പ്രതിപക്ഷ നീക്കത്തില്‍ പതറി ബിജെപി; എന്‍ഡിഎ വിപുലീകരിക്കാന്‍ തിരക്കിട്ട നീക്കം
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിശാല ഐക്യത്തിനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങളില്‍ ബിജെപിക്ക് ആശങ്ക. ജൂണ്‍ 12 ന് വിശാല പ്രതിപക്ഷത്തിനായി പാര്‍ട്ടികള്‍ യോഗം ചേരാനിരിക്കെ എന്‍ഡിഎ വിപുലീകരിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. 2019 ന് ശേഷം എന്‍ഡിഎ വിട്ട് പോയവരെ മടക്കിക്കൊണ്ടുവരാനുള്ള നീക്കമാണ് ബിജെപിയുടെ ഭാഗത്ത് നിന്ന് നടക്കുന്നത്.
അടുത്തിടെ നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയവും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളുമാണ് ബിജെപിയെ ഇതിലേക്ക് എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ ജെഡിഎസ്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ ടിഡിപി, പഞ്ചാബില്‍ ശിരോമണി അകാലിദള്‍ എന്നിവരുമായി പാര്‍ട്ടി നേതൃത്വം സഖ്യ ചര്‍ച്ചകള്‍ പുനരാരംഭിച്ചതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുമായും തമിഴ്നാട്ടില്‍ എഐഎഡിഎംകെയുമായും വലിയ ഉലച്ചിലില്ലാതെ മുന്നോട്ടുപോകാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവയുള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളിലെ ചെറിയ സഖ്യകക്ഷികളുമായി നേതൃത്വം ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും വൃത്തങ്ങള്‍ അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിജെപി മുഖ്യമന്ത്രിമാരുമായും ഉപമുഖ്യമന്ത്രിമാരുമായും നടത്തിയ കൂടിക്കാഴ്ചയില്‍, പ്രാദേശിക പാര്‍ട്ടികളെ ഉള്‍ക്കൊള്ളാന്‍ തയ്യാറായിരിക്കണം എന്ന് നരേന്ദ്ര മോദി നിര്‍ദേശിച്ചതായാണ് വിവരം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ടിഡിപി, ഉദ്ധവ് ശിവസേന, ശിരോമണി അകാലിദള്‍, ജെഡിയു തുടങ്ങിയവര്‍ എന്‍ഡിഎയില്‍ നിന്ന് പുറത്തായത് പ്രാദേശിക പാര്‍ട്ടികളെ അംഗീകരിക്കില്ലെന്ന പ്രതിച്ഛായ പാര്‍ട്ടിക്ക് പൊതുസമൂഹത്തില്‍ നല്‍കിയിട്ടുണ്ടെന്നാണ് ബിജെപി നേതാക്കള്‍ പോലും സമ്മതിക്കുന്നത്.

ബിജെപിയുടെ സൗഹൃദകക്ഷികള്‍ എന്ന വിശേഷണമുള്ള ആന്ധ്രാപ്രദേശിലെ വൈഎസ്ആര്‍സിപി, ഒഡിഷയിലെ ബിജെഡി എന്നിവര്‍ അതത് സംസ്ഥാനങ്ങളില്‍ കരുത്തരാണ്. എന്നാല്‍ എന്‍ഡിഎയുടെ ഭാഗമാകാന്‍ ഇവര്‍ ഇതുവരെ തയ്യാറായിട്ടില്ല. കാര്‍ഷിക നിയമങ്ങളുടെ പേരില്‍ എന്‍ഡിഎ വിട്ട ശിരോമണി അകാലിദളിനോടുള്ള അതൃപ്തി മാറ്റിവയ്ക്കാന്‍ ബിജെപി നേതൃത്വം തീരുമാനിച്ചതായാണ് സൂചന.
