മ്ലേച്ഛമായ കമന്റുകള്‍, സഭ്യമല്ലാത്ത ഭാഷ, ഫോട്ടോ ഉപയോഗിച്ചു; അവതാരക രഞ്ജിനി ഹരിദാസിനെതിരെ പരാതി
കൊച്ചി: അവതാരക രഞ്ജിനി ഹരിദാസിനെതിരെ പരാതി. തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിതാ തങ്കപ്പനാണ് എസ്പിക്ക് നല്‍കിയത്. സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാണ് നഗരസഭാ അധ്യക്ഷയുടെ പരാതിയുടെ ഉള്ളടക്കം. അഭിനേതാവായ അക്ഷയ് രാധാകൃഷ്ണനെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. തൃക്കാക്കരയില്‍ നായകളെ കൂട്ടമായി കൊന്നൊടുക്കിയ സംഭവത്തില്‍ രഞ്ജിനി ഹരിദാസ് ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ദിവസം നഗരസഭയ്ക്ക് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
പിന്നാലെയാണ് പരാതി നല്‍കിയിരിക്കുന്നത്. രഞ്ജിനി ഹരിദാസില്‍ നിന്ന് പോലീസ് മൊഴിയെടുക്കുമെന്നാണ് വിവരം. പ്രതിഷേധത്തിനും പരാതിക്കും കാരണമായ സംഭവം അറിയാന്‍ തുടര്‍ന്ന് വായിക്കുക....
കേക്ക് മുറിക്കുന്ന ദുല്‍ഖറിനെ ക്യാമറയിലാക്കി മമ്മൂട്ടി: വൈറലായി ബര്‍ത്ത് ഡെ ചിത്രങ്ങള്‍

തൃക്കാക്കര മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ തെരുവ് നായകളെ പിടികൂടി കൂട്ടത്തോടെ കുഴിച്ചുമൂടിയ സംഭവം വലിയ വിവാദമായിരുന്നു. മൃഗസ്‌നേഹികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. നായകളെ കൊല്ലുന്നതിന് കോഴിക്കോട് മാറാടുള്ള ചിലരോട് ആവശ്യപ്പെടുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി. മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

നഗരസഭാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജികുമാറിനെ ഇന്‍ഫോ പാര്‍ക്ക് പോലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇയാളാണ് നായകളെ കൊല്ലാന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് പോലീസ് നല്‍കുന്ന സൂചന. സജികുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്. ഇതിനെ എതിര്‍ക്കുമെന്ന് പോലീസ് അറിയിച്ചു.

നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് ചോദ്യം ചെയ്യാനിരിക്കുകയാണ്. ഇതിനിടെയാണ് രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മുന്‍സിപ്പാലിറ്റിക്ക് മുമ്പില്‍ പ്രതിഷേധം നടന്നത്. കണ്ണ് മൂടിക്കെട്ടിയായിരുന്നു രഞ്ജിനിയുടെ പ്രതിഷേധം. ഓഫീസിന് മുമ്പില്‍ പ്രതിഷേധക്കാര്‍ റീത്ത് വയ്ക്കുകയും ചെയ്തു.

നായകളെ കൊന്നവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മാറാട് സ്വദേശികളായ പ്രബീഷ്, രഘു, രഞ്ജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് നിര്‍ദേശം നല്‍കിയവരെ അറസ്റ്റ് ചെയ്യണമെന്നാണ് രഞ്ജിനി ഹരിദാസ് ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ രാജിവെക്കണമെന്നും നായകളെ കൊല്ലാന്‍ ഉത്തരവിട്ട ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

നായകളെ കൊല്ലുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പര്യാപ്തമായ നിയമം വേണം. വേഗത്തില്‍ ജാമ്യം ലഭിക്കുന്ന അവസ്ഥയാണിപ്പോള്‍. നൂറിലധികം നായകളെയാണ് കൊന്നുകുഴിച്ചുമൂടിയത്. നഗരസഭാ അധ്യക്ഷ നടത്തിയിരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. അവര്‍ രാജിവെക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ഓരോ നായകളെയും കൊല്ലുന്നതിന് അനുസരിച്ച് മാറാട് നിന്നെത്തിയവര്‍ക്ക് ഉദ്യോഗസ്ഥര്‍ കൂലി നല്‍കിയിരുന്നുവത്രെ. നഗരസഭയുടെ കമ്യൂണിറ്റി ഹാളിലാണ് തങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കിയത് എന്നും അറസ്റ്റിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളില്‍ നിന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി മൊഴിയെടുക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരിക്കെയാണ് രഞ്ജിനി ഹരിദാസിനെതിരെ ചെയര്‍പേഴ്‌സന്റെ പരാതി വന്നിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു. നഗരസഭയ്ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ്. തന്റെ ചിത്രം ഉപയോഗിച്ച് മോശമായ ഭാഷയില്‍ പ്രചാരണം നടത്തുക്കുന്നുണ്ട്. പലരുടെയും കമന്റുകള്‍ വളരെ മ്ലേച്ഛമാണെന്നും ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ പരാതിയില്‍ പറയുന്നു. സോഷ്യല്‍ മീഡിയ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് പരാതി.












Click it and Unblock the Notifications