ഏലൂരില്‍ മൂന്നു വയസുകാരൻ മർദനമേറ്റു മരിച്ച സംഭവം: അന്വേഷണം അമ്മയുടെ മുൻ ബന്ധത്തിലേക്ക്!
കൊച്ചി: ഏലൂരിൽ കഴിഞ്ഞ മാസം മാതാവിന്റെ മർദനമേറ്റു മരിച്ച മൂന്നു വയസുകാരൻ യുവതിയുടെ രണ്ടാം വിവാഹത്തിലെ മകനാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മുമ്പു രണ്ടു തവണ വിവാഹിതയായ ഝാർഖണ്ഡ് സ്വദേശിയായ ഹെനയ്ക്കൊപ്പം ഇപ്പോൾ ജീവിത പങ്കാളിയായി താമസിക്കുന്ന ഷെഹ്ജാദ് ഖാൻ കുട്ടിയുടെ പിതാവല്ലെന്നും വിവരം ലഭിച്ചു. കുട്ടി മരിച്ചതിനെ തുടർന്ന് അറസ്റ്റിലായ ഇരുവരും ജുഡിഷ്യൽ റിമാൻഡിൽ തുടരുകയാണ്.
കഴിഞ്ഞ പതിനേഴിനാണ് ഏലൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഷെഹ്ജാദ് ഖാൻ മൂന്നു വയസുള്ള ദിൽഷാദിനെ തലയ്ക്കു് ഗുരുതര പരിക്കുകളോടെ ആലുവയിലെ ആശുപത്രിയിൽ പ്രവേശിപ്പിത്. അടുക്കളയിലെ സ്ലാബിൽ നിന്നും തലയിടിച്ചു വീണു പരുക്കേറ്റെന്നാണ് ഇയാൾ ആശുപത്രിയിൽ പറഞ്ഞത്. എന്നാൽ, സംശയം തോന്നിയ ഡോക്ടര്‍ പൊലീസിൽ അറിയിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണു കുട്ടിയുടെ അമ്മ ഹെന അറസ്റ്റിലായത്. ചപ്പാത്തിക്കോല് കൊണ്ടു കുട്ടിയുടെ തലയ്ക്കു നിരന്തരമായി അടിച്ചിരുന്നതായും ഇതേത്തുടർന്നു തലയ്ക്കേറ്റ പരുക്കാണു മരണകാരണമെന്നും കണ്ടെത്തിയിരുന്നു. ചികിത്സയിലിരിക്കെ 18നു ദിൽഷാദ് മരിച്ചതോടെ മാതാവിനു മേൽ കൊലക്കുറ്റവും ചുമത്തി. മർദിച്ച വിവരം മറച്ചു പിടിച്ചതിന് ഷെഹ്ജാദ് ഖാനെയും അറസ്റ്റ് ചെയ്തു.

ഇയാളാണോ കുട്ടിയുടെ പിതാവെന്നതിൽ തുടക്കം മുതൽ പൊലീസിന് സംശയമുണ്ടായിരുന്നു. ഇതേത്തുടർന്നു ഡിഎൻഎ പരിശോധന നടത്താൻ ഇരുവരുടെയും സാംപിളുകൾ ശേഖരിച്ചിരുന്നു. ഇതിനിടെ പശ്ചിമബംഗാളിലും ജാർഖണ്ഡിലും ഏലൂർ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണു പുതിയ വിവരങ്ങൾ പുറത്തുവന്നത്. ഹെനയ്ക്ക് 15 വയസുള്ളപ്പോളായിരുന്നു ആദ്യവിവാഹം.
വൈകാതെ ഭർത്താവ് ഉപേക്ഷിക്കുകയും ചെയ്തു. തുടർന്നു രണ്ടാനമ്മയാണ് ഹെനയുടെ രണ്ടാം വിവാഹം നടത്തിക്കൊടുത്തത്. കൊൽക്കത്ത സ്വദേശിയായ രാജ എന്നയാളുമായിട്ടായിരുന്നു വിവാഹം. ഈ ബന്ധത്തിലുള്ളതാണ് ദിൽഷാദ് എന്നാണു പൊലീസിന്റെ നിഗമനം. സ്ത്രീധനത്തുകയെ ചൊല്ലി രണ്ടാം ഭർത്താവു ഹെനയുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു. യുവതി ഗർഭിണിയായതോടെ പ്രസവച്ചെലവിനു പണം നൽകാൻ ഇയാൾ തയ്യാറായില്ല. ആശുപത്രിയിലെ ചെലവിന് പണം നൽകിയത് ഇപ്പോൾ ഹെനയ്ക്കൊപ്പം താമസിക്കുന്ന ഷെഹ്ജാദ് ഖാനാണ്. ഇതേത്തുടർന്നു ഭർത്താവു ഹെനയെ ഉപേക്ഷിക്കുകയും ചെയ്തു. തുടർന്നു ഷെഹ്ജാദ് ഖാന്റെ സംരക്ഷണയിലായിരുന്നു യുവതി.
ഒരു കൊല്ലം മുമ്പു കൊച്ചിയിൽ ക്രെയ്ൻ ഓപ്പറേറ്ററായി എത്തിയ ഷെഹ്ജാദ് ഖാൻ കഴിഞ്ഞ മാസം ആദ്യമാണ് ഹെനയെയും കുഞ്ഞിനെയും ഏലൂരിലെ വീട്ടിൽ കൊണ്ടുവന്നത്. കുട്ടിയെ ഭാര്യ മർദിക്കുന്നതിനെ പറ്റി തനിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് ഇയാളുടെ മൊഴി. ദിൽഷാദ് തന്റെ മകനാണെന്ന് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. പുതിയ വെളിപ്പെടുത്തലുകളെ തുടർന്നു ഡിഎൻഎ ഫലത്തിനു വേണ്ടി പൊലീസ് കാത്തിരിപ്പിലാണ്.












Click it and Unblock the Notifications