കാര്‍ഷിക നിയമം റദ്ദാക്കിയ സ്ഥിതിക്ക് അകാലിദളിന് ബിജെപി സഖ്യത്തോട് എതിര്‍പ്പുണ്ടാകാന്‍ സാധ്യതയില്ല. മാത്രമല്ല ജലന്ധര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഏകദേശം തുല്യവോട്ടുകളാണ് നേടിയത്. കോണ്‍ഗ്രസ് കോട്ടയായ ഇവിടെ ആം ആദ്മി 34.1 ശതമാനം വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ ശിരോമണി അകാലിദള്‍, ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് യഥാക്രമം 17.9 ശതമാനം, 15.2 ശതമാനം വോട്ടുകള്‍ ലഭിച്ചു.
ഈ രണ്ട് വോട്ടുകളും ചേര്‍ന്നാല്‍ ആം ആദ്മിയുടെ വോട്ട് വിഹിതത്തോട് തുല്യമാകും എന്നതാണ് ബിജെപിയെ അകാലിദള്‍ ബന്ധത്തിനായി പ്രേരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ നിലപാടുകള്‍ മാറ്റാന്‍ മടിയില്ലാത്ത പാര്‍ട്ടിയാണ് ബിജെപിയെന്നും അതിനാല്‍ ഈ സഖ്യം വീണ്ടും സാധ്യമായേക്കുമെന്നുമാണ് പഞ്ചാബില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് പറയുന്നത്. കഴിഞ്ഞ വര്‍ഷം പഞ്ചാബ് തെരഞ്ഞെടുപ്പില്‍ 117 ല്‍ മൂന്ന് സീറ്റുകള്‍ മാത്രമാണ് അകാലിദളിന് നേടാനായത്.
അതിനാല്‍ ശിരോമണി അകാലിദളിന്റെ നിലനില്‍പ്പിനും എന്‍ഡിഎ സഖ്യം അനിവാര്യമാണ്. കര്‍ണാടകയിലെ പ്രബലരായ ജെഡിഎസാണ് ബിജെപി കണ്ണുവെക്കുന്ന മറ്റൊരു പാര്‍ട്ടി. ബാലസോര്‍ ട്രെയിന്‍ ദുരന്തം കൈകാര്യം ചെയ്തതിന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ മുന്‍ പ്രധാനമന്ത്രി ദേവഗൗഡ പുകഴ്ത്തിയത് ഉള്‍പ്പെടെയുള്ള ജെഡിഎസ് നേതാക്കളുടെ സമീപകാല പ്രസ്താവനകള്‍ വിരല്‍ ചൂണ്ടുന്നതും അതിലേക്ക് തന്നെ.
തെലങ്കാനയില്‍ ടിഡിപിയെ ആണ് ബിജെപി ആശ്രയിക്കുന്നത്. തെലങ്കാനയിലാകെ ടിഡിപിക്ക് ശക്തിയില്ലെങ്കിലും സ്വാധീനമുള്ള മേഖലകള്‍ ഉണ്ട്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍സിപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കി ആന്ധ്രാപ്രദേശില്‍ വീണ്ടും അധികാരത്തിലെത്താനുള്ള ശ്രമത്തിനായി ബിജെപി സഹായം തേടുക എന്നതാണ് ടിഡിപിയുടെ ലക്ഷ്യം.
ഈ രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് ഒതുക്കാനാണ് ബിജെപി പ്രാഥമികമായി ആഗ്രഹിക്കുന്നത്. മഹാരാഷ്ട്രയില്‍ നിലവില്‍ ഷിന്‍ഡെയുമായി ഒന്നിച്ച് നീങ്ങുക എന്നതാണ് പദ്ധതി. യുപിയില്‍ അപ്നാ ദളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ബിജെപി പുതിയ ശ്രമങ്ങള്‍ ആരംഭിക്കുന്നുണ്ട് എന്നാണ് വിവരം. കേരളത്തില്‍ ക്രിസ്ത്യന്‍ സ്വാധീനമുള്ള പാര്‍ട്ടികളേയും ബിജെപി ലക്ഷ്യമിടുന്നുണ്ട്.












Click it and Unblock the Notifications