ഇടുക്കിയില്‍ ഇത്തവണ സ്ഥാനാര്‍ത്ഥികളുടെ ഹാട്രിക് പോരാട്ടം? ജോയ്‌സും ഡീനും വീണ്ടും മത്സരിച്ചേക്കും
ഇടുക്കി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ നിന്ന് മുന്‍ എം പി അഡ്വ ജോയ്‌സ് ജോര്‍ജ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായേക്കും. സി പി എം ജില്ലാ സെക്രട്ടറിയേറ്റില്‍ ഇത് സംബന്ധിച്ച് ധാരണയായി എന്നാണ് വിവരം. ജോയ്‌സ് ജോര്‍ജിന്റെ പേര് മാത്രമാണ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത് എന്നാണ് അനൗദ്യോഗികമായി പുറത്ത് വരുന്ന വിവരം.
2014 ല്‍ ഇടുക്കി ജോയ്‌സ് ജോര്‍ജിലൂടെ ഇടതുപക്ഷം സ്വന്തമാക്കിയിരുന്നു. ഫ്രാന്‍സിസ് ജോര്‍ജിന് ശേഷം ഇടുക്കിയില്‍ ജയിക്കാന്‍ എല്‍ ഡി എഫിന് ഇതുവഴി സാധിച്ചിരുന്നു. എന്നാല്‍ 2019 ല്‍ ജോയ്‌സ് ജോര്‍ജ് പരാജയപ്പെട്ടു. 2014 ല്‍ ജോയ്‌സ് ജോര്‍ജ് പരാജയപ്പെടുത്തിയ ഡീന്‍ കുര്യാക്കോസ് ആയിരുന്നു കഴിഞ്ഞ തവണ മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചത്. ഇത്തവണയും ഡീന്‍ കുര്യാക്കോസ് തന്നെയായിരിക്കും യു ഡി എഫ് സ്ഥാനാര്‍ത്ഥി.

അങ്ങനെയെങ്കില്‍ ഇരുമുന്നണികളില്‍ നിന്നുമുള്ള സ്ഥാനാര്‍ത്ഥികള്‍ ഹാട്രിക് പോരാട്ടത്തിനായിരിക്കും ഇത്തവണ രംഗത്തിറങ്ങുക. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി ബി ജെ പി നേതാവ് എന്‍ ഹരി എത്തിയേക്കും എന്നാണ് വിവരം. 2014 ല്‍ കസ്തൂരിരംഗന്‍ - ഗാഡ്ഗില്‍ വിഷയം കത്തിനിന്ന 2014 ലാണ് ഡീന്‍ കുര്യാക്കോസും ജോയ്‌സ് ജോര്‍ജും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.
ക്രൈസ്തവ സഭയുടെ എതിര്‍പ്പുള്ളതിനാല്‍ പി ടി തോമസിന് പകരമായിരുന്നു ഡീന്‍ കുര്യാക്കോസിന് കോണ്‍ഗ്രസ് അവസരം നല്‍കിയത്. സഭയുടെ പിന്തുണ ലക്ഷ്യമിട്ടായിരുന്നു ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയോടെ ജോയ്‌സ് ജോര്‍ജിനെ സി പി എം മത്സരിപ്പച്ചത്. ആ നീക്കം ഫലം കാണുകയും ചെയ്തു. എന്നാല്‍ 2019 ഈ നീക്കം വിജയം കണ്ടില്ല. സംസ്ഥാനമാകെ ആഞ്ഞടിച്ച യു ഡി എഫ് തരംഗത്തില്‍ ഡീനും ജയിച്ച് കയറി.
ഇത്തവണ ജോയ്‌സ് ജോര്‍ജിലൂടെ മണ്ഡലം തിരിച്ചുപിടിക്കാം എന്നാണ് എല്‍ ഡി എഫ് പ്രതീക്ഷ. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് യു ഡി എഫ് വിട്ടതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. കോട്ടയത്തിന് സമാനമായി ഇടുക്കിയിലും ഈ മുന്നണി മാറ്റം എങ്ങനെ സ്വാധീനിക്കും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. എന്നാല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി ആര് വന്നാലും ഇടുക്കി യു ഡി എഫിനൊപ്പമായിരിക്കും എന്നാണ് ഡീന്‍ കുര്യാക്കോസ് പറയുന്നത്.












Click it and Unblock the Notifications