ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ 2 എഫ്ഐആർ രജിസ്റ്റർ ചെയ്തു: ഗുരുതരമായ ആരോപണങ്ങള്‍
ഡൽഹി: ബി ജെ പി എംപിയും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ തലവനുമായ ബ്രിജ് ഭൂഷൺ ശരൺ സിംങിനെതിരായ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ഡല്‍ഹി പൊലീസ്. ഗുരുതരമായ ആരോപണങ്ങളാണ് എംപിക്കെതിരെ എഫ് ഐ ആറിലുള്ളത്. എന്നാല്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പടേയുള്ള വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ പത്ത് പരാതികളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ബ്രിജ് ഭൂഷൺ ശരൺ സിംങിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഡല്‍ഹിയിലെ കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. എംപിക്കെതിരായ പരാതികള്‍ ഏപ്രില്‍ 21ന് ലഭിച്ചെന്നും രണ്ട് എഫ്‌ഐആറുകള്‍ ഏപ്രില്‍ 28 ന് രജിസ്റ്റര്‍ ചെയ്തെന്നും പോലീസ് പറഞ്ഞു. മൂന്നുവര്‍ഷത്തെ തടവുശിക്ഷ ലഭിക്കാവുന്ന 354, 354(എ), 354(ഡി), 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഗുസ്തി ഫെഡറേഷന്‍ മേധാവി ലൈംഗിക ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഗുസ്തി താരങ്ങളെ ലൈംഗിക ഉദ്ധേശത്തോടെ സ്പര്‍ശിച്ചെന്നും പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടികളുടെ നെഞ്ചില്‍ കൈ വെച്ചെന്നും എഫ് ഐ ആറില്‍ പരാമര്‍ശമുണ്ട്. വനിതാ അത്‌ലറ്റുകളോട് അസഭ്യം പറയുകയും വ്യക്തിപരമായ കാര്യങ്ങള്‍ ചോദിച്ചെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്.
അതേസമയം, തനിക്കെതിരായ എല്ലാ ആരോപണങ്ങളും ബ്രിജ് ഭൂഷൺ ശരൺ സിംഗ് നിഷേധിച്ചു. "എനിക്കെതിരായ ഒരു ആരോപണം തെളിയിക്കപ്പെട്ടാൽ, ഞാൻ തൂങ്ങിമരിക്കും, പരാതിക്കാരുടെ കയ്യില്‍ എന്തെങ്കിലും തെളിവുണ്ടെങ്കിൽ, അത് കോടതിയിൽ ഹാജരാക്കുക, ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ്," - അദ്ദേഹം പറഞ്ഞു.
ആദ്യത്തെ എഫ് ഐ ആറില്‍ ആറ് ഒളിമ്പ്യന്‍മാരുടെ ആരോപണങ്ങളാണ് പരാമര്‍ശിക്കുന്നത്. രണ്ടാമത്തെ എഫ്‌ഐആറില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പിതാവ് ഉന്നയിച്ച ആരോപണങ്ങളും വ്യക്തമാക്കുന്നു. ഫോട്ടോ എടുക്കാനെന്ന വ്യാജേന ബ്രിജ് ഭൂഷണ്‍ സിംഗ് തന്നെ മുറുകെ പിടിച്ചു. പെണ്‍കുട്ടിയുടെ തോളില്‍ കൈ അമര്‍ത്തി മനഃപ്പൂര്‍വ്വം സ്പര്‍ശിച്ചുവെന്നും പരാതിയിലുണ്ട്.
അതേസമയം, ഗുസ്തി ഫെഡറേഷന്‍ തവലന്‍ സ്ഥാനത്ത് നിന്നും ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ മാറ്റുകയും ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം രാജ്യതലസ്ഥാനത്ത് തുടരുകയാണ്. സമരത്തിന്റെ അടുത്ത ഘട്ടത്തെപ്പറ്റി ചർച്ച ചെയ്യാൻ ഹരിയാനയിലെ കുരുക്ഷേത്രയിൽ ഇന്നു വീണ്ടും മഹാപഞ്ചായത്ത് ചേരുന്നുണ്ട്. കർഷകസംഘടനാ നേതാക്കളും മറ്റും ഇതിൽ ഭാഗമാകും.












Click it and Unblock the Notifications