അനധികൃത ബോര്‍ഡുകള്‍ക്കെതിരെ വാളെടുത്ത് കളമശ്ശേരി നഗരസഭ, ജിയോയ്ക്കും എയര്‍ടെല്ലിനും പണികിട്ടി
കൊച്ചി: കളമശ്ശേരി നഗരസഭാ പരിധിയില്‍ അനധികൃതമായി സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ക്ക് ഫ്‌ളെക്‌സുകള്‍ക്കുമെതിരെ നടപടി തുടരുന്നു. നഗരസഭ പരസ്യബോര്‍ഡുകള്‍ അടക്കം സ്ഥാപിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പോവുകയാണ്. വന്‍ തുകയാണ് പിഴയീടാക്കുന്നത്. എയര്‍ടെല്‍ ടെലിസോണിക് നെറ്റ് വര്‍ക്ക് ലിമിറ്റഡിന് 1,432200 രൂപയും ജിയോ ഡിജിറ്റല്‍ ഫൈബര്‍ പ്രൈവറ്റ് ലിമിറ്റഡിന് 1,20,12000 രൂപയുമാണ് പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നഗരസഭാ സെക്രട്ടറി ഇവര്‍ക്ക് നോട്ടീസും നല്‍കി. പിഴ ഈടാക്കുന്നതിന്റെ ഭാഗമായി നിരവധി പേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇക്കാര്യം നഗരസഭാ സെക്രട്ടറി സ്ഥിരീകരിച്ചു. ജിയോയുടെയും എയര്‍ടെല്ലിന്റെയും നിരവധി ബോര്‍ഡുകളാണ് നഗരസഭാ പരിധിയില്‍ സ്ഥാപിച്ചിരിക്കുന്നത്.നേരത്തെ തന്നെ അനധികൃത ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ക്കെതിരെ നഗരസഭ നടപടി തുടങ്ങിയിരുന്നു. ഇവ അപകടകരമായ രീതിയിലായിരുന്നു ഉണ്ടായിരുന്നത്.

ഹൈക്കോടതി ഇടപെടല്‍ കൂടിയായതോടെ നടപടികള്‍ വേഗത്തിലാവുകയായിരുന്നു. രാത്രികാലങ്ങളില്‍ ഇത്തരം ഫ്‌ളെക്‌സുകള്‍ കാഴ്ച്ച മറയ്ക്കുന്നത് അടക്കം അപകടങ്ങള്‍ക്ക് കാരണമായിരുന്നു. അതേസമയം ജിയോയുടെ 2184 ബോര്‍ഡുകളും എയര്‍ടെലിന്റെ 2604 ബോര്‍ഡുകളും നഗരസഭാ പരിധിയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുണ്ടെന്ന് നഗരസഭ പറയുന്നു.
നോട്ടീസില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഓരോ ബോര്‍ഡിനും 5000 രൂപ വീതം പിഴയും അവ അഴിച്ചുമാറ്റുന്നതിനുമുള്ള ചെലവും അടക്കമാണ് പിഴയിട്ടിരിക്കുന്നത്. മൂന്ന് ദിവസത്തിനകം പിഴയൊടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ അറിയിച്ചിട്ടുണ്ട്.
ജൂണ്‍ പത്തൊന്‍പതിലെ ഹൈക്കോടതി ഉത്തരവിന്റെ അടക്കം അടിസ്ഥാനത്തിലാണ് നഗരസഭയുടെ നടപടി. പഞ്ചായത്തുകളില്‍ ഓരോന്നിലും ശരാശരി 2500 വീതവും, നഗരസഭകളില്‍ ഒരു ലക്ഷം വീതവും കോര്‍പ്പറേഷനുകളില്‍ 2 ലക്ഷവും വീതവും അനധികൃത ഡിസ്‌പ്ലേകളുമായുണ്ട്. ഇവയ്‌ക്കെതിരെ പിഴ ഈടാക്കിയാല്‍ സംസ്ഥാനത്തിന് 6437 കോടി രൂപ ലഭിക്കുമെന്നും ബോര്‍ഡുകള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച ജോര്‍ജ് ജോണ്‍ ചൂണ്ടിക്കാണിച്ചിരുന്നു.












Click it and Unblock the Notifications