വണ്ടിപ്പെരിയാർ: ബന്ധുക്കൾക്ക് പോലും സംശയമുണ്ടായില്ല; കേസ് തെളിയിച്ചത് പൊലീസിന്റെ കൃത്യമായ ഇടപ്പെടൽ
എംഎൽഎയുടെ ആവശ്യം മറികടന്ന് പോസ്റ്റ്‌മോർട്ടം;പിന്നാലെ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന പീഡനവിവരം
പീരുമേട്: ഏതൊരാളുടെയും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂരമായ വാർത്തയാണ് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇടുക്കി വണ്ടിപ്പെരിയാറ്റിൽ നിന്നും റിപ്പോർട്ട് ചെയ്തത്. ആറു വയസുകാരിയെ മൂന്ന് വർഷത്തോളം പീഡിപ്പിച്ച ശേഷം കഴിഞ്ഞ ജൂൺ 30ന് അയൽവാസികൂടിയായ യുവാവ് കൊലപ്പെടുത്തുകയായിരുന്നു. കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി മരിച്ചതാണെന്നാണ് തുടക്കത്തിൽ എല്ലാവരും വിശ്വസിച്ചിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് സംഭവത്തിലെ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളെല്ലാം പുറത്തുകൊണ്ടുവന്നത്.
കേട്ടറിവിനേക്കാൾ വലുതാണ് മോഹൻലാൽ എന്ന മെഗാസ്റ്റാർ; ലാലേട്ടന്റെ അറിയാക്കഥകൾ

തുടക്കത്തിൽ സ്ഥലം എംഎൽഎ വാഴൂർ സോമനടക്കം പൊലീസിനോട് പോസ്റ്റ്മോർട്ടം നടത്തേണ്ടെന്ന് പറഞ്ഞിരുന്നതായാണ് ആരോപണം. അദ്ദേഹം അതിനെ തള്ളുകയും ചെയ്തിട്ടുണ്ട്. എന്ത് തന്നെയായാലും ഇത്തരം ഇടപ്പെടലുകളെല്ലാം അവഗണിച്ച് പോസ്റ്റ്മോർട്ടവുമായി മുന്നോട്ട് പോയ പൊലീസ് നടപടിയാണ് സംഭവത്തിന്റെ ചുരുൾ അഴിക്കുന്നത്. അപകട മരണമെന്ന് കരുതിയത് പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമെന്ന് കണ്ടെത്തി. കൂടാതെ കുട്ടി ക്രൂര പീഡനത്തിന് ഇരയായതായും റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു.

ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രദേശത്തെ സജീവ ഡിവൈഎഫ്ഐ പ്രവർത്തകൻ കൂടിയായ അർജുൻ എന്ന 22കാരൻ അറസ്റ്റിലാകുന്നത്. പരാതിയൊന്നുമില്ലാതിരുന്ന ഒരു കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് പ്രതിയെ കുടുക്കിയത്. ഇതിന് ശേഷമാണ് ക്രൂരമായ പീഡനവിവരം പെൺകുട്ടിയുടെ വീട്ടുകാർ പോലും അറിയുന്നത്. മൂന്ന് വയസ് മുതൽ അർജുൻ കുട്ടിയെ പീഡിപ്പിച്ചുവരുകയായിരുന്നു.

തുടക്കം മുതൽ പൊലീസിന്റെ കൃത്യമായ ഇടപ്പെടലും നിരീക്ഷണവുമാണ് കേസിനെ മുന്നോട്ട് നയിച്ചത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനെ തുടക്കത്തിൽ ബന്ധുക്കൾ വരെ എതിർത്തിരുന്നു. എന്നാൽ അസ്വാഭാവിക മരണമെല്ലാം പോസ്റ്റുമോർട്ടം ചെയ്യണമെന്ന കേരള മെഡിക്കോ ലീഗൽ കോഡിന്റെയും സിആർപിസി 174-ാം വകുപ്പും അനുസരിച്ചാണ് പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചത്.

അതേസമയം തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സ്ഥലം എംഎൽഎ വാഴൂർ സോമൻ പറഞ്ഞു. "സംഭവത്തിന് ശേഷം, കുട്ടിയുടെ ശരീരത്തിൽ പോസ്റ്റ്‌മോർട്ടം നടത്താൻ ആഗ്രഹിക്കുന്നില്ലെന്ന് ബന്ധുക്കൾ എന്നോട് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കുന്നതിനോട് ഇവിടെ താമസിക്കുന്നവരുടെ സാംസ്കാരികമായ എതിർപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. എന്നാൽ നിയമപ്രകാരം നടപടിയെടുക്കാനാണ് ഞാൻ പൊലീസിനോട് നിർദേശിച്ചത്."വാഴൂർ സോമൻ പറഞ്ഞു.

എന്നാൽ എംഎൽഎയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്. എംഎൽഎ നിരുത്തരവാദപരമായി പെരുമാറിയെന്നും അന്വേഷണത്തിൽ ഇടപെടാൻ ശ്രമിച്ചതായും ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ആരോപിച്ചു. "പ്രകൃതിവിരുദ്ധമായ മരണത്തിൽ ഒരു എംഎൽഎയ്ക്ക് എങ്ങനെ അത്തരമൊരു അഭ്യർത്ഥന നടത്താനാകും? പോസ്റ്റ്‌മോർട്ടം ഒഴിവാക്കാൻ പ്രതി തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചുവെന്ന് ഞങ്ങൾ സംശയിക്കുന്നു." അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഡിവൈഎഫ്ഐ പ്രതിയെ ഒരു തരത്തിലും സംരക്ഷിക്കുകയില്ലെന്ന് പ്രാദേശിക നേതൃത്വം വൺ ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി. കേസിൽ പ്രതിയായ അർജുനെ പാർട്ടി അന്ന് തന്നെ അംഗത്വത്തിൽ നിന്ന് പുറത്താക്കിയതാണെന്നും യാതൊരു വിധത്തിലുള്ള പിന്തുണയും പാർട്ടിയിൽ നിന്ന് അർജുന് ലഭിക്കില്ലെന്നും ഡിവൈഎഫ്ഐ അറിയിച്ചു.

നേരത്തെ മുതൽ തന്നെ പ്രതിക്ക് രാഷ്ട്രീയ പിന്തുണ ഉണ്ടെന്നും ഡിവൈഎഫ്ഐയും സിപിഎം പ്രതിയെ സംരക്ഷിക്കാൻ ശ്രമം നടത്തുകയാണെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസും യുവമോർച്ചയും രംഗത്തെത്തിയിരുന്നു. എംഎൽഎ ഇത്തരമൊരു അഭ്യർത്ഥന നടത്തിയതുമായി ബന്ധപ്പെട്ട് വരുന്ന റിപ്പോർട്ടുകൾ ഇത്തരം ആരോപണങ്ങൾക്ക് മൂർച്ഛ കൂട്ടുന്നതാണ്.












Click it and Unblock the Notifications