മൂന്ന് ബസ്സുകൾ പ്രളയത്തിൽ മുങ്ങി, ആന്ധ്രപ്രദേശിൽ 12 മരണം, 18 പേരെ കാണാതായി
ഹൈദരാബാദ്: പ്രളയത്തില്‍ മുങ്ങിയ ആന്ധ്രപ്രദേശില്‍ 12 മരണം. ആന്ധ്രപ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ്സുകള്‍ ഒഴുക്കില്‍പ്പെട്ടാണ് അപകടം. മൂന്ന് ബസ്സുകള്‍ ആണ് അപകടത്തില്‍പ്പെട്ടത്. ബസ്സുകളില്‍ ആകെ മുപ്പത് പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 12 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 18 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
കടപ്പ ജില്ലയില്‍ കനത്ത മഴയില്‍ യാത്രക്കാരടങ്ങിയ ബസ്സുകള്‍ കുടുങ്ങിപ്പോവുകയായിരുന്നു. മണ്ഡപല്ലേ, അകേപടു, നന്ദലൂര്‍ എന്നിവിടങ്ങളിലായിട്ടാണ് ബസ്സുകള്‍ വെള്ളക്കെട്ടുകളില്‍ മുങ്ങിപ്പോയത്. യാത്രക്കാരില്‍ ചിലരും ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ബസ്സിന് മുകളില്‍ കയറി രക്ഷപ്പെട്ടു. ചിലരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ നടക്കുകയാണ്.

നന്ദലൂരിലെ ആര്‍ടിസി ബസ്സില്‍ നിന്നാണ് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏഴ് പേരുടെ മൃതദേഹങ്ങള്‍ ഗുണ്ട്‌ലൂരുവില്‍ നിന്നും മൂന്ന് പേരുടെ മൃതദേഹങ്ങള്‍ രായവരം മേഖലയില്‍ നിന്നും കണ്ടെത്തി. കനത്ത മഴയില്‍ അന്നമായ്യ ജലപദ്ധതിയുടെ ബണ്ട് തകര്‍ന്നതിനെ തുടര്‍ന്നാണ് ചെയ്യേരു നദി കരകവിഞ്ഞ് ഒഴുകി സമീപപ്രദേശങ്ങള്‍ പ്രളയത്തിലായത്. മിന്നല്‍ പ്രളയത്തില്‍ ഗുണ്ട്‌ലുരു, ശേഷമംമ്പപുരം, മണ്ടപല്ലേ, രാജംപേട്ട് അടക്കമുളള മേഖലകള്‍ എല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്.
കണ്ട് ആരും കണ്ണ് വെയ്ക്കേണ്ട, മഞ്ഞ ഗൗണില്‍ ദേവതയെ പോലെ ഭാവന, ചിത്രങ്ങള്‍
പ്രളയത്തില്‍ ബസ്സുകള്‍ മുങ്ങിക്കിടക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു ബസ് പൂര്‍ണമായും വെള്ളത്തില്‍ ഒഴുകിപ്പോയി മുങ്ങിയ നിലയിലാണ്. മറ്റൊരു ബസ്സിന് മുകളില്‍ യാത്രക്കാര്‍ കയറി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഏതാനും ദിവസങ്ങളായി ആന്ധ്രപ്രദേശില്‍ കനത്ത മഴ തുടരുകയാണ്. അതിനിടെ അനന്ദപൂര്‍ ജില്ലയിലെ വെല്‍ദുരുത്തിയില്‍ മഴയില്‍ കുടുങ്ങിയ പത്ത് പേരെ എയര്‍ലിഫ്റ്റിംഗിലൂടെ രക്ഷപ്പെടുത്തി. ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് ആളുകളെ രക്ഷപ്പെടുത്തിയത്.
ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, റവന്യൂ, അഗ്നിശമന സേന, നീന്തല്‍ വിദഗ്ധര്‍ അടക്കമുളളവരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത് എന്ന് പോലീസ് അറിയിച്ചു. പെന്ന റിവര്‍ നിറഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് അനന്തപൂര്‍ ജില്ലയിലെ സാസനകോട്ട ഗ്രാമത്തില്‍ കുടുങ്ങിപ്പോയ രണ്ട് യുവാക്കളെയും പോലീസും പ്രദേശവാസികളും ചേര്‍ന്ന് രക്ഷപ്പെടുത്തി പുറത്ത് എത്തിച്ചിരുന്നു. സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്. മഴ ദുരിതം വിതച്ച ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നെല്ലൂര്‍, കടപ്പ, ചിറ്റൂര്‍ ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ സര്‍ക്കാര്‍ മൂന്ന് പ്രത്യേക ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications