സാക്ഷരതാ മിഷന്റെ ചേതന പദ്ധതിക്ക് തുടക്കം; ലക്ഷ്യം സാക്ഷരതാ നിരക്ക് വര്‍ധിപ്പിക്കല്‍
ഇടുക്കി: സംസ്ഥാന സാക്ഷരതാ മിഷന്റെ ചേതന സാക്ഷരതാ പദ്ധതി ഇടുക്കിയിലെ പാമ്പാടുംപാറ പഞ്ചായത്തില്‍ ആരംഭിച്ചു. ജില്ലയിലെ തിരഞ്ഞെടുത്ത ആറ് പഞ്ചായത്തുകളില്‍ സാക്ഷരതാ നിരക്ക് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള വിപുലമായ നവചേതന സാക്ഷരതാ പദ്ധതിയുടെ ഭാഗമാണ് ഇത്. സംസ്ഥാന സാക്ഷരതാ മിഷന്‍ അടുത്തിടെ ഒരു സര്‍വേ നടത്തിയിരുന്നു. ഈ സര്‍വേയിലാണ് പാമ്പാടുംപാറയിലെ വിവിധ കോളനികളില്‍ നിന്ന് 80 ഓളം പഠിതാക്കളെ കണ്ടെത്തിയത്.
വളരെക്കാലമായി അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവരായിരുന്നു ഇവര്‍. ഇവരെ നാലാം തരം തുല്യതാ പരീക്ഷയ്ക്ക് പ്രത്യേകം തയ്യാറാക്കിയ ക്ലാസുകളില്‍ പങ്കെടുപ്പിക്കും. ഈ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ഏഴാം ക്ലാസ്, പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള തുടര്‍ വിദ്യാഭ്യാസത്തിന് വഴിയൊരുക്കുകയും ചെയ്യുന്നതാണ് പദ്ധതി.

ഇടുക്കിയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ വിദ്യാഭ്യാസ അവസരങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായാണ് പദ്ധതിയെ കാണുന്നത്. സമ്പൂര്‍ണ സാക്ഷരത കൈവരിക്കുന്നതിനുള്ള കേരളത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളില്‍ നവചേതന സാക്ഷരതാ പദ്ധതി നിര്‍ണായക സ്ഥാനമാണ് വഹിക്കുന്നത്. 2018-ല്‍ ആണ് ഈ പദ്ധതി ആരംഭിക്കുന്നത്.
പട്ടികജാതി (എസ് സി) കമ്മ്യൂണിറ്റിയിലെ അംഗങ്ങളെ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ അസമത്വങ്ങള്‍ പരിഹരിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. സംസ്ഥാന സാക്ഷരതാ മിഷന്റെ സര്‍വേയെ തുടര്‍ന്ന് സംസ്ഥാനത്തെ 100 പട്ടികജാതി കോളനികളില്‍ പദ്ധതി നടപ്പാക്കി വരികയാണ്. ജനപ്രതിനിധികള്‍, പട്ടികജാതി സമുദായ വിദ്യാര്‍ഥികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്.
ഈ സര്‍വേയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസപരമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്ന കോളനികളെയാണ് ചേതന സാക്ഷരതാ പദ്ധതിക്കായി കണ്ടെത്തിയത്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും കോളനി നിവാസികളുടെ സജീവമായ സഹകരണത്തിലുമാണ് സാക്ഷരതാ പരിപാടി മുന്നോട്ട് പോകുന്നത്. സാമൂഹിക പ്രവര്‍ത്തകരും സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികളും ഉദ്യമത്തില്‍ പങ്കാളികളാണ്.
ഓരോ പഠന കേന്ദ്രത്തിലും തുടക്കത്തില്‍ 20 വിദ്യാര്‍ത്ഥികളെയാണ് പാര്‍പ്പിക്കുക. ആവശ്യമെങ്കില്‍ അധിക കേന്ദ്രങ്ങളും ഇന്‍സ്ട്രക്ടര്‍മാരേയും അനുവദിക്കും. യുനെസ്‌കോയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം കേരളം സമ്പൂര്‍ണ സാക്ഷരത നേടിയിട്ടുണ്ടെങ്കിലും ചില മേഖലകളില്‍ ഇപ്പോഴും വിദ്യാഭ്യാസപരമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ട്.
2011 ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്ത് 18 ലക്ഷം നിരക്ഷരരുണ്ട് എന്നാണ് കണ്ടെത്തിയത്. ഇവരില്‍ കൂടുതലും തീരദേശ മേഖലകളിലും ആദിവാസി മേഖലകളിലും കഴിയുന്നവരാണ്. ഇവരുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനാണ് ചേതന സാക്ഷരതാ പദ്ധതി ശ്രമിക്കുന്നത്.












Click it and Unblock the Notifications