെണ്‍കുട്ടി സഹപാഠിയുമായുള്ള സൗഹൃദം തുടരുകയായിരുന്നു. ഇതറിഞ്ഞ പിതാവ് മകളെ കമ്പി വടികൊണ്ട് കൈയ്യും കാലും അടിച്ചൊടിക്കുകയായിരുന്നു. പിതാവ് മകളെ മര്‍ദിക്കുന്നതിന് മുമ്പ് മാതാവിനെയും സഹോദരനെയും വീടിന് പുറത്താക്കിയിരുന്നു. പെണ്‍കുട്ടിയെ വിഷം കുടിപ്പിച്ചശേഷം ഇയാള്‍ പുറത്തേക്ക് പോവുകയായിരുന്നു.
മാതാവ് അകത്ത് കയറി നോക്കിയപ്പോള്‍ പെണ്‍കുട്ടിയുടെ വായില്‍ വിഷം ചെന്ന നിലയിലായിരുന്നു. ഉടനെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കളനാശിനിയുടെ മൂടി കടിച്ച് തുറന്നപ്പോള്‍ അബദ്ധത്തില്‍ അത് വായില്‍ പോയി എന്നണ് പിതാവ് ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം ആലുവ വെസ്റ്റ് പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ മജിസ്‌ട്രേറ്റിനെ അറിയിക്കുകയും ചെയ്തു.
അതേസമയം പെണ്‍കുട്ടിയുടെ മൊഴിയിലും പിതാവ് വിഷം കുടിപ്പിച്ചുവെന്നാണുള്ളത്.മൊഴിയെടുത്ത മജിസ്‌ട്രേറ്റിനോടും ഇക്കാര്യം കുട്ടി ആവര്‍ത്തിച്ചു. ഈ മൊഴിപ്രകാരമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മകളുടെ കൈയ്യിലുണ്ടായിരുന്ന വിഷക്കുപ്പി താന്‍ തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്ന് പിതാവ് പോലീസിനോട് പറഞ്ഞിട്ടുണ്ടായിരുന്നു.


Click it and Unblock the Notifications