മുല്ലപെരിയാര്‍, ഇടുക്കി അണക്കെട്ടുകളുടെ ജലനിരപ്പില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി റോഷി അഗസ്റ്റിന്‍
ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതോടെയാണ് മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകള്‍ ഇന്ന് രാവിലെയോടെ തുറന്നത്. മുല്ലപ്പെരിയാര്‍ രാവിലെ എട്ട് മണിക്കും ഇടുക്കി ചെറുതോണി അണക്കെട്ട് രാവിലെ പത്ത് മണിക്കുമാണ് തുറന്നത്. അണക്കെട്ടുകള്‍ തുറന്നതില്‍ ആശങ്ക വേണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. വെള്ളാപ്പാറ ഡിടിപിസി ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ജല നിരപ്പ് റൂള്‍ കര്‍വില്‍ എത്തുന്നതിനു മുമ്പ് തന്നെ ഡാം തുറന്ന് ജലം പുറത്തേക്ക് ഒഴുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായ സാഹചര്യത്തില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിക്കുകയും മുല്ലപ്പെരിയാര്‍ പദ്ധതിപ്രദേശത്ത് ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് മുല്ലപെരിയാര്‍, ഇടുക്കി ഡാമുകളുടെ ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കേണ്ടി വന്നത്.

എന്നാല്‍ ഇത് സംബന്ധിച്ച് ആശങ്കയുടെ യാതൊരു സാഹചര്യങ്ങളും ഇല്ലെന്നും ജില്ലാ ഭരണകൂടത്തിന്റെയും വൈദ്യുതി വകുപ്പിനെയും നിയന്ത്രണത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു. റവന്യു മന്ത്രി, വൈദ്യുതി വകുപ്പ് മന്ത്രിമാര്‍ നിരന്തരം ഫോണിലൂടെ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ദുരന്ത ബാധിത പ്രദേശങ്ങളില്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ ജാഗരൂകരായാണ് പ്രവര്‍ത്തിക്കുന്നത്.
സുരക്ഷയുടെ ഭാഗമായി ഏതു സാഹചര്യത്തിലും ഡാം തുറക്കാനും അടയ്ക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു. അതേസമയം മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് എന്ന ആശയത്തിന് ഇരുസംസ്ഥാനങ്ങളുടെയും കൂട്ടായ ശ്രമം ആവശ്യമുള്ളതിനാല്‍ അത്തരത്തില്‍ തമിഴ്‌നാടുമായി ചേര്‍ന്നുള്ള കൂടിയാലോചനകള്‍ ഏറെ ആശാവഹമാണന്നും മന്ത്രി കൂടിച്ചേര്‍ത്തു. അതേസമയം, ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ രാവിലെ 10 മണി മുതല്‍ 40 സെന്റീമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെ ഉയര്‍ത്തി ഏകദേശം 40 കുമെക്സ് ജലം പുറത്തേക്ക് ഒഴുക്കുന്നു. 2399.44 അടി എത്തിയപ്പോഴാണ് ഡാം തുറന്നത്.
അതേസമയം, മുന്നറിയിപ്പ് നല്‍കാതെ തമിഴ്‌നാട് ആളിയാര്‍ തുറന്നെന്ന പരാതി. ഇതോടെ പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്കുണ്ടായി. ചിറ്റൂര്‍ പുഴ നിറഞ്ഞൊഴുകുകയാണെന്നാണ് വിവരം. യാക്കരപുഴയിലേക്കും വെള്ളമെത്തിയിരുന്നു. എന്നാല്‍ ഡാം തുറക്കുന്ന കാര്യം നേരത്തെ അറിയിച്ചെന്നാണ് തമിഴ്‌നാട് അറിയിക്കുന്നത്. ഡാം തുറന്ന സാഹചര്യത്തില്‍ പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പുഴയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications