Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇപ്പോഴിതാ കൊടുംവിഷം ശ്വസിക്കേണ്ട ഗതികേട്, കേരളം ഇതും അതിജീവിക്കും', പ്രതികരിച്ച് സുരഭി ലക്ഷ്മി

surabhi

കൊച്ചി: താരകേന്ദ്രീകൃതമായത് കൊണ്ട് തന്നെ ബ്രഹ്മപുരം വിഷപ്പുക പ്രശ്നത്തിൽ സിനിമാ രംഗത്ത് നിന്നും വലിയ പ്രതിഷേധമാണ് ഉയർന്ന് കൊണ്ടിരിക്കുന്നത്. മോഹൻലാലും മമ്മൂട്ടിയും മുതൽ നിരവധി പേർ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. തനിക്ക് ശ്വാസം മുട്ടുന്നുവെന്നാണ് മമ്മൂട്ടി പ്രതികരിച്ചത്. അതേസമയം മാലിന്യപ്രശ്നത്തെ കുറിച്ച് 5 വർഷത്തിന് മുൻപ് തന്നെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നുവെന്ന് മോഹൻലാൽ വ്യക്തമാക്കി.

ദേശീയ പുരസ്ക്കാര ജേതാവ് കൂടിയായ നടി സുരഭി ലക്ഷ്മിയുടെ ബ്രഹ്മപുരം വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്: 'ഏറെ ആലോചിച്ചു വിഷമത്തോടെയാണ് ഈ കുറിപ്പ് എഴുതുന്നത്. കൊച്ചിയുടെ ഇന്നത്തെ അവസ്ഥ ഏറെ വിഷമം ഉണ്ടാക്കുന്നതാണ്. സിനിമയ്ക്കായി ഇവിടേയ്ക്ക് കൂടുമാറി ചേക്കേറുമ്പോഴും ഒരു സുരക്ഷിതത്വം എന്നും തോന്നിയിരുന്നു. സുഹൃത്തുക്കൾക്കൊപ്പം കൂടാനും കഴിയാനും ജോലി ചെയ്യാനും എല്ലാത്തിനും പറ്റിയ ഒരിടം. ഇപ്പോ എല്ലാവരും കൊച്ചിയിൽ നിന്ന് രായ്ക്കുരാമാനം പറന്നകലുന്നു. ബ്രഹ്മപുരത്തെ മാലിന്യപ്ലാൻ്റിൽ നിന്ന് തീയും പുകയും ഉയരുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഞെട്ടിക്കുന്നതാണ്. അത് ഏറെ ബാധിക്കുന്നത് വൃദ്ധരെയും ഗർഭിണികളെയും കുഞ്ഞുമക്കളെയും.

ഈ വിഷപ്പുക ശ്വസിച്ചുകൊണ്ട് തന്നെ പറയട്ടെ, ആരോഗ്യപരമായ ജീവിതാന്തരീക്ഷം, നല്ല ഭക്ഷണവും വെള്ളവും, വസ്ത്രം തുടങ്ങിയവ മനുഷ്യൻ്റെ അടിസ്ഥാനപരമായ അവകാശങ്ങളാണ്. അന്തർദേശീയ തുറമുഖം, മെട്രോ റെയിൽ തുടങ്ങിയവ എല്ലാം കൊച്ചിയിലുണ്ടെന്ന് വീമ്പു പറഞ്ഞിരിക്കുമ്പോൾ തന്നെ കൊതുക് കയ്യിലെ ചോരയൂറ്റി നമ്മെ വലച്ചിരുന്നു. ഇപ്പോഴിതാ കൊടുംവിഷം ശ്വസിക്കേണ്ട ഗതികേട്. യുദ്ധവും കലാപവും മൂലം മനുഷ്യർ പലായനം ചെയ്യാൻ നിർബന്ധിതരാകുന്നത് ജീവിതത്തിലും സിനിമയിലുമൊക്കെ നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ പ്ലാസ്റ്റിക് കത്തിപ്പടരുന്ന സാഹചര്യത്തിൽ ഓടിപ്പോകേണ്ടി വരുന്നത് തീർത്തും ഗത്യന്തരമില്ലാതെ തന്നെയാണ്.

