സുഹൈല്‍ നിരന്തരമായി മര്‍ദിച്ചു, മൊഫിയ ആത്മഹത്യ ചെയ്യാന്‍ കാരണം പറഞ്ഞ് പോലീസ് കുറ്റപത്രം
കൊച്ചി: ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഭര്‍ത്താവ് സുഹൈലാണ് ഒന്നാം പ്രതി. സുഹൈലിന്റെ മാതാപിതാക്കള്‍ രണ്ടും മൂന്നും പ്രതികളാണ്. ഗാര്‍ഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും മോഫിയ ഇരയായെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ആലുവ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഭര്‍ത്താവിന്റെ വീട്ടില്‍ മോഫിയ അനുഭവിച്ചത് ക്രൂര പീഡനമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. നിരന്തരം മോഫിയയെ സുഹൈല്‍ മര്‍ദിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഈ മര്‍ദനം കാരണമാണ് മോഫിയ ആത്മഹത്യ ചെയ്യുന്നതിലേക്ക് എത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

സുഹൈലിന്റെ അമ്മയും മോഫിയയെ നിരന്തരം മര്‍ദിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പിതാവ് യൂസഫ് മര്‍ദനത്തിന് കൂട്ടുനിന്നെന്നും പോലീസ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജീവ് ആണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ സുഹെല്‍ ജയിലിലാണ്. മാതാപിതാക്കള്‍ക്ക് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 21നാണ് സുഹൈലിന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കുന്നത്. ഇതിന് മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചതോടെ കേസില്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയാണ് പോലീസ് ലക്ഷ്യമിടുന്നത്. ഏകദേശം രണ്ട് മാസത്തോളം നീണ്ട അന്വേഷണത്തിന് ശേഷാണ് കുറ്റപത്രം അന്വേഷണ സംഘം സമര്‍പ്പിച്ചത്.
സുഹൈല്‍ പലതവണ മോഫിയയെ പീഡിപ്പിച്ചു.പണം ചോദിച്ച് മര്‍ദിച്ച കാര്യങ്ങളും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. അതേസമയം എഫ്‌ഐആറില്‍ മോഫിയയെ മാനസിക സമ്മര്‍ദത്തിലേക്ക് നയിച്ചതായി പരാമര്‍ശിക്കുന്ന ആലുവ മുന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുധീറിനെ കേസില്‍ പ്രതിയാക്കിയിട്ടില്ല. നേരത്തെ സുഹൈലിന് വധുവായി ഡോക്ടര്‍ വേണമെന്നായിരുന്നു മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ പേരിലാണ് മോഫിയ ക്രൂരപീഡനം ഏറ്റുവാങ്ങിയത്. നിക്കാഹിന് ശേഷവും ഡോക്ടറല്ലാത്തതിന്റെ പേരില്‍ മോഫിയയെ ഇവര്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ടായിരുന്നു.
സ്ത്രീധനത്തിന്റെ പേരില്‍ അടക്കം മാനസികവും ശാരീരികവുമായ ക്രൂര പീഡനങ്ങള്‍ മോഫിയക്ക് സഹിക്കേണ്ടി വന്നതിന്റെ തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. സുഹൈലില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മോഫിയയുടെ ശബ്ദസന്ദേശങ്ങളാണ് അന്വേഷണ സംഘം പരിശോധിച്ചത്. തനിക്ക് വിവാഹത്തിന് ശേഷം ലഭിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങളെ കുറിച്ച് മോഫിയ ഭര്‍ത്താവ് സുഹൈലിനോട് നിരവധി ശബ്ദസന്ദേശങ്ങളിലൂടെ അറിയിക്കുന്നുണ്ട്. എന്നാല്‍ സുഹൈല്‍ ഇതിലൊന്നിനും വ്യക്തമായ മറുപടി നല്‍കുന്നില്ല. സഹിക്കാനാവാത്ത പീഡനം കാരണം ഒരു നിമിഷം പോലും ജീവിച്ചിരിക്കാന്‍ താല്‍പര്യമില്ലെന്ന് പല ഘട്ടത്തിലും മോഫിയ ഭര്‍ത്താവിനോട് കരഞ്ഞ് പറയുന്നുണ്ട്.












Click it and Unblock the Notifications