ഇടപ്പള്ളിയില്‍ ജോലിക്ക് നിന്ന പെണ്‍കുട്ടിക്ക് നേരിട്ടത് കൊടിയ പീഡനം, വീട്ടുടമ്മ അറസ്റ്റില്‍
കൊച്ചി: ഇടപ്പള്ളിയില്‍ വീട്ടുജോലിക്ക് നിന്നിരുന്ന പെണ്‍കുട്ടി വീട്ടുടമസ്ഥനില്‍ നിന്ന് അനുഭവിച്ചത് ക്രൂരമായ പീഡനം. കര്‍ണാടക സ്വദേശിനിയാണ് ഈ പെണ്‍കുട്ടി. ഇവര്‍ അയല്‍വീട്ടിലെത്തി പരാതിപ്പെട്ടതോടെയാണ് ക്രൂരമായ പീഡനത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. മൂക്കില്‍ നിന്ന് ചോരയൊലിപ്പിച്ച നിലയിലാണ് പെണ്‍കുട്ടി അയല്‍ വീട്ടില്‍ എത്തിയത്. വീട്ടുകാരില്‍ നിന്നേറ്റ അടിയെ തുടര്‍ന്നാണ് മൂക്കില്‍ നിന്ന് ചോര വന്നത്. വീട്ടുടമസ്ഥന്‍ പോളിനെതിരെ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തിരിക്കുകയാണ്. നാട്ടുകാരാണ് പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ പെണ്‍കുട്ടി 14 വയസ്സ് മുതല്‍ ഇടപ്പള്ളിയില്‍ ജോലിക്ക് നിന്നതായിട്ടാണ് പറയുന്നത്. 2015 നവംബര്‍ 16നാണ് കര്‍ണാടക സ്വദേശിനിയെ വീട്ടുവേലയ്ക്കായി ഇവിടെ കൊണ്ടുവന്നത്. അതേസമയം ഈ കുട്ടിയുടെ അമ്മയെ അച്ഛന്‍ കണ്‍മുന്നിലിട്ട് ചവിട്ടി കൊന്നുവെന്നാണ് പറഞ്ഞിരിക്കുന്നത്. അമ്മ മരിച്ചതോടെ പെണ്‍കുട്ടിയെ രണ്ടാനമ്മയും പിതാവും ചേര്‍ന്ന് വില്‍ക്കുകയായിരുന്നു എന്നാണ് സൂചന. ഇടപ്പള്ളിയില്‍ എത്തിയ ശേഷം പെണ്‍കുട്ടി അനുഭവിച്ചത് ക്രൂര പീഡനങ്ങളാണ്. വീട്ടിലെ എല്ലാ ജോലിയും ചെയ്യണം. ഈ കുട്ടി ലൈംഗിക പീഡനത്തിനും ഇരയായിട്ടുണ്ട്. അതേസമയം പോളിന്റെ ഭാര്യയും ഇടപ്പള്ളി വനിതാ ക്ഷേമ സമിതി അധ്യക്ഷയുമായ സെലിന്‍ ഒളിവിലാണ്.
ലൈംഗിക പീഡനത്തിന് ഇരയായ കാര്യം സെലിനെ അറിയിച്ചിരുന്നു പെണ്‍കുട്ടി. എല്ലാം നിന്റെ കുഴപ്പം കൊണ്ടാണ് എന്നായിരുന്നു സെലിന്റെ കുറ്റപ്പെടുത്തല്‍. ജോലിക്കെത്തിയ കാലം മുതല്‍ പോള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായിട്ടാണ് പെണ്‍കുട്ടിയുടെ മൊഴി. പോളിനെ അറസ്റ്റ് ചെയ്തത് ഇതേ തുടര്‍ന്നാണ്. പോള്‍ വീടിനോട് അനുബന്ധമായി കാറ്ററിങ് ബിസിനസ് നടത്തിയിരുന്നു. ഇവിടെ ഭക്ഷണം വിതരണം ചെയ്യുന്നത് മുതല്‍ മരത്തില്‍ കയറുന്നത് വരെ ഈ പെണ്‍കുട്ടിയെ ഉപയോഗിച്ചതായിട്ടാണ് ആരോപണം. പോളിന്റെ മകളുടെ വീട്ടില്‍ വരെ ഈ പെണ്‍കുട്ടിയെ ജോലിക്ക് വേണ്ടി ഉപയോഗിച്ചിരുന്നു.
അതേസമയം നാട്ടുകാരോട് പരാതി പറഞ്ഞിട്ടും ആരും പോലീസില്‍ അറിയിക്കാനോ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനോ ശ്രമിച്ചില്ല. ഈ പെണ്‍കുട്ടി പലതവണ രക്ഷപ്പെടാനും ശ്രമിച്ചിരുന്നു. കൊവിഡ് വാക്‌സീന്‍ പോലും പെണ്‍കുട്ടി എടുത്തിട്ടില്ലെന്ന് സമീപവാസികള്‍ പറയുന്നു. പെണ്‍കുട്ടിയുടെ പേരില്‍ ആധാര്‍ കാര്‍ഡില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം നടന്ന ക്രൂരത സഹിക്കാനാവാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങി സമീപത്തെ വീട്ടില്‍ അഭയം തേടിയത്. പെണ്‍കുട്ടി വീട്ടില്‍ കയറി വന്ന വിവരം സെലിനെ അറിയിച്ചെങ്കിലും ഇവര്‍ വരാന്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.












Click it and Unblock the Notifications