കോവിഡാനന്തര കാലത്ത് ശ്വാസകോശത്തിൻ്റെ ആരോഗ്യം എത്ര മാത്രം പ്രധാനപ്പെട്ടതാണ് എന്ന് ഞാൻ ഇവിടെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എത്ര പേരെ മരണം കൊണ്ടുപോയി.. എത്ര പേർ മരണം മുഖാമുഖം കണ്ട് തത്കാല ജാമ്യത്തിൽ ജീവിതത്തിലേക്ക് തിരികെ വന്നു.. ശ്വാസകോശത്തിന് താങ്ങാനാകാത്തത് കൊണ്ട് ഇനിയൊരു കോവിഡ് വരാതെ നോക്കാൻ ഡോക്ടർ താക്കീത് തന്നവർ എത്ര.. ആറടി താഴ്ചയിൽ പ്ലാസ്റ്റിക് മാലിന്യത്തിൽ തീ കത്തുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. സർക്കാരിൻ്റെ ഫയർ ഫോഴ്സിലെ, പോലീസ് വിഭാഗത്തിലെ എത്രയും പ്രിയപ്പെട്ട സഹോദരങ്ങൾ, സന്നദ്ധ സേവകർ ജീവൻ പണയപ്പെടുത്തി തീ കെടുത്താൻ ശ്രമിക്കുന്നത് കാണുന്നുമുണ്ട്.

Hair Tips: മുടി സംരക്ഷണത്തിന് പാലോ.? അമ്പരക്കേണ്ട സത്യമാണ്

വ്യാവസായികപരമായും സാമൂഹികപരമായും സാംസ്കാരികപരമായും ഇത്രയും പ്രധാനപെട്ട ഒരു ജില്ലയിൽ മനുഷ്യൻ്റെ ജീവന് ഭീഷണിയാകുന്ന പ്ലാൻ്റ് ഇത്രയും ഉദാസീനമായി കൈകാര്യം ചെയ്യാൻ എങ്ങനെ കഴിഞ്ഞു എന്നതാണ് അദ്ഭുതപെടുത്തുന്നത്. കോവിഡ് പരത്തിയ ഭീതി ഇനിയും വിട്ടു മാറാതെ, പ്രിയപെട്ടവരോട് പോലും അടുത്ത് മനസാൽ ഇടപഴകാൻ കഴിയാത്ത ഒരുപാട് പേർ നമുക്കിടയിലുണ്ട്. കോവിഡ് വീട്ടിനുള്ളിൽ ഇരിക്കാനാണ് നിർബന്ധിച്ചതെങ്കിൽ ഇന്നിപ്പോൾ ഇവിടംവിട്ടു പോകലാണ് പോംവഴിയാകുന്നത്. ഈ വിഷയത്തിൽ ഭരണകൂടത്തിൻ്റെ വ്യക്തമായ നിലപാട് എന്താണെന്ന് അറിയില്ല. ഓഖി ചുഴലിക്കാറ്റ്, രണ്ടു മഹാപ്രളയങ്ങൾ, നിപ വൈറസ്, കോവിഡ് മഹാമാരി, തീരദേശ പ്രക്ഷോഭങ്ങൾ തുടങ്ങിയവ അതിജീവിച്ച കേരളം ഇതും അതിജീവിക്കും എന്നതിൽ സംശയം ഒന്നുമില്ല.

പക്ഷേ പരസ്പരം പഴിചാരിയും കുറ്റപ്പെടുത്തിയും സ്വയം വെള്ളപൂശുന്നവർ അതെല്ലാം കഴിഞ്ഞ് ഇക്കാര്യത്തിൽ തങ്ങളുടെ ഉത്തരവാദിത്വം നടപ്പാക്കുമ്പോൾ എത്ര ജീവനുകൾ നഷ്ടപ്പെടും? എത്ര പേർ മാറാരോഗികകളാകും? കോവിഡ് കാലത്ത് ദിവസേന ഡിസ്പോസിബിൾ മാസ്ക് വാങ്ങാൻ പണമില്ലാതെ സ്വയം ഉപയോഗിച്ച മാസ്ക് കഴുകി വീണ്ടും ഉപയോഗിച്ച നിരവധി പേരുള്ള നാടാണ് കേരളം; അവർക്ക് ഗ്യാസ് മാസ്കും ഫിൽട്ടറും വാങ്ങാനുള്ള പാങ്ങുണ്ടാകുമെന്ന് തോന്നുന്നില്ല. സ്വന്തം വീടുവിട്ടു എങ്ങോട്ടെന്നില്ലാതെ പോകാൻ മനസ്സും ഉണ്ടാകില്ല. രാഷ്ട്രീയം മറന്ന് ഒന്നായി ഇക്കാര്യത്തിൽ എല്ലാവരും ഇടപെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കണം. ജീവനാണ് വലുത് എന്നത് ദയവായി മനസ്സിലാക്കണം. ഇനി ഇത് ഉണ്ടാകാതെ നോക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഞാനുൾപ്പെടെ എല്ലാവരും സുരക്ഷിതരായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+