121 ദിവസം മുന്‍പ് കാണാതായവരുടെ ശരീര ഭാഗങ്ങള്‍ കണ്ടെടുത്തു: കണ്ടെത്തിയത് എസ്ഡിപിഐ ആര്‍ജി ടീം
അടിമാലി: ഇടുക്കി വെള്ളത്തൂവലിനു സമീപം പന്നിയാര്‍കുട്ടി എസ്. വളവില്‍ ആഗസ്റ്റ് മാസം 15ന് പുലര്‍ച്ചെ ഒരു മണിയോടേയാണ് മൂന്നു ഉരുള്‍പൊട്ടലുകളുണ്ടായത്. ഉരുള്‍ പൊട്ടലില്‍ പ്രദേശവാസിയായ പുളിക്കകുടിയില്‍ മുഹമ്മദ് കുട്ടി, ഇയാളുടെ ഭാര്യ അസ്മ , ഇവരുടെ മകന്‍ മുഹ്സില്‍ എന്നിവരെ കാണാതാവുകയായിരുന്നു.
ദിവസങ്ങളോളം ഫയര്‍ഫോഴ്‌സും സേനയും തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹങ്ങള്‍ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ദിവസങ്ങളോളമായി കനത്ത വെള്ളപ്പാച്ചിലിനേയും കുത്തൊഴുക്കിനേയും അവഗണിച്ച് എസ്ഡിപിയുടെ ആര്‍.ജി ടീം നടത്തിയ പരിശോധനയില്‍ കാണാതയവരുടേതെന്നു സംശയിക്കുന്ന ശരീര ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.
ഉരുള്‍ പൊട്ടല്‍ നടന്ന പ്രദേശത്ത് മണ്ണും പാറക്കഷണങ്ങളും മരങ്ങളും നീക്കി ഒരു വിഭാഗം പ്രവര്‍ത്തിച്ചപ്പോള്‍ സ്‌കൂബാ ടീം പന്നിയാര്‍ പുഴയില്‍ പരിശോധന നടത്തി.മൂന്നു മണ്ണുമാന്തി യന്ത്രങ്ങളും ആര്‍.ജി ടീം അംഗങ്ങളും രണ്ടരയേക്കറോളം പ്രദേശത്തെ മണ്ണു ഇളക്കി പരിശോധിച്ചെങ്കിലും തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ പോലും കണ്ടെത്താനായില്ല. ഇതോടെ മൃതശരീരങ്ങള്‍ പുഴയില്‍ പതിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പന്നിയാര്‍ പുഴയില്‍ തിരച്ചില്‍ നടത്താന്‍ ആര്‍.ജി സംഘം തീരുമാനിച്ചത്. തിരച്ചില്‍ ഇന്നും തുടരുകയാണ്.