' കാര്യങ്ങൾ ഇത് പോലെ പോയാൽ അടുത്ത മൺസൂൺ സീസണിൽ കൊച്ചി നഗരം വെള്ളത്തിൽ മുങ്ങും'; ഹൈക്കോടതി
കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ വീണ്ടും ഇടപെട്ട് ഹൈക്കോടതി. എം ജി റോഡിലെ കാനൽ അടിയന്തരമായി വൃത്തിയാക്കാൻ കോടതി ഉത്തരവിട്ടു. ഹോട്ടൽ മാലിന്യം കാനകളിലേക്ക് ഒഴുക്കന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ ആഴ്ച തുടർച്ചയായി പെയ്ത മഴയിൽ നഗരത്തിലെ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതിന് കാരണം കാനകളിൽ മാലിന്യം കെട്ടിക്കിടക്കുന്നതാണ് എന്നാണ് അമിക്കസ് ക്യൂറിയുടെ കണ്ടെത്തൽ. കാനകളിൽ മാലിന്യം തള്ളുന്നവർക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും എം ജി റോഡിലെ കാനകൾ അടിയന്തരമായി വൃത്തിയാക്കണം എന്നും ഹൈക്കോടതി ഉത്തരവിട്ടു.

മാധവ ഫാർമസി ജംഗ്ഷൻ മുതൽ ഡി സി സി ജംഗ്ഷൻ വരെയുള്ള കാനകൾ വൃത്തിയാക്കാനാണ് നിർദ്ദേശം. റെയിൽവേ പാളത്തിന് കീഴിലെ കലുങ്കുകൾ വൃത്തിയാക്കാനും ഹൈക്കോടതി നിർദ്ദേശം നൽകി. കലുങ്കുകൾ വൃത്തിയാക്കാത്ത റെയിൽവേയെ കോടതി രൂക്ഷമായി വിമർശിച്ചു.
അത് ചെയ്യും, ഇത് ചെയ്യും എന്ന് പറയുന്നതല്ലാതെ റെയിൽവേ ഒന്നും ചെയ്യുന്നില്ല എന്നായിരുന്നു കോടതി പറഞ്ഞത്. കാര്യങ്ങൾ ഇത് പോലെ പോയാൽ അടുത്ത മൺസൂൺ സീസണിൽ നഗരം വെള്ളത്തിൽ മുങ്ങുമെന്ന മുന്നറിയിപ്പും ഹൈക്കോടതി നൽകി. പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്ന കാര്യത്തിൽ നഗരസഭ ഹെൽത്ത് ഓഫീസർക്ക് നിശബ്ദനായിരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.












Click it and Unblock the Notifications